Kerala
കാബൂള്‍ ആക്രമണത്തിന് തിരിച്ചടിയായി അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം
ചാവേര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്

കാബുള്‍ | അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് തിരിച്ചടിയുമായി അമേരിക്ക. ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് നംഗഹാര്‍ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി പെന്റഗന്‍ സ്ഥിരീകരിച്ചു. ഐ എസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പെന്റഗണ്‍ അറിയിച്ചു. ആക്രമണത്തിന്റെ സൂത്രധാരന്‍ നംഗഹാര്‍ പ്രവിശ്യയില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ആക്രമണം നടന്നത്. കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
അമേരക്കിന്‍ സൈനികരെ അടക്കം ലക്ഷ്യമിട്ട് നടന്ന ചാവേര്‍ ആക്രമണങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനം വന്ന് ഏതാനും മണിക്കൂറുകള്‍ക്കകമാണ് അമേരിക്കന്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയത്.
അതിനിടെ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മരണം 170 ആയി. 13 അമേരിക്കന്‍ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരന്‍മാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാന്‍ പൗരന്മാരാണ് മരിച്ചവരില്‍ ഏറെയും. 30 താലിബാന്‍കാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോര്‍ച്ചറികള്‍ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോള്‍ മൃതദേഹം കിടത്തുന്നത്.