International
റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഉപരോധത്തിന്റെ ലംഘനമാകില്ലെന്ന് യുഎസ്
റഷ്യയില്‍ നിന്ന് യുഎസിലേക്കുള്ള എണ്ണ, വാതകം, കല്‍ക്കരി എന്നിവയുടെ ഇറക്കുമതി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ത്തിയെങ്കിലും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് മറ്റ് രാജ്യങ്ങള്‍ക്ക് വിലക്കില്ല.
വാഷിംഗ്ടണ്‍ | റഷ്യയില്‍ നിന്ന് ഇന്ത്യ കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് യുഎസ് ഉപരോധത്തിന്റെ ലംഘനമാകില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി. എന്നാല്‍ ചരിത്രം എഴുതപ്പെടുമ്പോള്‍ നമ്മള്‍ ഏത് പക്ഷത്താണ് എന്നതാണ് പ്രധാനമെന്നും അവര്‍ പറഞ്ഞു.
റഷ്യയ്‌ക്കെതിരെ യു എസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളെ മാനിക്കണമെന്നാണ് ലോക സമൂഹത്തോടുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥന. റഷ്യയില്‍ നിന്ന് ഇന്ത്യ വിലകുറഞ്ഞ ക്രൂഡ് ഓയില്‍ വാങ്ങുന്നത് യുഎസ് ഉപരോധം ലംഘിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, ചരിത്രപുസ്തകങ്ങള്‍ എഴുതപ്പെടുമ്പോള്‍ നമ്മള്‍ ഏത് പക്ഷത്താണ് നില്‍ക്കുകയെന്ന് എല്ലാവരും തീരുമാനിക്കേണ്ടത് ആവശ്യമാണ്. റഷ്യന് നേതൃത്വത്തെ പിന്തുണച്ചാല് അത് യുക്രൈന് അധിനിവേശത്തെ പിന്തുണക്കുന്നതായി കാണപ്പെടുമെന്നും ജെന്‍ സാക്കി വ്യക്തമാക്കി.
റഷ്യയില്‍ നിന്ന് യുഎസിലേക്കുള്ള എണ്ണ, വാതകം, കല്‍ക്കരി എന്നിവയുടെ ഇറക്കുമതി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ത്തിയെങ്കിലും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് മറ്റ് രാജ്യങ്ങള്‍ക്ക് വിലക്കില്ല. യുഎസിന്റെ നാറ്റോ സഖ്യകക്ഷികള്‍ റഷ്യന്‍ ഗ്യാസും പെട്രോളിയവും ഇറക്കുമതി ചെയ്യുന്നത് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എണ്ണവില കുതിച്ചുയരുന്നതിനിടയില്‍, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നതാണ് ഇന്ത്യന്‍ നിലപാട്. റഷ്യക്കെതിരായ യുഎന്‍ പ്രമേയത്തില്‍ ഇന്ത്യ വോട്ട് ചെയ്തിരുന്നുമില്ല. ഈ സാഹചര്യത്തില് 30 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ താങ്ങാവുന്ന വിലയ്ക്ക് നല്‍കാമെന്ന് റഷ്യ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.