cover story
ഉതവികളുടെ ഉസ്താദ്
"ആര്‍ക്കും ഭാരമാകരുതെന്ന് ശാഠ്യംപിടിച്ച വലിയ മനുഷ്യന്‍. "മൂപ്പരെ മുന്നില്‍ പെട്ടുപോയല്ലോ' എന്ന് ഒരാളും ചെറിയ എ പി ഉസ്താദിനെ പറ്റി പറയില്ല. മുന്നിലെത്തിപ്പെട്ടതുകൊണ്ട് അങ്ങനെ ആര്‍ക്കും ഒരു ഭാരവും അദ്ദേഹം വലിച്ചിട്ടിട്ടില്ല." നിരൂപണങ്ങള്‍ക്ക് പിടികൊടുക്കാത്ത ജീവിതത്തിനൊടുവില്‍ വേര്‍പിരിഞ്ഞ എ പി മുഹമ്മദ് മുസ്‌ലിയാരെ കുറിച്ച് ശിഷ്യന്റെ ഓര്‍മകളും അനുഭവങ്ങളും
അന്നും ജുമുഅക്ക് ശേഷമുള്ള തന്റെ ഹ്രസ്വ പ്രഭാഷണത്തിന് എഴുന്നേല്‍ക്കാന്‍ നോക്കിയതാണ്, അമ്പത് വര്‍ഷത്തോളമായി ജുമുഅക്ക് നേതൃത്വം നല്‍കുന്ന കാരപ്പറമ്പ് പള്ളി മിഹ്‌റാബില്‍ വെച്ച്. പക്ഷേ, മടക്കയാത്രക്കു തൊട്ടുമുമ്പുള്ള ആശുപത്രിയിലേക്കായിരുന്നു ആ എണീക്കല്‍.
പത്ത് മിനുട്ടേ സംസാരിക്കൂ. അതും ഏറ്റവും കാലികമായ കാര്യം. ഒരു വാക്ക് എഡിറ്റ് ചെയ്യാനോ ഓഡിറ്റ് ചെയ്യാനോ ഉണ്ടാകില്ല. ആരും ഇരുന്നുപോകും. ആറ്റിക്കുറുക്കി അങ്ങനെയൊരു പ്രഭാഷണമാണ്. ഉസ്താദിനറിയാം, മനുഷ്യരുടെ പ്രാരാബ്ദങ്ങള്‍. മനുഷ്യര്‍ക്ക് നൂറ് നൂറ് പ്രശ്‌നങ്ങളുണ്ടാകും. പ്രഭാഷണമായാലും പ്രാര്‍ഥനയായാലും അവരെ ബുദ്ധിമുട്ടിക്കരുത്. ശിഷ്യരോടും നിഷ്‌കര്‍ഷിക്കാറുണ്ടാ വിഷയം.
1976ലാണ്. വെല്ലൂരില്‍ നിന്ന് വന്ന ശേഷം ജുമുഅ നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ഉസ്താദ് എ പി മുഹമ്മദ് മുസ്‌ലിയാര്‍ക്ക് അവസരം ലഭിച്ചത് കാരപ്പറമ്പിലാണ്. പറമ്പല്ല, നഗരമാണത്. ആ മിഅ്‌റാബില്‍ വെച്ച് തന്നെയായി അവസാന നേതൃത്വത്തിനുള്ള നിയോഗവും.
