Connect with us

Kerala

യു എസ് ഇറക്കുമതി തീരുവ; സമുദ്രോത്പന്ന കയറ്റുമതിയില്‍ കുതിപ്പുണ്ടാകും

മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇനി ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയായിരിക്കും യു എസിന് സാമ്പത്തികമായി മെച്ചമെന്നാണ് പറയപ്പെടുന്നത്.

Published

|

Last Updated

കൊച്ചി | യു എസ് ഇറക്കുമതി തീരുവ ഉയര്‍ത്തിയെങ്കിലും ഇന്ത്യയെയും കേരളത്തെയും കാത്തിരിക്കുന്നത് കയറ്റുമതി നേട്ടത്തിനുള്ള മികച്ച അവസരമെന്ന് സാമ്പത്തിക വിദഗ്ധര്‍. ചൈന, വിയത്‌നാം, കമ്പോഡിയ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയായിരിക്കും യു എസിന് സാമ്പത്തികമായി മെച്ചമെന്നാണ് വ്യാവസായിക രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യക്ക് 26 ശതമാനവും ചൈനക്ക് 34 ശതമാനവും യൂറോപ്യന്‍ യൂണിയനുകള്‍ക്ക് 20 ശതമാനവും യു കെക്ക് പത്ത് ശതമാനവും ജപ്പാന് 24 ശതമാനവും ഇറക്കുമതി തീരുവയാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള 26 ശതമാനം ഇറക്കുമതി തീരുവ രാജ്യത്തെ സംബന്ധിച്ച് തിരിച്ചടിയല്ലെന്നും യു എസിന്റെ ഈ തീരുമാനം കൊണ്ട് നേട്ടങ്ങളുണ്ടെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. കടല്‍ വിഭവങ്ങളും മാംസ ഉത്പന്നങ്ങളുമാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതികളിലൊന്ന്. 258 കോടി ഡോളറിന്റേതാണ് പ്രതിവര്‍ഷ കയറ്റുമതി. മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇനി ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയായിരിക്കും യു എസിന് സാമ്പത്തികമായി മെച്ചമെന്നാണ് പറയപ്പെടുന്നത്.

പുതിയ തീരുവ നിലവില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ ചെമ്മീന്‍ ഉള്‍പ്പെയുളള കടല്‍ വിഭവങ്ങള്‍ക്ക് ഇന്നലെ മാത്രം ഒറ്റയടിക്ക് 30 ശതമാനത്തോളം വിലവര്‍ധനയാണ് യു എസിലുണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. യു എസുകാര്‍ക്ക് ചെമ്മീന്‍ അവിഭാജ്യ ഭക്ഷ്യവിഭവമായതിനാല്‍ ഫലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്കാവും ഡിമാന്‍ഡ് കൂടുകയെന്ന് സമുദ്രോത്പന്ന കയറ്റുമതി രംഗത്തുള്ളവര്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള കടല്‍ ചെമ്മീന്‍ കയറ്റുമതി പ്രധാനമായും നടക്കുന്നത് അമേരിക്കയിലേക്കും ചൈനയിലേക്കുമാണ്. 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യ കയറ്റുമതി ചെയ്തത് 60,523.89 കോടിയുടെ 17,81,602 ടണ്‍ സമുദ്രോത്പന്നങ്ങളാണ്. ഇതില്‍ 40.19 ശതമാനവും ചെമ്മീന്‍ കയറ്റുമതിയായിരുന്നു. വരുമാനത്തിന്റെ 66.12 ശതമാനം സംഭാവന ചെയ്തതും ചെമ്മീന്‍ തന്നെയാണ്. ചെമ്മീന്‍ കൂടാതെ ഞണ്ട്, ട്യൂണ, തിലാപ്പിയ, കിനാവള്ളി, കൊഞ്ച്, ചൂര, അലങ്കാര മീനുകള്‍ എന്നിവ അമേരിക്കയിലേക്ക് കയറ്റിയയക്കുന്നുണ്ട്. കയറ്റുമതി കൂടുകയും വില വര്‍ധിക്കുകയും ചെയ്താല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതിന്റെ ഗുണം കാര്യമായി ലഭിക്കും.

 

---- facebook comment plugin here -----

Latest