International
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്‌റാഈലിലെത്തി
ഇസ്‌റാഈല്‍ സൈന്യം ഗസ്സയില്‍ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനം.
ടെല്‍ അവീവ്| യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ടെല്‍അവീവിലെത്തി. മൂന്നാഴ്ചക്കിടെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഇസ്‌റആഈല്‍ സന്ദര്‍ശനമാണ്. ഇസ്‌റാഈല്‍ സൈന്യം ഗസ്സയില്‍ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനം. ഗസ്സയിലെ സിവിലിയന്‍ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകളാണ് അദ്ദേഹത്തിന്റെ വരവിനു പിന്നില്‍. ഫലസ്തീന്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കാനും അദ്ദേഹം ലക്ഷ്യമിടുന്നു.
അതേസമയം ഇസ്‌റാഈല്‍- ഹമാസ് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ആഹ്വാനത്തെ യുഎസ് ചെറുക്കുകയാണ്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തും. ഇസ്‌റാഈല്‍ യുദ്ധ കാബിനറ്റ് അംഗങ്ങള്‍, പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് എന്നിവരുമായും ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഗസ്സയിലെ കരയാക്രമണത്തില്‍ ഇസ്റാഈല്‍ സൈന്യത്തിന് കനത്ത നാശനഷ്ടം നേരിട്ടെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്. ഗസ്സയിലെ ആക്രമണത്തില്‍ വലിയ പുരോഗതിയുണ്ടായന്നെും അദ്ദേഹം അവകാശപ്പെട്ടു. വടക്കന്‍ ഗസ്സ മുനമ്പിലെ ഓപറേഷനില്‍ ഇതുവരെ 23 സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്റാഈല്‍ പ്രതിരോധ സേന അറിയിച്ചു.