International
യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്റാഈലിലേക്ക്
ഒക്ടോബർ ഏഴിന് സംഘർഷം തുടങ്ങിയതിന് ശേഷം ഇസ്റാഈൽ സന്ദർശിക്കുന്ന ആദ്യ രാഷ്ട്രതലവനാകും ബൈഡൻ.
ടെൽ അവീവ് | ഇസ്റാഈൽ ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്റാഈലിലെത്തും. യുദ്ധത്തിൽ ഇസ്റാഈലിനുള്ള അമേരിക്കയുടെ ശക്തമായ പിന്തുണയുടെ ഏറ്റവും പുതിയ അടയാളമായാണ് സന്ദർശനത്തെ വിലയിരുത്തുന്നത്. ഒക്ടോബർ ഏഴിന് സംഘർഷം തുടങ്ങിയതിന് ശേഷം ഇസ്റാഈൽ സന്ദർശിക്കുന്ന ആദ്യ രാഷ്ട്രതലവനാകും ബൈഡൻ. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ടെൽ അവീവിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, പ്രസിഡന്റ് ജോബൈഡന്റെ ടെൽ അവീവ് സന്ദർശനം ഗാസയിലെ ഗ്രൗണ്ട് ഓപ്പറേഷനെ ബാധിക്കുകയോ സങ്കീർണ്ണമാക്കുകയോ ഇല്ലെന്ന് ഇസ്റാഈൽ പ്രതിരോധ സേനാ വക്താവ് പറഞ്ഞു. ഹമാസ് നശിക്കപ്പെടണമെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അതുതന്നെയാണ് യു എസ് പ്രസിഡന്റിന്റെയും താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്റാഈൽ ഏറ്റവും നിർണായകമായ സാഹചര്യം നേരിടുന്ന ഘട്ടത്തിലാണ് അമേരിക്ക ഇത്തരം ഒരു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
30ലധികം അമേരിക്കകാരുൾപ്പെടെ 1400 ഓളം മനുഷ്യരെ കൊന്നൊടുക്കിയ ഹമാസിൽ നിന്നും തീവ്രവാദ സംഘടനകളിൽ നിന്നും തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ആക്രമണങ്ങളെ തടയാനും ഇസ്റാഈലിന് അവകാശമുണ്ടെന്ന് യുഎസ് വിദേശകാര്യ വക്താവ് ആന്റണി ബ്രിങ്കൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.