National
അദാനിക്ക് മേല്‍ അമേരിക്ക കുരുക്ക് മുറുക്കി; പാര്‍ലമെന്റില്‍ വിഷയം കത്തിക്കാന്‍ കോണ്‍ഗ്രസ്
വിദേശ ശക്തികളുടെ നിര്‍ദേശമനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവുമായി അദാനിയെ രക്ഷിക്കാന്‍ ബി ജെ പി
ന്യൂഡല്‍ഹി | അദാനിക്ക് മേല്‍ അമേരിക്ക കുരുക്ക് മുറുക്കിയതോടെ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ വിഷയം കത്തുമെന്നുറപ്പായി. ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യു എസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു.
നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നിലവില്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ശതകോടീശ്വരനെതിരായ വിഷയം സജീവമായി ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ മറ്റു പാര്‍ട്ടികളോടും വിഷയത്തില്‍ പിന്തുണ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. വിദേശ ശക്തികളുടെ നിര്‍ദേശമനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവുമായി അദാനിയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിട്ടുണ്ട്. 21 ദിവസത്തിനകം ഹാജരാകാനാവശ്യപ്പെട്ട് ഇരുവരുടെയും അഹമ്മദാബാദിലെ വസതിയിലേക്കാണ് നോട്ടീസെത്തിയത്. നടപടിയോട് അദാനിഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. കേസില്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഇരുവരും അടക്കം എട്ട് പേര്‍ക്കെതിരെ യു എസിലെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സൗരോര്‍ജ വൈദ്യുതി കരാര്‍ ലഭിക്കാന്‍ 2,200 കോടി രൂപ കൈക്കൂലി നല്‍കിയെന്ന കേസിലാണ് യു എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നടപടി. അദാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഗൗതം അദാനിക്കും അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ സാഗര്‍ അദാനിക്കും എസ് ഇ സി ചോദ്യം ചെയ്യലിന് നോട്ടീസയച്ചതായി വാര്‍ത്താ എജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.