International
യെമനിലെ ഹൂത്തികളെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു എസ്
ഹൂത്തികള്‍ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്
വാഷിംഗ്ണ്‍ | യെമനിലെ ഹൂത്തി വിമതരെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു എസ് ഭരണകൂടം. ചെങ്കടലില്‍ യു എസ് പടക്കപ്പലുകളെ ആക്രമിച്ച ഹൂത്തികള്‍ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവില്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടത്.
”ഹൂത്തികളുടെ പ്രവര്‍ത്തനങ്ങള്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സഖ്യകക്ഷികളായ രാജ്യങ്ങളുടെയും സമുദ്രം വഴിയുള്ള വ്യാപാരത്തിന്റെയും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ്. അതിനാല്‍ ഹൂത്തികളുടെ സൈനിക ശേഷിയും വിഭവങ്ങളും ഇല്ലാതാക്കാന്‍ പ്രദേശത്തെ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.” വൈറ്റ്ഹൗസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഹൂത്തികള്‍ക്ക് സാമ്പത്തികവും നയതന്ത്രപരവുമായ സഹായം നല്‍കുന്ന രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള ബന്ധം ഇതോടെ യു എസിന് ഉപേക്ഷിക്കാം. ഈ രാജ്യങ്ങള്‍ക്കുള്ള സഹായവും തടയും. 2023ല്‍ ഇസ്രാഈല്‍ ഗസ്സയില്‍ അധിനിവേശം തുടങ്ങിയതോടെ ചെങ്കടലിലൂടെയും ഏഥന്‍ കടലിടുക്കിലൂടെയും ബാബ് അല്‍ മന്ദെബിലൂടെയും സഞ്ചരിക്കുന്ന ഇസ്രാഈലി, യു എസ്, യു കെ കപ്പലുകളെ ഹൂത്തികള്‍ ആക്രമിച്ചിരുന്നു. കൂടാതെ യു എസിന്റെ പടക്കപ്പലുകളെയും ആക്രമിച്ചു. ഇതോടെ യു എസ് കേന്ദ്രീകൃത ലോകവ്യാപാരക്രമത്തിന്റെ സ്ഥിരത നഷ്ടപ്പെട്ടു. ഹൂത്തികളുടെ ആക്രമണങ്ങള്‍ തടയാന്‍ ബൈഡന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു.