From the print
യു എസ് എയ്ഡ് ഫണ്ട്: മോദിയെ പരാമർശിച്ച് ട്രംപ്; ഇന്ത്യക്കും പണം നൽകി
സുഹൃത്തിന് ഫണ്ട് അനുവദിച്ചു

വാഷിംഗ്ടൺ/ ന്യൂഡൽഹി | ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ജനപ്രാതിനിധ്യം ഉറപ്പാക്കാൻ നീക്കിവെച്ച തുക റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൂടുതൽ പേരെ തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കാൻ ഇന്ത്യക്കും യു എസ് എയ്ഡ് 21 മില്യൺ ഡോളർ സഹായം അനുവദിച്ചതായി ട്രംപ് ആവർത്തിച്ചു. ഫണ്ട് അനുവദിച്ചത് ബംഗ്ലാദേശിനാണെന്നും ഇന്ത്യക്കല്ലെന്നും ദേശീയ മാധ്യമം റിപോർട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടപെടാനാണ് ഫണ്ട് നൽകിയതെന്ന് നേരത്തേ വ്യക്തമാക്കിയ ട്രംപ് ഇതാദ്യമായാണ് മോദിയുടെ പേര് പരാമർശിക്കുന്നത്. “വോട്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നതിന് എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കും 21 ദശലക്ഷം ഡോളർ നൽകി. യു എസിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കണ്ടേ’യെന്നും ട്രംപ് ചോദിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ യു എസിലെ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള മുൻ ഭരണകൂടം ശ്രമിച്ചെന്നാണ് ട്രംപ് നേരത്തേ പറഞ്ഞത്. ഇന്ത്യയിൽ മറ്റാരെയോ അധികാരത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബൈഡൻ ഭരണകൂടം ഫണ്ട് അനുവദിച്ചതെന്നായിരുന്നു ട്രംപിന്റെ പരാമർശം.
ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് ബംഗ്ലാദേശിന് 29 മില്യൺ ഡോളറാണ് യു എസ് എയ്ഡ് അനുവദിച്ചത്. ആരും തന്നെ കേൾക്കാത്ത സ്ഥാപനത്തിലേക്കാണ് പണം പോയത്. അവിടെ രണ്ട് പേർ മാത്രമാണ് ജോലിയിലുണ്ടായിരുന്നതെന്നും ട്രംപ് പറഞ്ഞു.
ബി ജെ പി നേട്ടമുണ്ടാക്കി
ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ബി ജെ പിക്കെതിരെ ആരോപണവുമായി കോൺഗ്രസ്സ് രംഗത്തെത്തി. വിദേശ ഫണ്ടുകളിൽ നിന്ന് ഭരണകക്ഷിയായ ബി ജെ പി നേട്ടമുണ്ടാക്കുന്നുവെന്ന് കോൺഗ്രസ്സ് വക്താവ് പവൻ ഖേര പറഞ്ഞു.
ഇത് രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള വിഷയമാണെന്ന് ബി ജെ പിയുടെ മൗനത്തെ പരിഹസിച്ച പവൻ ഖേര, രാഷ്ട്രീയ പാർട്ടികൾക്കും സാംസ്‌കാരിക സംഘടനകൾക്കും ലഭിക്കുന്ന ഫണ്ടിനെ കുറിച്ച് ധവളപത്രം ഇറക്കണമെന്നും ആവശ്യപ്പെട്ടു.