National
അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് യു എസ് പ്രമേയം
അരുണാചൽ പ്രദേശ് ചൈനയുടെ പ്രദേശമാണെന്ന ചൈനയുടെ അവകാശവാദങ്ങളെ പ്രമേയം തള്ളി

വാഷിംഗ്ടൺ | ചൈനയ്ക്കും അരുണാചൽ പ്രദേശിനും ഇടയിലുള്ള അന്താരാഷ്ട്ര അതിർത്തിയായി മക്മോഹൻ രേഖയെ അംഗീകരിക്കുന്ന പ്രമേയം അമേരിക്കൻ സെനറ്റ് പാസാക്കി. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രമേയം പറയുന്നു. സെനറ്റർമാരായ ബിൽ ഹാഗെർട്ടിയും ജെഫ് മെർക്ക്ലിയും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്.
സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിന് ചൈന ഭീഷണി ഉയർത്തുന്നതിനാൽ, മേഖലയിലെ തന്ത്രപ്രധാന പങ്കാളികളെ, പ്രത്യേകിച്ച് ഇന്ത്യയെ യുഎസ് പിന്തുണയ്ക്കണമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഇരുവരും പറഞ്ഞു. യഥാർത്ഥ നിയന്ത്രണ രേഖയിലെ നിലവിലെ സ്ഥിതി മാറ്റാനുള്ള ചൈനയുടെ സൈനിക ആക്രമണത്തെ പ്രമേയം അപലപിച്ചു. അരുണാചൽ പ്രദേശ് ചൈനയുടെ പ്രദേശമാണെന്ന ചൈനയുടെ അവകാശവാദങ്ങളെ പ്രമേയം എതിർക്കുന്നു.
സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിനെ പിന്തുണയ്ക്കുന്നതിനായി യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുമെന്നും പ്രമേയം പറയുന്നു.