നിരൂപണങ്ങള്‍ക്ക് പിടികൊടുക്കാത്ത ഒരു ജീവിതം. പാഠം പഠിപ്പിക്കാനും പാടത്തിറങ്ങി പണിയെടുക്കാനും അറിയാമായിരുന്നു ഉസ്താദിന്. സംവാദ വേദിയില്‍ ആശയങ്ങള്‍ ഉഴുതുമറിക്കുന്നയാള്‍ക്കുണ്ടോ വയലില്‍ ഉഴുതുമറിക്കാന്‍ വല്ല പണിയും. മഹാ സമ്മേളനങ്ങളില്‍ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്യുന്നിടത്ത് അദ്ദേഹത്തെ നാം കാണും. പിറ്റേ ദിവസം വീട്ടുവളപ്പിലെ വയലിലുണ്ടാകും ആ പണ്ഡിതന്‍. വലിയൊരു തോര്‍ത്തുമുണ്ടുമുടുത്ത് ചെളിയിലിറങ്ങും. കൈക്കോട്ടെടുത്ത് കൊത്തും. വളമിടും. കവുങ്ങിനും വാഴക്കും മണ്ണ് കയറ്റും. പുല്ലുപറിക്കും. വല്യുപ്പയുടെ വഴിയായിരുന്നുവല്ലോ ഉസ്താദിന് കൃഷി. സമ്മേളനങ്ങള്‍ക്ക് ക്ഷണിക്കാനും മറ്റാവശ്യങ്ങള്‍ക്കുമൊക്കെ വരുന്നവര്‍ ആ കാഴ്ച കണ്ട് മൂക്കില്‍ വിരല്‍ വെക്കും. “നിങ്ങള്‍ വീട്ടിലേക്ക് നടക്കി’ എന്ന് പറഞ്ഞ് അവരുടെ പിറകെ പോകും. ക്ലാസ്സിലും വഅളിലും കൃഷിയുടെയും അധ്വാനത്തിന്റെയും പോരിശ പറയും.
നിര്‍ലോഭമായി ചിരിച്ചിരുന്നു ഉസ്താദ്. ലോഭമില്ലാതെ തമാശയും പറയും. ആഴമുള്ള തമാശകള്‍. പ്രസംഗത്തില്‍ പ്രതിയോഗികളുടെ പേരുകള്‍ ആവശ്യത്തിന് മാത്രം പരാമര്‍ശിച്ചു. അപ്പോഴും അരെയും അവഹേളിച്ചില്ല. അമാന്യമായ പദാവലികള്‍ പ്രയോഗിച്ചില്ല. ദ്വയാര്‍ഥമോ ദുസ്സൂചനകളോ ഇല്ലേയില്ല. ആശയങ്ങളെ തോല്‍പ്പിക്കാന്‍ ആശയങ്ങളുടെ തന്നെ കോപ്പുള്ള ഒരാള്‍ എന്തിന് വേറെ കുറുക്കുവഴികള്‍ കയറണം?
തന്റെ സാന്നിധ്യം അത്യാവശ്യമുള്ള വേദികളില്‍ മാത്രം ഉസ്താദിനെ കണ്ടു. കഴിയുന്നിടത്തൊക്കെ ഉള്‍വലിയുകയും ചെയ്തു. തന്നെപ്പോലെ മറ്റുള്ളവര്‍ക്കും അവരുടെതായ ലോകവും ജീവിതവുമുണ്ടെന്ന് മനസ്സിലാക്കി ജീവിച്ച ഒരാള്‍. ആര്‍ക്കും ഭാരമാകരുതെന്ന് ശാഠ്യംപിടിച്ച വലിയ മനുഷ്യന്‍. “മൂപ്പരെ മുന്നില്‍ പെട്ടുപോയല്ലോ’ എന്ന് ഒരാളും ചെറിയ എ പി ഉസ്താദിനെ പറ്റി പറയില്ല. മുന്നിലെത്തിപ്പെട്ടതുകൊണ്ട് അങ്ങനെ ആര്‍ക്കും ഒരു ഭാരവും വലിച്ചിട്ടിട്ടില്ല.
ആരംഭറസൂല്‍… അശ്‌റഫൂല്‍ വറാ റസൂലുല്ലാഹി… എന്നൊക്കെ യുള്ള പഴയ പാതിരാ വയള് പറയും. പഠിക്കുന്ന കാലത്ത് കോളിക്കല്‍ കൊപ്രക്കാരന്‍ അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ കൊപ്രക്കളത്തില്‍ തുടങ്ങിയ ആശയ പഠന ക്ലാസ് കൊട്ടപ്പുറത്തെ വാദപ്രതിവാദ വേദി വരെ എത്തി. പതിനാറാം വയസ്സില്‍ തുടങ്ങിയ മറുപടി പ്രസംഗം കേരളക്കരയിലാകെ പതിനാലാം രാവ് പോലെ പ്രകാശം പരത്തി. മര്‍മം നോക്കിയുള്ള മറുപടിയില്‍ തുടര്‍മര്‍മരങ്ങളുണ്ടായില്ല. കേരളത്തില്‍ ഏറെക്കുറെ എല്ലാ സ്ഥലങ്ങളിലും പ്രസംഗിച്ചിട്ടുണ്ടെന്ന് ഉസ്താദ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. പണ്ടൊക്കെ കൊല്ലത്തില്‍ ആറ് മാസവും വയളും പ്രസംഗവുമുണ്ടാകുമായിരുന്നു. കൂട്ടാന്‍ ജീപ്പ് വന്നിട്ടായിരിക്കും പ്രസംഗത്തെ പറ്റി ആലോചിക്കുക. വിഷയം യാത്രക്കിടയില്‍ ആലോചിച്ചെങ്കിലായി. വലിയ വിവാദങ്ങളോ പുതിയ വിഷയങ്ങളോ ആണെങ്കില്‍ മാത്രം കിതാബുകള്‍ നോക്കും. അതും അസര്‍ നിസ്‌കരിച്ച് പോകാന്‍ നേരത്ത്. എന്നാല്‍, ആധികാരികമായതേ പറയൂ. ബോധ്യമില്ലാത്തത് പറയാത്തതുകൊണ്ട് തന്നെ പറഞ്ഞതിന്റെ പേരില്‍ ഒരിക്കല്‍ പോലും പ്രതിരോധത്തിലാകേണ്ടിവന്നിട്ടില്ല.
ഉസ്താദ് വായിക്കുന്നത് പൊതുവെ ആളുകള്‍ കാണാറില്ല. മലയാള പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ച് വായിക്കുന്ന പതിവുമില്ല. എന്നാലും നല്ല മലയാളത്തില്‍ സംസാരിക്കും. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് അസാമാന്യമായ ധാരണ ഉണ്ടായിരുന്നു. ഭൂപരിഷ്‌കരണത്തെക്കുറിച്ചും ഇ എം എസിനെക്കുറിച്ചും അച്യുതമേനോനെക്കുറിച്ചും ഗൗരിയമ്മയെക്കുറിച്ചുമൊക്കെ പലപ്പോഴും വിദ്യാര്‍ഥികളോട് പറയും. രാവിലെ തന്നെ പത്രം വായിക്കും. മുഖപ്രസംഗം മുഴുവനും വായിക്കും. വരികള്‍ക്കിടയിലാണ് വായിക്കുക. അത് പത്രമായാലും ജീവിതമായാലും.
35 വര്‍ഷമാണ് കാന്തപുരത്ത് ദര്‍സ് നടത്തിയത്. ക്ലാസ്സെടുക്കാന്‍ നിലത്ത് കിടത്തിയ ഒരു മരക്കട്ടിലുണ്ടായിരുന്നു. അവസാന കാലത്ത് അകംപള്ളിയില്‍ അച്ചിപ്പായി വിരിച്ചായിരുന്നു രാവിലെ ബുഖാരി ദര്‍സ്. ഖുര്‍ആനും ഹദീസുകളും നബിചരിതവും സ്വഹാബീ ജീവിതവും പരന്നൊഴുകുന്ന വിവരണം. വലിയ ആദരവോടെയായിരിക്കും ബുഖാരി ക്ലാസ്സ്. എന്നാല്‍, മുഖ്തസര്‍ ക്ലാസ്സൊക്കെ ഒരു ആഘോഷമാണ്. ഫലിതോക്തികളില്‍ മതിമറന്ന വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ആസ്വാദ്യത ഗുരുമുഖത്ത് നിന്ന് അങ്ങനെ രുചിച്ചറിഞ്ഞു.
