Connect with us

International

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക; 31 പേർ കൊല്ലപ്പെട്ടു

ഹൂതികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ട്രംപ്.

Published

|

Last Updated

വാഷിങ്ടണ്‍ | യമനിലെ വിമത ഹൂതി കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്ന് നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു. ജനുവരിയിൽ ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ഏറ്റവും ശക്തമായ സൈനിക നടപടിയാണ് ഇത്.

യമൻ തലസ്ഥാനമായ സനയിലും സാദ, അൽ-ബൈദ, റാദ എന്നിവിടങ്ങളിലുമാണ് ആക്രമണം നടന്നത്. ശനിയാഴ്ച ആരംഭിച്ച് ഞായറാഴ്ച പുലർച്ചെ വരെ തുടർന്ന ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെടുകയും 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഹൂതികളുടെ കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന്, ആക്രമണം ആരംഭിക്കുന്നതിനു മുമ്പ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയുടെ യുദ്ധകപ്പല്‍ ഹൂതികള്‍ ആക്രമിച്ചെന്നാണ് ട്രംപിന്റെ ആരോപണം.

ഹൂതികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. യു എസ് കപ്പലുകള്‍ക്ക് നേരെ ഇനി ഒരാക്രമണവും നടത്താന്‍ ഹൂതികളെ അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു.

“നിങ്ങളുടെ സമയം കഴിഞ്ഞു. ഇന്ന് മുതൽ നിങ്ങളുടെ ആക്രമണങ്ങൾ അവസാനിപ്പിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ, നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ നിങ്ങളുടെ മേൽ നരകമഴ പെയ്യും” -ട്രംപ് തന്റെ സോഷ്യൽ മീഡിയ സൈറ്റായ ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി.

ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നത് നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആക്രമണങ്ങളെ യുദ്ധക്കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഹൂത്തികളുടെ രാഷ്ട്രീയ ബ്യൂറോ ഒരു പ്രത്യേക പ്രസ്താവന പുറത്തിറക്കി. ആക്രമണങ്ങളിൽ ശക്തമായി പ്രതികരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.