Uae
യു എസ് ഇറക്കുമതി തീരുവ; കാർ വിപണിയിൽ പ്രതിഫലിക്കും
തീരുവ മെയ് മൂന്നിനകം നടപ്പിലാക്കും.

ദുബൈ | യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ചത് യു എ ഇ വിപണിയിൽ കാറുകളുടെ വില വർധിക്കാൻ ഇടയാക്കുമെന്ന് വിദഗ്ധർ. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ഇത് ബാധകമായേക്കാം.തീരുവ മെയ് മൂന്നിനകം നടപ്പിലാക്കും.
യു എസിൽ ഫാക്ടറികളുള്ള പ്രധാന കാർ നിർമാതാക്കളെ ബാധിക്കുന്ന തീരുമാനം വില വർധിക്കാൻ ഇടവരുത്തുമെന്നാണ് അധികമാളുകളും പറയുന്നത്.യു എസിൽ നിർമിക്കുന്ന വാഹനങ്ങളുടെയും ലെക്‌സസ്, ബി എം ഡബ്ല്യു, മെർസിഡീസ് പോലുള്ള അമേരിക്കൻ സവിശേഷതകളുള്ള മോഡലുകളുടെയും വില 10-15 ശതമാനം വർധിക്കുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
എന്നാൽ യു എ ഇയിൽ വില കുറയുകയും ലഭ്യത മെച്ചപ്പെടുകയും ചെയ്യാമെന്ന് പറയുന്നവരുമുണ്ട്. നിർമാതാക്കൾ അധിക സ്റ്റോക്ക് ജി സി സി വിപണികളിലേക്ക് തിരിച്ചുവിടുന്നതാണ് ഇതിന്റെ കാരണം.എങ്കിലും അസ്ഥിരമായ വിപണിയാണ് പ്രതീക്ഷിക്കുന്നതെന്നും വരുന്ന ആറ് മാസങ്ങൾ നിർണായകമാണെന്നും അവർ പറയുന്നു.
തീരുവ വർധിച്ച രാജ്യങ്ങളിൽ നിന്നുള്ള സ്‌പെയർ പാർട്‌സിന്റെയും പുതിയ മോഡലുകളുടെയും ലഭ്യതയിൽ കാലതാമസം നേരിടാം.അതേസമയം, ഏഷ്യൻ കാറുകൾക്ക്, പ്രത്യേകിച്ച് ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവയ്ക്ക് ഗൾഫ് മേഖലയിലെ വിപണി സ്വാധീനം വർധിപ്പിക്കാൻ ഇത് അവസരമൊരുക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.