Connect with us

International

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിന് മുന്നേറ്റം

ഫ്‌ലോറിഡ ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് ട്രംപ് മുന്നിട്ടു നില്‍ക്കുന്നത്.

Published

|

Last Updated

വാഷിംഗ്ടണ്‍|മാസങ്ങള്‍ നീണ്ട ആവേശം നിറഞ്ഞ പ്രചാരണത്തിനൊടുവില്‍ അമേരിക്കയുടെ 47ാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ജനം വിധിയെഴുതി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം. തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് ലീഡ്.

ഫ്‌ലോറിഡ ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് ട്രംപ് മുന്നിട്ടു നില്‍ക്കുന്നത്. നാലിടത്ത് കമല ഹാരിസിന് ലീഡുണ്ട്. സ്വിങ് സ്റ്റേറ്റായ ജോര്‍ജിയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. കെന്റകിയിലും ഇന്‍ഡ്യാനയിലും ട്രംപിന് അനുകൂലമായാണുള്ളത്. പതിനൊന്ന് ഇലക്ടറല്‍ വോട്ടുകളുള്ള ഇന്‍ഡ്യാനയില്‍, ബാലറ്റുകള്‍ എണ്ണുമ്പോള്‍ ട്രംപിന് 61.9 ശതമാനം വോട്ടുകള്‍ ലഭിച്ചു. 2020നേക്കാള്‍ ഇവിടെ ട്രംപ് പ്രകടനം മെച്ചപ്പെടുത്തി. എട്ട് ഇലക്ടറല്‍ വോട്ടുകളുള്ള കെന്റക്കിയിലും 60 ശതമാനത്തിലധികം വോട്ടുകള്‍ ട്രംപിന് ലഭിച്ചതായാണ് ലഭിക്കുന്ന വിവരം.

പ്രാദേശിക സമയം ഇന്നലെ രാവിലെ ആറോടെയാണ് നിര്‍ണായകമായ വോട്ടെടുപ്പിലേക്ക് അമേരിക്ക കടന്നത്. കണക്ടിക്കട്ട്, ന്യൂജഴ്സി, ന്യൂയോര്‍ക്ക്, വിര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളും ഇതിന് പിന്നാലെ ബൂത്തിലെത്തി. ഭാര്യ മെലാനിയക്കൊപ്പം ഫ്‌ലോറിഡയിലെ പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 7.30 ഓടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. ഇതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലം വരുന്നതോടെ വിജയിയെ അറിയാനാകും.

ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനേ ഉണ്ടാകൂ. ട്രംപ് ജയിച്ചാല്‍ 127 വര്‍ഷത്തിനു ശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും യു എസ് പ്രസിഡന്റാകുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാകും. വിജയം കമലക്കൊപ്പമാണെങ്കില്‍ യു എസ് പ്രസിഡന്റാകുന്ന ആദ്യ വനിത, ആദ്യ ഏഷ്യന്‍- ആഫ്രിക്കന്‍ വംശജ എന്നിവ സ്വന്തം പേരിനൊപ്പം ചേര്‍ക്കാം.