International
മെയ് മാസത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഊദി അറേബ്യ സന്ദർശിക്കും: സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
2017 മെയ് മാസത്തിലായിരുന്നു അവസാനമായി ട്രംപ് സഊദിയിൽ സന്ദർശനം നടത്തിയത്.

വാഷിംഗ്ടൺ / റിയാദ്| മെയ് മാസത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഊദി അറേബ്യ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.രണ്ടാമത് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വിദേശ യാത്രയാണിത്.
2017 മെയ് മാസത്തിലായിരുന്നു അവസാനമായി ട്രംപ് സഊദിയിൽ സന്ദർശനം നടത്തിയത്. പരമ്പരാഗതമായി അമേരിക്കൻ പ്രസിഡന്റുമാർ സഖ്യകക്ഷിയായ യുണൈറ്റഡ് കിംഗ്ഡത്തിലേക്കാണ് ആദ്യ വിദേശ യാത്ര നടത്തിയിരുന്നത്.
മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയ്ക്കും ഇസ്‌റാഈല്‍-പലസ്തീൻ യുദ്ധത്തിന്റെയും റഷ്യ-ഉക്രൈൻ മദ്ധ്യസ്ഥ ചർച്ചകൾക്കും സഊദി നേതൃപരമായ പങ്ക് വഹിച്ച് വരുന്നതിനിടെ ട്രംപ് നടത്തുന്ന സഊദി സന്ദർശനത്തിന് നിർണായക നയതന്ത്ര പ്രാധാന്യമാണുള്ളത്.
സഊദി അറേബ്യക്ക് പുറമെ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ എന്നീ രാജ്യങ്ങളും ട്രംപ് സന്ദർശിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.