From the print
യമനിലെ ഹൂത്തി കേന്ദ്രങ്ങൾ ആക്രമിച്ച് യു എസും യു കെയും
13 സ്ഥലങ്ങളിലായി 36 കേന്ദ്രങ്ങളിൽ ആക്രമണം
വാഷിംഗ്ടൺ/ സൻഅ | യമനിലെ ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ ആക്രമണവുമായി യു എസും യു കെയും. രാജ്യത്തെ 13 സ്ഥലങ്ങളിലായി 36 ഹൂത്തി കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. ഇറാന്റെ റവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസം യു എസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടത്.
ചെങ്കടലിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹൂത്തികളുടെ ആയുധ സംഭരണ കേന്ദ്രങ്ങൾ, മിസൈൽ സംവിധാനം, എയർ ഡിഫൻസ് സിസ്റ്റം എന്നിവ ലക്ഷ്യമിട്ടാണ് ശനിയാഴ്ച രാത്രി ആക്രമണം നടത്തിയതെന്ന് പെന്റഗൺ അധികൃതർ അറിയിച്ചു.
ആസ്‌ത്രേലിയ, ബഹ്‌റൈൻ, കാനഡ, ഡെന്മാർക്ക്, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് യു എസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തിയതെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ആഗോളവ്യാപാരം തടസ്സപ്പെടുത്തുന്ന രീതിയിൽ ചെങ്കടലിൽ ഹൂത്തികൾ നടത്തുന്ന ആക്രമണത്തിനുള്ള മറുപടിയാണിതെന്ന് യു എസ് പറഞ്ഞു. ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്നതുൾപ്പെടെയുള്ള വിവരം ഹൂത്തികൾ പുറത്തുവിട്ടിട്ടില്ല.
ഗസ്സയിൽ ഇസ്‌റാഈൽ നടത്തുന്ന അധിനിവേശത്തിന് പിന്നാലെ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇസ്‌റാഈലുമായി ബന്ധമുള്ള ചരക്കു കപ്പലുകൾക്ക് നേരെ ഹൂത്തികൾ ആക്രമണം ശക്തമാക്കിയിരുന്നു. കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ തയ്യാറായ ഹൂത്തി ആന്റിഷിപ്പ് മിസൈലും യു എസ് ആക്രമണത്തിൽ തകർന്നു.
കഴിഞ്ഞ ദിവസം ഇറാഖിലെയും സിറിയയിലെയും 85 കേന്ദ്രങ്ങളിലായി യു എസ് നടത്തിയ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടിരുന്നു. സിറിയ അതിർത്തിക്ക് സമീപം വടക്കൻ ജോർദാനിലെ യു എസ് സൈനിക താവളത്തിന് നേർക്ക് നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് മറുപടിയായാണ് യു എസ് ആക്രമണം നടത്തിയത്.
പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഹൂത്തി വക്താവ് വ്യക്തമാക്കി. ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്‌റാഈൽ തുടരുന്ന ആക്രമണത്തിന്റെ തുടർച്ചയായി നടക്കുന്ന സംഘർഷം ഇതോടെ മേഖലയിൽ രൂക്ഷമായി.
വീണ്ടും ശിശുഹത്യ
അതേസമയം, തെക്കൻ ഗസ്സയിലെ റഫയിലുള്ള കിൻഡർഗാർട്ടനിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.