ചിലപ്പോഴെങ്കിലും സംശയങ്ങള്‍ തൊടുത്തിട്ട് പോകും. ചേകന്നൂര്‍ മൗലവി, എം സി സി അബ്ദുര്‍റഹ്മാന്‍ മൗലവി, സി എന്‍ അഹ്മദ് മൗലവി തുടങ്ങിയവരുടെ വാദങ്ങളും മറുവാദങ്ങളുമുണ്ടാകും. ചിലപ്പോള്‍ ഉസ്താദ് അവരുടെ പക്ഷത്താണെന്ന് തോന്നും. എന്നിട്ടതിന് ഓരോന്നായി മറുപടികൾ പറയും. ക്ലാസില്‍ മൗലാനാ ചാലിലകത്തും ശൈഖ് ഹസന്‍ ഹസ്‌റത്തും സദഖത്തുല്ല മുസ്‌ലിയാരും ശംസുല്‍ ഉലമയും കണ്ണിയത്ത് ഉസ്താദും ഇടക്കിടെ കയറിവരും. “മൊയ്‌ല്യാര്‍’ എപ്പോഴും അവിടെ തന്നെയുണ്ടാകും. വലിയ (എ പി) ഉസ്താദിനെ അങ്ങനെയായിരുന്നു ക്ലാസ്സില്‍ പരാമര്‍ശിച്ചിരുന്നത്. ഉപമകള്‍, ശാസനകള്‍, അനുഭവങ്ങള്‍, കൗശലങ്ങള്‍ അങ്ങനെ നീണ്ടുപോകുന്ന അധ്യാപനം.
കുട്ടികളെ പഠിപ്പിക്കാന്‍ തമാശയായിരുന്നു ഉസ്താദിന്റെ ആയുധം. ചരിത്രകഥകളും. കുട്ടികള്‍ക്ക് പരിചയമുള്ളവരായിരിക്കും കഥാപാത്രങ്ങള്‍. എല്ലാ “ഫന്നും’ പഠിപ്പിക്കാന്‍ പടച്ചവന്‍ എനിക്ക് തൗഫീഖ് തന്നെന്ന് ഉസ്താദ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഹദീസിലും ഫിഖ്ഹിലും തഫ്‌സീറിലും ഇസ്‌ലാമിക നിയമകാര്യങ്ങളിലും ആഴത്തിലുള്ള അവഗാഹം. വിദ്യാര്‍ഥികളില്‍ നിന്ന് എന്തെങ്കിലും കിട്ടണമെന്ന് കാംക്ഷിച്ചതേ ഇല്ല. അവര്‍ക്ക് അങ്ങോട്ടെന്തെങ്കിലും കൊടുക്കണമെന്ന് ആശിച്ചു. കാണാന്‍ ചെല്ലാന്‍ വൈകിയാല്‍ പരിഭവമില്ല. അറിവിന്റത്രയോ അതിലധികമോ ജീവിതമായിരുന്നു ഉസ്താദ് കുട്ടികളെ പഠിപ്പിച്ചത്.
ഫത്‌വകള്‍ തേടി നിരവധി പേര്‍ അവിടെയെത്തി. ത്വലാഖും ഫസ്ഖും ഖുല്‍ഉമൊക്കെയായി മതവിധി തേടിയെത്തുന്നവര്‍ക്ക് പ്രായോഗിക കാര്യങ്ങളും ഗുണകാംക്ഷയില്‍ പൊതിഞ്ഞ ഉപദേശങ്ങളും നല്‍കും. എടുത്തുചാടരുതെന്നു പറയും. ഒത്തുതീര്‍പ്പുകളെപ്പറ്റി ഓതിക്കൊടുക്കും.
മുനയുള്ള ബുദ്ധിയായിരുന്നു. അതിന് അസാമാന്യ ചടുലവുമുണ്ടായിരുന്നു. വേദിയിലോ വിദ്യാര്‍ഥികള്‍ക്ക് മുമ്പിലോ ഒരു നിമിഷം സ്തംഭിച്ചുനിന്നിട്ടില്ല.
രാഷ്ട്രീയം പറയുന്പോൾ കരുണാകരനോട് മൃതുവായൊരിഷ്ടം കാത്തുസൂക്ഷിച്ചിരുന്നോ എന്ന് തോന്നിപ്പോകും. അതെന്തായാലും ചൂടുള്ള പൊറോട്ടയോട് പൂതിയായിരുന്നു എന്ന് തീര്‍ത്തുപറയാം.
