Editors Pick
അന്ന് പെരുവനത്തു വന്ന് ചെണ്ടയിലും തബലയെ ലയിപ്പിച്ചു ഉസ്താദ് സാക്കിര്‍ ഹുസൈന്‍
വളരെ ചെറുപ്രായത്തില്‍ തന്നെ മഹാന്മാരായ പല സംഗീതജ്ഞര്‍ക്കൊപ്പം തബല വായിച്ചു തുടങ്ങിയ സക്കീര്‍ ഹുസൈന്‍ തബലയില്‍ മെലഡി വായിക്കുന്നതില്‍ അനന്യത സൃഷ്ടിച്ചു
കോഴിക്കോട് | കേരളത്തിന്റെ തനത് വാദ്യമായ ചെണ്ടയിലും തബലയെ ലയിപ്പിച്ചു അന്തരിച്ച തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍. 2018 ല്‍ മേള പ്രമാണിമാരുടെ തട്ടകമായ പെരുവനത്ത് വിസ്മയം തീര്‍ക്കാന്‍ അദ്ദേഹം എത്തിയിരുന്നു. മുബൈ കേന്ദ്രമായ കേളി എന്ന സാംസ്‌കാരിക സംഘടനയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിനാണ് തൃശൂര്‍ പെരുവനത്ത് സാക്കിര്‍ ഹുസൈന്‍ എത്തിയത്.
മേള കുലപതികള്‍ ഉസ്താദ് സാക്കിര്‍ ഹുസൈനെ വീരശൃംഖല സമ്മാനിച്ചാണ് ആദരിച്ചത്. മേളപെരുമയുടെ നാട്ടില്‍ ഉസ്താദ് സാക്കീര്‍ ഹുസൈനെ വരവേറ്റത് പെരുവനം കുട്ടന്‍മാരാരും സംഘവും ചേര്‍ന്നുള്ള പാണ്ടിമേളത്തോടെയായിരുന്നു. പിന്നെ പെരുവനം ഗ്രാമത്തിന് മുഴുവന്‍ തബലയുടെ താളമായി. സാരംഗി വിദഗ്ധന് ദില്‍ഷാദ് ഖാനോടൊപ്പം വിരല്‍ തുമ്പ് കൊണ്ട് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അഭൗമമായ ചിറകടി പെരുക്കങ്ങള്‍ തീര്‍ത്തു. താളം മുറുകിയപ്പോള്‍ ആസ്വാദകരുടെ ആരവം മുഴങ്ങി. സക്കീര്‍ ഹുസൈനൊപ്പം മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ ലയവിന്യാസവും ചേര്‍ന്ന ഫ്യൂഷന്‍ വിരുന്ന് ആസ്വാദക ഹൃദയം കവരുന്നതായിരുന്നു.
പിറന്ന് മൂന്നാം നാള്‍ തബല ഇതിഹാസം കൂടിയായ പിതാവ് അല്ലാരഖ കാതില്‍ ചൊല്ലിക്കൊടുത്ത താളക്കണക്കുകള്‍ ആ മഹാ പ്രതിഭ മുറതെറ്റാതെ പിന്‍തുടരുന്നു. അല്ലാ രഖാ കാണിച്ചുകൊടുത്ത വഴികളിലൂടെ വളര്‍ന്ന സക്കീര്‍ ഹുസൈനും തബലയെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വളരെ ചെറുപ്രായത്തില്‍ തന്നെ മഹാന്മാരായ പല സംഗീതജ്ഞര്‍ക്കൊപ്പം തബല വായിച്ചു തുടങ്ങിയ സക്കീര്‍ ഹുസൈന്‍ തബലയില്‍ മെലഡി വായിക്കുന്നതില്‍ അനന്യത സൃഷ്ടിച്ചു.
ബയാനില്‍ (തബലയിലെ വലിയത്) സക്കീര്‍ ഹുസൈന്‍ വേഗവിരലുകളാല്‍ പ്രകടമാക്കുന്ന മാസ്മരികത സംഗീതലോകത്തെ വിസ്മയിപ്പിക്കുന്നു. അതിര്‍ത്തികള്‍ കടന്ന് അമേരിക്കയിലും യൂറോപ്പിലുമെല്ലാം താളതിരമാല തീര്‍ക്കുന്നു. മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമില്‍ ജനിച്ച സക്കീര്‍ ഹുസൈന്‍ മൂന്നു വയസ് മുതല്‍ സംഗീതത്തില്‍ അഭിരുചി കാണിച്ചു തുടങ്ങി.
