Editorial
ഐ സി സിക്കെതിരായ യു എസ് ഉപരോധം
ഇസ്റാഈലിനെ എല്ലാ അന്താരാഷ്ട്ര നിയമ സംവിധാനങ്ങള്‍ക്കും മീതെ പ്രതിഷ്ഠിക്കാനുള്ള വിഫല ശ്രമമാണ് ഈ ഉപരോധങ്ങളിലെല്ലാം കാണുന്നത്. എന്നാല്‍ ലോകം ഫലസ്തീനെ കുറിച്ച് ഉച്ചത്തില്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഗസ്സ ഏറ്റെടുക്കല്‍ പദ്ധതിക്കെതിരെ ലോകത്താകെ ഉയര്‍ന്നുവന്ന പ്രതിഷേധം ട്രംപിനെയും നെതന്യാഹുവിനെയും ഈ പാഠം പഠിപ്പിച്ചിട്ടുണ്ട്.
![](https://assets.sirajlive.com/2021/08/editorial.jpg)
അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ഡൊണാള്‍ഡ് ട്രംപിന്റെ കടന്നുകയറ്റം എല്ലാ സീമകളും ലംഘിച്ച് മുന്നോട്ട് പോകുകയാണ്. യു എന്നിന്റെ നിരവധി കരാറുകളും പ്രമേയങ്ങളും യു എസ് തന്നെ മുഖ്യ പങ്കുവഹിച്ച ഓസ്‌ലോ കരാറും വലിച്ചു കീറുന്നതായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ ഗസ്സാ കുടിയൊഴിപ്പിക്കല്‍ പദ്ധതി. ഗസ്സക്കാരെ മുഴുവന്‍ അവിടെ നിന്ന് ഇറക്കിവിടണമെന്നും ഏതെങ്കിലും അറബ് രാജ്യത്തേക്ക് അവര്‍ക്ക് പോകാമെന്നും ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം എന്ത് വില കല്‍പ്പിക്കുന്നുവെന്ന് ലോകത്തിന് ബോധ്യമായതാണ്. ഗസ്സക്കാര്‍ സഊദിയിലേക്ക് പോകട്ടെയെന്നാണ് ഒടുവില്‍ ട്രംപ് പറഞ്ഞത്. സ്വന്തം മണ്ണില്‍ നിന്ന് ഒരു ജനതയെ ഇറക്കിവിട്ട് ആ പ്രദേശം വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന് പറയുന്ന ട്രംപില്‍ നിന്നും നെതന്യാഹുവില്‍ നിന്നും എന്തെങ്കിലും മര്യാദ പ്രതീക്ഷിക്കാനാകില്ല.
ഏറ്റവുമൊടുവില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെയും ഭീഷണിയുമായി വന്നിരിക്കുകയാണ് ട്രംപ്. ഗസ്സയിലെ ഇസ്‌റാഈല്‍ വംശഹത്യയുടെ പേരില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ കീഴില്‍ പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ സി സി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വംശഹത്യയില്‍ യു എസ് കൂടി പങ്കെടുത്തുവെന്ന വിലയിരുത്തലും ഐ സി സി നടത്തിയിട്ടുണ്ട്. യു എസ് നല്‍കിയ ആയുധങ്ങളാണ് കുഞ്ഞുങ്ങളടക്കമുള്ളവരെ കൊന്നൊടുക്കാന്‍ ഉപയോഗിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു. യു എസ് നേതൃത്വത്തിനെതിരെയും ഐ സി സി നടപടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് ഐ സി സി ഉദ്യോഗസ്ഥര്‍ക്കെതിരെ ട്രംപ് ഉപരോധം പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അദ്ദേഹം ഒപ്പുവെച്ചു. യു എസ് പൗരന്മാര്‍, ഇസ്‌റാഈലടക്കമുള്ള സുഹൃത് രാജ്യങ്ങളിലെ നേതാക്കള്‍ എന്നിവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ഐ സി സി നടപടി നിയമവിരുദ്ധമാണെന്നും പരിധി ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉപരോധം.
ഐ സി സി ഉദ്യോഗസ്ഥര്‍ യു എസില്‍ പ്രവേശിക്കുന്നത് വിലക്കുന്നതാണ് ഉപരോധത്തിലെ പ്രധാന വ്യവസ്ഥ. ഐ സി സി അന്വേഷണത്തെ സഹായിക്കുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സാമ്പത്തിക ഉപരോധവും വരും. ഇവര്‍ക്ക് വിസാ നിയന്ത്രണവുമുണ്ടാകും. ഐ സി സിയുടെ നീക്കങ്ങള്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചുവെന്നും അമേരിക്കന്‍ താത്പര്യങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു. യുദ്ധക്കുറ്റങ്ങള്‍, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ, ആക്രമണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേര്‍പ്പെടുന്ന വ്യക്തികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനായി ഹേഗ് ആസ്ഥാനമായി 2002ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര സംവിധാനമാണ് ഐ സി സി. 125 രാജ്യങ്ങളാണ് രൂപവത്കരണ കരാറില്‍ ഒപ്പുവെച്ചത്. ഇസ്‌റാഈലും യു എസും ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. അതുകൊണ്ട് ഐ സി സി ഉത്തരവുകള്‍ അനുസരിക്കാന്‍ ബാധ്യതയില്ലെന്നാണ് യു എസും ഇസ്‌റാഈലും വാദിക്കുന്നത്. ഉത്തരവുകള്‍ പുറപ്പെടുവിക്കാമെങ്കിലും നടപ്പാക്കാനുള്ള സംവിധാനം ഈ കോടതിക്കില്ല. രക്ഷാസമിതിയുടെ ഇടപെടലിലേ ഐ സി സിക്ക് നീങ്ങാനാകൂ. അതാകട്ടെ വീറ്റോ രാജ്യങ്ങളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു.
