Connect with us

Kerala

റേറ്റിംഗ് കൂടുതലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാൽ വൈദ്യുതി ലാഭിക്കാമെന്ന്

ബോധവത്കരണവുമായി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ

Published

|

Last Updated

കോഴിക്കോട് | സ്റ്റാർ റേറ്റിംഗ് കൂടുതലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചാൽ വൈദ്യുതി ലാഭിക്കാനാകുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ഉപകരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അമിതചാർജ് നൽകേണ്ടിവരുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു.

വൈദ്യുത ഉപഭോഗം സംബന്ധിച്ചുള ബോധവത്കരണത്തിന്റെ ഭാഗമായി ഇറക്കിയ നിർദേശങ്ങളിലാണ് കമ്മീഷൻ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സാധാരണ ബൾബുകളുടെ സ്ഥാനത്ത് സി എഫ് എൽ/ഇ ഡി ലാമ്പുകളും ട്യൂബുകളും ഉപയോഗിക്കുക, ഉപയോഗം കഴിഞ്ഞാലുടൻ ലൈറ്റ്, ഫാൻ, ടി വി, കമ്പ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുക, ലൈറ്റും ലൈറ്റിന്റെ ഷെയ്ഡുകളും ഇടക്കിടെ തുടച്ചു വൃത്തിയാക്കുക എന്നീ നിർദേശങ്ങൾ മുന്നറിയിപ്പിൽ പറയുന്നു.

പ്രകൃതിദത്തമായ കാറ്റും വെളിച്ചവും പരമാവധി പ്രയോജനപ്പെടുത്തുക, രാത്രിയിൽ വീടിനകത്തും പുറത്തും അത്യാവശ്യം വേണ്ട ലൈറ്റുകളും ഫാനുകളും മാത്രം പ്രവർത്തിപ്പിക്കുക, മുറികൾക്കുള്ളിൽ ഇളം നിറത്തിലുള്ള പെയ്ന്റുകൾ ഉപയോഗിച്ച് കൂടുതൽ പ്രകാശം ലഭിക്കുന്ന രീതി അവലംബിക്കുക എന്നീ നിർദേശങ്ങളും കമ്മീഷൻ മുന്നോട്ടുവെക്കുന്നു.

ഫ്രിഡ്ജ്, ട്യൂബ് ലൈറ്റ്, മോട്ടോർ പമ്പ്, ഫാൻ, എ സി, സ്റ്റൗ, ടി വി എന്നീ ഉപകരണങ്ങൾ കൂടുതൽ സ്റ്റാർ റേറ്റിംഗുളളവ നോക്കി വാങ്ങാൻ ശ്രദ്ധിക്കുക, (സ്റ്റാർ റേറ്റിംഗുളള ഉത്പന്നത്തിന്റെ പുറത്ത് അതിന്റെ ഒരു വർഷത്തെ വൈദ്യുതി ഉപഭോഗവും ബന്ധപ്പെട്ട വിവരണങ്ങളും അടങ്ങിയ ബി ഇ ഇ ലേബൽ പതിക്കുന്നു) ചുവന്ന പ്രതലത്തിൽ അഞ്ച് സ്റ്റാറുകൾ പതിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഏറ്റവും ഊർജക്ഷമത കൂടിയതായിരിക്കുമെന്നും റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കുന്നു.

ഉപഭോക്താവിന്റെ പരാതി കാലതാമസം കൂടാതെ പരിഹരിക്കാനുള്ള നിർദേശവും റെഗുലേറ്ററി കമ്മീഷൻ മുന്നോട്ട് വെക്കുന്നുണ്ട്. ഉപഭോക്താക്കളുടെ സാധാരണ പരാതികൾ ഫോൺ മുഖേനയോ, നേരിട്ടെത്തി പരാതി പുസ്തകത്തിൽ രേഖപ്പെടുത്തിയോ ബന്ധപ്പെട്ട സെക്്ഷൻ ഓഫീസിൽ സമർപ്പിക്കാം. അവിടെയും തൃപ്തികരമായ പരിഹാരം ഉണ്ടായില്ലെങ്കിൽ ഓംബുഡ്‌സ്മാന് പരാതി സമർപ്പി
ക്കാം.
ഉപഭോക്തൃ പരിഹാര ഫോറത്തിന്റെ ഇമെയിൽ അഡ്രസ്സിൽ ഇമെയിൽ ആയും നിശ്ചിത ഫോറത്തിൽ എഴുതിയും പരാതി സമർപ്പിക്കാം. പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സമാഹരിക്കേണ്ട സാഹചര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് നൽകാൻ ഫോറത്തിന് അധികാരമുണ്ട്.
പരാതി സ്വീകരിച്ച് 60 ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകണം. പരാതിക്കാരന്റെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തുന്ന പക്ഷം അത് പരിഹരിക്കാനോ നഷ്ടപരിഹാരമായ നിശ്ചിത തുക നൽകാനോ വൈദ്യുതി വിതരണ സംരംഭകനോട് ആവശ്യപ്പെടാൻ ഫോറത്തിന് അധികാരമുണ്ടാ
കും.
ഫോറത്തിന്റെ തീരുമാനം തൃപ്തികരമല്ലെങ്കിൽ ഫോറത്തിന്റെ ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം ഓംബുഡ്‌സ്മാന് അപ്പീൽ നൽകാം. ഫോറം മുമ്പാകെ നിശ്ചിത ഫോറത്തിൽ പരാതി സമർപ്പിച്ചിട്ടില്ലാത്ത ഒരാൾ പരാതിയുമായി നേരിട്ട് ഓംബുഡ്‌സ്മാനെ സമീപിക്കാൻ പാടില്ല.

ഓരോ ദിവസവും വീട്ടിൽ എത്ര യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു എന്ന് വൈദ്യുതി ഉപഭോക്താക്കൾക്ക് തന്നെ കണക്കാക്കാമെന്ന ബോധവത്കരണവും റെഗുലേറ്ററി കമ്മീഷൻ നൽകുന്നുണ്ട്.

ഒരു ഉപകരണത്തിന്റെ വോൾട്ടേജിനെ അത് പ്രവർത്തിപ്പിച്ച മണിക്കൂർ കൊണ്ട് ഗുണിച്ച് 1,000 കൊണ്ട് ഹരിച്ചാൽ ആ ഉപകരണം പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ച വൈദ്യുതിയുടെ അളവറിയാം. ഉദാഹരണത്തിന് 60 വാട്ട് ലൈറ്റ് ആറ് മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ഉപയോഗിച്ച വൈദ്യുതി = 60*6/1,000 =0.36 യൂനിറ്റ്. ഇപ്രകാരം ഓരോന്നും കണക്കാക്കിയാൽ വീട്ടിലെ ഉപഭോഗം കണക്കാക്കാം.

Latest