International
റഷ്യയുടെ ഊര്‍ജ്ജ സ്രോതസ്സുള്‍ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ - യുഎസ് ധാരണ
യുഎസും മറ്റ് രാജ്യങ്ങളും ഈ വര്‍ഷം യൂറോപ്പിലേക്കുള്ള ദ്രവീകൃത പ്രകൃതി വാതകത്തിന്റെ കയറ്റുമതി 15 ബില്യണ്‍ ക്യുബിക് മീറ്റര്‍ വര്‍ദ്ധിപ്പിക്കും
ബ്രസല്‍സ് | റഷ്യയുടെ ഊര്‍ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ധാരണയിലെത്തി. ഇതിനായി ഇരുകൂട്ടരും പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയെ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് ഒറ്റപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പങ്കാളിത്ത കരാര്‍. ബ്രസ്സല്‍സില്‍ സന്ദര്‍ശനം നടത്തവെ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് കരാര്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം യുഎസും മറ്റ് രാജ്യങ്ങളും ഈ വര്‍ഷം യൂറോപ്പിലേക്കുള്ള ദ്രവീകൃത പ്രകൃതി വാതകത്തിന്റെ കയറ്റുമതി 15 ബില്യണ്‍ ക്യുബിക് മീറ്റര്‍ വര്‍ദ്ധിപ്പിക്കും. ഭാവിയില്‍ കൂടുതല്‍ വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിനും ധാരണയായതായി വൈറ്റ് ഹൗസ് അറിയിച്ചു. ഊര്‍ജ്ജത്തിന്റെ ബദല്‍ സ്രോതസ്സുകള്‍ ലഭ്യമാക്കുന്നതോടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.
ഊര്‍ജ സ്രോതസ്സുകള്‍ റഷ്യയുടെ വരുമാനത്തിന്റെയും രാഷ്ട്ര ശക്തിയുടെയും പ്രധാന ഉറവിടമാണ് എന്നത് ശ്രദ്ധേയമാണ്. ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്കായി റഷ്യ ഉത്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്റെ 40 ശതമാനവും കയറ്റി അയക്കുന്നത് യൂറോപ്യന്‍ യൂണിയനിലേക്കാണ്. ഇതിന് തടയിട്ടാല്‍ റഷ്യയെ മെരുക്കാനാകുമെന്നാണ് യുഎസ് കരുതുന്നത്.
അതേസമയം, യു എസില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രകൃതി വാതകം ഇപ്പോള്‍ തന്നെ എത്തിക്കുന്നുണ്ട്. നിലവില്‍ ലഭ്യമായ എല്ലാ ടെര്‍മിനലുകള്‍ വഴിയും വാതകം വിതരണം ചെയ്യുന്നുണ്ട്. പുതിയ ടെര്‍മിനലുകള്‍ പലതും നിര്‍മാണത്തിന്റെ പ്രാരംഭ ദിശയിലാണെന്നിരിക്കെ, യുഎസിന് എങ്ങിനെ അധിക പ്രകൃതി വാതകം യൂറോപ്യന്‍ യൂണിയന് എത്തിക്കാനാകും എന്ന ചോദ്യമാണ് ഉയരുന്നത്.