അമേരിക്കയുടെ വീറ്റോ അധികാരം ഉപയോഗിച്ച് ഐ സി സി നടപടി മറികടക്കാന്‍ സാധിക്കുമായിരുന്നിട്ടും ട്രംപ് ഉപരോധമെന്ന മാരകായുധമെടുക്കുന്നത് ഒരു ചെറു തിരിച്ചടി പോലും നെതന്യാഹുവിനുണ്ടാകരുത് എന്ന കരുതലിന്റെ ഭാഗമാണ്. നിലവില്‍ ഐ സി സി റാറ്റിഫൈ ചെയ്ത രാജ്യങ്ങളുടെ അതിര്‍ത്തിക്കകത്ത് പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനാകും. ഇക്കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിലേക്ക് പറന്ന നെതന്യാഹു റൂട്ട് മാറ്റിയെന്നാണ് റിപോര്‍ട്ട്. അറസ്റ്റ് ഭീതിയേക്കാള്‍ നെതന്യാഹുവിനും ട്രംപിനും പ്രശ്‌നം ഐ സി സി ഉത്തരവുണ്ടാക്കിയ അവബോധ അട്ടിമറിയാണ്. ഒക്‌ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണം ഇസ്‌റാഈലിന്റെ സുരക്ഷതത്വത്തെ പ്രതിസന്ധിയിലാക്കാന്‍ ആ സംഘടന കെല്‍പ്പ് സമ്പാദിച്ചുവെന്നതിന്റെ തെളിവാണെന്നും അതുകൊണ്ട് ഹമാസിനെ മുച്ചൂടും മുടിച്ചേ തീരൂവെന്നുമായിരുന്നു നെതന്യാഹുവിന്റെ യുദ്ധ ക്യാബിനറ്റ് ലോകത്തോട് പറഞ്ഞുകൊണ്ടിരുന്നത്. ലോകമെമ്പാടുമുള്ള ആക്ടിവിസ്റ്റുകളും ഫലസ്തീന്‍ അനുകൂല രാഷ്ട്രങ്ങളും സത്യം പറയാന്‍ ശ്രമിച്ചിട്ടും ഇസ്‌റാഈലിന്റെ ആഖ്യാനമാണ് മുന്നിട്ട് നിന്നത്. നടന്നത് വംശഹത്യ തന്നെയാണെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ച് ഐ സി സി ഈ ആഖ്യാനം തകര്‍ത്തെറിഞ്ഞു. അത് ട്രംപിനും നെതന്യാഹുവിനും സഹിക്കാവുന്നതിലപ്പുറമാണ്.
ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തോട് ശക്തമായ ഭാഷയില്‍ ഐ സി സി പ്രതികരിച്ചിട്ടുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ ദൗത്യത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഉപരോധമെന്ന് കോടതി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. 125 അംഗരാജ്യങ്ങളും പൗരസമൂഹവും മനുഷ്യാവകാശങ്ങള്‍ക്ക് വിലമതിക്കുന്ന രാഷ്ട്രങ്ങളും ഉപരോധ നീക്കത്തിനെതിരെ നിലകൊള്ളണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ റാമഫോസക്കെതിരായ ട്രംപിന്റെ നീക്കത്തിനു പിന്നിലെ കാരണവും മറ്റൊന്നല്ല. റാമഫോസ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദക്ഷിണാഫ്രിക്കക്കുള്ള സഹായം മരവിപ്പിക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. എന്നാല്‍ യഥാര്‍ഥ കാരണം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ സി ജെ) ദക്ഷിണാഫ്രിക്ക നടത്തിയ നിയമപോരാട്ടമാണ്. ഗസ്സയിലേത് വംശഹത്യയാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റാമഫോസ ഐ സി ജെയില്‍ നടത്തിയ നിയമ ഇടപെടല്‍ വിജയം കണ്ടിരിന്നു. ഇസ്‌റാഈലിനെ എല്ലാ അന്താരാഷ്ട്ര നിയമ സംവിധാനങ്ങള്‍ക്കും മീതെ പ്രതിഷ്ഠിക്കാനുള്ള വിഫല ശ്രമമാണ് ഈ ഉപരോധങ്ങളിലെല്ലാം കാണുന്നത്. എന്നാല്‍ ലോകം ഫലസ്തീനെ കുറിച്ച് ഉച്ചത്തില്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഗസ്സ ഏറ്റെടുക്കല്‍ പദ്ധതിക്കെതിരെ ലോകത്താകെ ഉയര്‍ന്നുവന്ന പ്രതിഷേധം ട്രംപിനെയും നെതന്യാഹുവിനെയും ഈ പാഠം പഠിപ്പിച്ചിട്ടുണ്ട്.