International
ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷം ലഘൂകരിക്കാന്‍ സാധ്യതകള്‍ തേടി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി സഊദിയില്‍
ഖത്തറില്‍ നിന്നാണ് ബ്ലിങ്കന്‍ സഊദിയിലെത്തിയത്.
ജിദ്ദ| ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷം ലഘൂകരിക്കാനുള്ള സഹായം തേടി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സഊദിയിലെത്തി. ഈ വിഷയത്തില്‍ അറബ് മേഖലയിലാകെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം വെള്ളിയാഴ്ച രാത്രി റിയാദിലെത്തിയത്. ഖത്തറില്‍ നിന്നാണ് ബ്ലിങ്കന്‍ സഊദിയിലെത്തിയത്. അദ്ദേഹം ഇന്ന് സഊദി ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
സംഘര്‍ഷം തടയാനും ബന്ദികളെ ഉടനടി സുരക്ഷിതമായി മോചിപ്പിക്കാനും സിവിലിയന്‍മാരുടെ സംരക്ഷണത്തിനുള്ള സംവിധാനങ്ങള്‍ സാധ്യമാക്കാനുമുള്ള ശ്രമങ്ങളില്‍ പശ്ചിമേഷ്യയിലെയും അറബ് മേഖലയിലെയും സൗഹൃദരാജ്യങ്ങളുടെ പിന്തുണയും ഇടപെടലും തേടിയാണ് സെക്രട്ടറിയുടെ പര്യടനമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് കഴിഞ്ഞദിവസം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബാസുമായും ആന്റണി ബ്ലിങ്കണ്‍ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ഖത്തറിലെത്തി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനിയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് റിയാദിലെത്തിയത്.