Connect with us

National

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരെ കൊണ്ടുവന്നത് കൈയ്യിലും കാലിലും വിലങ്ങിട്ടെന്ന് വെളിപ്പെടുത്തല്‍

നാടുകടത്തപ്പെട്ടവരില്‍ ഒരാളായ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36കാരനായ ജസ്പാല്‍ സിങാണ് നടുക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി | അമൃത്സറില്‍ ഇറങ്ങുന്നതുവരെ വിലങ്ങിട്ടാണ് അമേരിക്ക ഇന്ത്യക്കാരെ നാടുകടത്തിയതെന്ന് വെളിപ്പെടുത്തല്‍. കൈയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും ഇട്ടാണ് കൊണ്ടുവന്നതെന്നും അമൃത്സറില്‍ എത്തിയ ശേഷമാണ് വിലങ്ങ് അഴിച്ചതെന്നും മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍ വെളിപ്പെടുത്തി. വിലങ്ങു വച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ ഇന്ത്യക്കാരുടേതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണ് യു എസ് സൈനിക വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ ജസ്പാല്‍ സിങിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ടവരില്‍ ഒരാളാണ് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36കാരനായ ജസ്പാല്‍ സിങ്. 19 സ്ത്രീകളും 13 പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ 104 ഇന്ത്യക്കാരുമായാണ് യു എസ് സൈനിക വിമാനം ബുധനാഴ്ച അമൃത്സറില്‍ ഇറങ്ങിയത്. അമൃത്സറില്‍ ഇറങ്ങിയതിന് ശേഷം മാത്രമാണ് വിലങ്ങ് അഴിച്ചുമാറ്റിയതെന്ന ജസ്പാലിന്റെ വെളിപ്പെടുത്തല്‍ നടുക്കുന്നതാണ്.

സാധാരണ യാത്രാ വിമാനങ്ങള്‍ക്കു പകരം സൗകര്യങ്ങള്‍ കുറഞ്ഞ സൈനിക വിമാനത്തില്‍ ഇന്ത്യക്കാരെ എത്തിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. സ്വന്തം മേധാവിത്വം കാണിക്കാനുള്ള ട്രംപിന്റെ ഇത്തരം നീക്കങ്ങളെ ഇന്ത്യ വകവച്ചു കൊടുക്കരുതെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇന്ത്യക്കാരെ വിമാനത്തില്‍ വിലങ്ങ് വച്ചാണോ കൊണ്ടുവന്നതെന്ന് കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും കേന്ദ്രം മറുപടി പറയണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

അമേരിക്കന്‍ സൈനിക വിമാനത്തില്‍ മടങ്ങി എത്തിയവരെ വിലങ്ങുവച്ചാണ് കൊണ്ടുവന്നതെന്ന വാദം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തള്ളിക്കളഞ്ഞു. ഗ്വാട്ടിമാലയിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച അനധികൃത കുടിയേറ്റക്കാരുടേതെന്ന നിലയില്‍ പ്രചരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പി ഐ ബി വിശദീകരിച്ചു.

ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കന്‍ സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങിയത്. സി – 17 യു എസ് സൈനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിലാണ് നാടുകടത്തിയത്. സാന്‍ ഡീഗോ മറീന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തില്‍ 40 മണിക്കൂര്‍ യാത്ര ചെയത് ശേഷമാണ് ഇവര്‍ അമൃത്സറില്‍ ഇറങ്ങിയത്.

 

Latest