International
ഹമാസിന്റെ ആക്രമണത്തിന് കാരണം ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ
ഇതിന് തന്റെ പക്കൽ തെളിവുകളില്ലെന്നും തന്റെ മനസ്സ് പറയുന്നത് ഇതാണെന്നും അദ്ദേഹം
വാഷിംഗ്ടൺ ഡിസി | ഒക്‌ടോബർ ഏഴിന് ഇസ്റാഈലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് പിന്നിലെ കാരണങ്ങളിലൊന്ന് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനമാണെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ ഇതിന് തന്റെ പക്കൽ തെളിവുകളില്ലെന്നും തന്റെ മനസ്സ് പറയുന്നത് ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.
ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഇന്ത്യ, യുഎസ്എ, യുഎഇ, സൗദി അറേബ്യ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം (എംഒയു) ഒപ്പുവച്ചിരുന്നു. ഏഷ്യ, പശ്ചിമേഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെയും സാമ്പത്തിക സംയോജനത്തിലൂടെയും സാമ്പത്തിക വികസനത്തിന് പ്രോത്സാഹനവും പ്രചോദനവും നൽകുന്നതാണ് ഈ ഇടനാഴി.
ഇന്ത്യയെ പശ്ചിമേഷ്യ/മിഡിൽ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴി, പശ്ചിമേഷ്യ/മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴി എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഇടനാഴികൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി. ഇതിൽ ഒരു റെയിൽ ലൈൻ ഉൾപ്പെടും.
ബൈഡൻ അടുത്തിടെ ഇടനാഴിയെ പ്രശംസിക്കുകയും പദ്ധതി രണ്ട് ഭൂഖണ്ഡങ്ങളിൽ നിക്ഷേപത്തിനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. കൂടുതൽ സുസ്ഥിരവും സംയോജിതവുമായ മിഡിൽ ഈസ്റ്റ് നിർമ്മിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് റെയിൽ തുറമുഖ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.