user fee
താമരശ്ശേരി ചുരത്തിൽ യൂസര്‍ ഫീ വിലക്കി
പണപ്പിരിവ് നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടറും നിര്‍ദേശം നല്‍കി.
താമരശ്ശേരി | ചുരത്തിലെത്തുന്ന സഞ്ചാരികളില്‍ നിന്ന് യൂസര്‍ ഫീ വാങ്ങാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന് ജില്ലാ ഭരണകൂടത്തിന്റെയും ദേശീയപാതാ വിഭാഗത്തിന്റെയും ചുവപ്പു കാര്‍ഡ്. യൂസര്‍ ഫീ പിരിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ വിനയരാജ് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. പണപ്പിരിവ് നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടറും നിര്‍ദേശം നല്‍കി.
ചുരം വ്യൂ പോയിന്റില്‍ ഉള്‍പ്പെടെ മാലിന്യം കുന്നുകൂടുന്നത് വാര്‍ത്തയായയിന് പിന്നാലെയാണ് ചുരം ശുചീകരണത്തിനായി ഹരിതകര്‍മ സേനയെ നിയോഗിക്കാനും ഇവര്‍ക്കുള്ള വേതനമായി സഞ്ചാരികളില്‍ നിന്ന് പണം ഈടാക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. വ്യൂ പോയിന്റിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും നിര്‍ത്തുന്ന വാഹനങ്ങളില്‍ നിന്ന് ഇന്നലെ മുതല്‍ യൂസര്‍ ഫീ എന്ന നിലയില്‍ 20 രൂപ ഈടാക്കാനായിരുന്നു തീരുമാനം. പാര്‍ക്കിംഗ് നിരോധിത മേഖലയില്‍ നിര്‍ത്തുന്ന വാഹനങ്ങളില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കുന്നത് അനധികൃത പാര്‍ക്കിംഗ് വര്‍ധിക്കാനും ഗതാഗതക്കുരുക്ക് രൂക്ഷമാകാനും കാരണമാവുമെന്ന് ആക്ഷേപം ഉയര്‍ന്നു. അനധികൃത പാര്‍ക്കിംഗിനെതിരെ നടപടിയുമായി പോലീസ് എത്തുന്നത് വാക്കേറ്റത്തിനും കൈയാങ്കളിക്കും കാരണമാവുകയും ചെയ്യും.
പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ യുവജന സംഘടനകളും യാത്രക്കാരും രംഗത്തെത്തിയതിന് പിന്നാലെയാണ് ദേശീയ പാതാ വിഭാഗം പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. ഇന്നലെ രാവിലെ അഞ്ച് പേരെയാണ് ചുരത്തില്‍ യൂസര്‍ ഫീ ഈടാക്കാനായി നിയോഗിച്ചത്. ജില്ലാ കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് അല്‍പ്പസമയത്തിനകം പണപ്പിരിവ് നിര്‍ത്തിവെച്ചു. ചുരത്തിലെത്തുന്ന യാത്രക്കാര്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്തിനും പൊതുജനങ്ങള്‍ക്കും ദുരിതമായി മാറിയ സാഹചര്യത്തിലാണ് യുസര്‍ ഫീ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന്‍ പറഞ്ഞു.
വാഹനം നിര്‍ത്തണമെന്നോ നിര്‍ത്തരുതെന്നോ പഞ്ചായത്ത് പറയുന്നില്ലെന്നും പാര്‍ക്കിംഗ് നിരോധനം നടപ്പിലാക്കേണ്ടവര്‍ അത് നിര്‍വഹിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ തീരുമാനമെന്നും പ്രസിഡന്റ് പറഞ്ഞു. യൂസര്‍ ഫീ ഈടാക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കാനാണ് കലക്ടര്‍ നിര്‍ദേശിച്ചത്. പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.