ഔദാര്യങ്ങള്‍ സ്വീകരിക്കാന്‍ വലിയ മടി. പണ്ഡിതന്മാര്‍ക്ക് നല്ല പണമുണ്ടാകണമെന്ന് പറയുമായിരുന്നു. ആരെയും കൂസാതെ നിലപാട് പറയാന്‍ സ്വത്തില്‍ സ്വയം പര്യാപ്തത വേണമെന്ന് ഉസ്താദ് കരുതി.
ഇ കെ ഹസന്‍ മുസ്‌ലിയാരോട് വലിയ ഇഷ്ടമായിരുന്നു. ഹസന്‍ മൊയ്‌ല്യാരെ പറയുമ്പോള്‍ വികാരാധീനനാകും. തൊണ്ടയിടറും.
വലിയ ഉതവികള്‍ ലഭിച്ച മഹാഗുരുവായിരുന്നു ഗുരു മുഹമ്മദ് മുസ്‌ലിയാര്‍. എന്തായിരിക്കും ഈ “തൗഫീഖി’നുള്ള നിമിത്തം? വലിയ ഉസ്താദിനോടുള്ള അദബ് എന്ന് തീര്‍ത്തുപറയാം. നടപ്പിലും ഉടുപ്പിലും അടുപ്പത്തിലും ആ അദബ് പാലിച്ചു. ഭംഗിയുള്ള വാച്ച് കെട്ടിയാല്‍ അത് കഴിച്ചുവെച്ചേ ആ സന്നിധിയിലേക്ക് പോകൂ. ഉസ്താദ് പ്രതിസന്ധിയില്‍ പെടുമ്പോഴൊക്കെ ചകിതനായി. അസുഖം വന്നപ്പോള്‍ അസ്വസ്ഥനായി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം ആ സാമീപ്യമാണെന്ന് പറയുകയും ചെയ്തു ചെറിയ എ പി ഉസ്താദ്. ” ഞാന്‍ അവിടെയാണ് ആകപ്പാടെ പഠിച്ചിട്ടുള്ളത്. 14 വയസ്സായപ്പോള്‍ പോയി ഫത്ഹുല്‍ മുഈന്‍ തുടങ്ങിയതാണ്. പിന്നെ വിട്ടുപിരിഞ്ഞിട്ടില്ല. അവിടെ ദര്‍സില്‍ ഓതി. കാന്തപുരം ഉസ്താദിന്റെ ദര്‍സാണ്. ഉസ്താദ് സെക്രട്ടറിയായ ദര്‍സാണ് കാന്തപുരത്തെ ദര്‍സ്. അവിടെ 35 കൊല്ലം പഠിപ്പിച്ചു. പിന്നെ എ പി ഉസ്താദിന്റെ സ്ഥാപനമാണ് മര്‍കസ്. ഈ സമയം വരെ വിട്ടുപിരിയാതെ തുടര്‍ച്ചയായി നില്‍ക്കാന്‍ ഭാഗ്യം ലഭിച്ച ഏക ശിഷ്യന്‍ ഞാന്‍ മാത്രമാണ്, ഒരുപാട് ശിഷ്യന്മാരുണ്ടെങ്കിലും. അഹങ്കാരം പറയുകയല്ല. ഇപ്പോഴെനിക്ക് ഏഴുപതോളം വയസ്സായി. ഇതുവരെ വിട്ടുപിരിയാതെ ജീവിക്കാന്‍ കഴിഞ്ഞു എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു.’
തന്റെ എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തിനിടയില്‍ നിരവധി വിഷയങ്ങളെക്കുറിച്ച് പലപല രീതിയില്‍ എത്രയെത്രയോ പ്രഭാഷണങ്ങള്‍ നടത്തിയ ചെറിയ എ പി ഉസ്താദ് വലിയ ഉസ്താദിനെക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ട് തന്റെ അവസാന പ്രസംഗം ഉപസംഹരിക്കുകയും ചെയ്തു.