തബലയില്‍ പഞ്ചാബ് ഖരാനയില്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് ആദ്യമായി ഏഴാമത്തെ വയസില്‍ സരോദ് വിദഗ്ധന്‍ ഉസ്താദ് അലി അക്ബര്‍ ഖാനൊടോപ്പം ഏതാനും മണിക്കൂര്‍ വായിച്ചു. പിന്നീട് പന്ത്രണ്ടാമത്തെ വയസില്‍ ബോംബെ പ്രസ് ക്ലബില്‍ നൂറുരൂപക്ക് ഉസ്താദ് അലി അക്ബര്‍ ഖാനൊടോപ്പം തന്നെ സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു. പന്ത്രണ്ടാം വയസില്‍ തന്നെ പട്‌നയില്‍ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍ മഹാനായ സിത്താര്‍ വാദകന്‍ ഉസ്താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാന്‍, ശഹനായി ചക്രവര്‍ത്തി ബിസ്മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു.
മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിലെ പഠനം പൂര്‍ത്തിയാക്കിയ സക്കീര്‍ ഹുസൈന്‍ 1970ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാമത്തെ വയസില്‍ കച്ചേരി അവതരിപ്പിച്ചു. വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ അസി.പ്രഫസറാകുമ്പോള്‍ പ്രായം 19 വയസ്സായിരുന്നു. വര്‍ഷത്തില്‍ 150ലധികം ദിവസങ്ങളിലും സക്കീര്‍ ഹുസൈന്‍ കച്ചേരികള്‍ നടത്തിയിരുന്നു. .ലോകോത്തര സംഗീതജ്ഞരുമായി ചേര്‍ന്ന് നിരവധി സംഗീതസാക്ഷാത്ക്കാരങ്ങള്‍ ഒരുക്കി. വയലിനിസ്റ്റ് എല്‍ ശങ്കര്‍, ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലോലിന്‍, മൃംദംഗ വാദകന്‍ റാംനന്ദ് രാഘവ്, ഘടം വാദകന്‍ വിക്കു വിനായകറാം എന്നിവരുമായി ചേര്‍ന്ന് ഹിന്ദുസ്ഥാനി, കര്‍ണാടക സംഗീതത്തെ പശ്ചാത്യ സംഗീതവുമായി സമന്വയിപ്പിച്ച് ഏറെ ജനശ്രദ്ധപിടിച്ചു പറ്റിയ ‘ശക്തി’ എന്ന ഫ്യൂഷന്‍ സംഗീത ബാന്‍ഡിന് 1974 ല്‍ രൂപം നല്‍കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താളവാദ്യ വിദഗ്ധരെ സമന്വയിപ്പിച്ച് പ്ലാനറ്റ് ഡ്രം എന്ന പേരില്‍ അമേരിക്കന്‍ താളവാദ്യ വിദഗ്ധന്‍ മിക്കി ഹാര്‍ട് തയാറാക്കിയ ആല്‍ബത്തില്‍ ഇന്ത്യയില്‍ നിന്ന് ഘടം വിദഗ്ധന്‍ വിക്കു വിനായകറാമിനൊപ്പം സക്കീര്‍ ഹുസൈനുമുണ്ടായിരുന്നു. 1991ലെ ലോകത്തിലെ മികച്ച സംഗീത ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ഈ ആല്‍ബത്തിലൂടെ ആദ്യമായി സക്കീര്‍ ഹുസൈന്‍ കരസ്ഥമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ 2016ല്‍ വൈറ്റ് ഹൗസില്‍ വച്ച് നടന്ന ഓള്‍ സ്റ്റാര്‍ ഗ്ലോബല്‍ കണ്‍സേര്‍ട്ടില്‍ പങ്കെടുക്കാന്‍ സക്കീര്‍ ഹുസൈനെ ക്ഷണിച്ചിരുന്നു. ആദ്യമായി ഇന്ത്യയില്‍ നിന്നുള്ള ഒരു സംഗീതഞ്ജനു കിട്ടുന്ന അംഗീകാരമായിരുന്നു അത്.
മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുളള ഏതാനും സിനിമകള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. അറ്റ്ലാന്‍ഡ ഒളിംപിക്സിന്റെ (1996) ഉദ്ഘാടന ചടങ്ങുകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയതും സക്കീര്‍ ഹുസൈനാണ്. നല്ലൊരു അഭിനേതാവും കൂടിയായ സക്കീര്‍ ഹുസൈന്‍ ഏതാനും ബോളിവുഡ് സിനിമകളിലും ബ്രിട്ടീഷ് സിനിമകളിലും പ്രധാനവേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. ഭാര്യയും പ്രശസ്ത കഥക് നര്‍ത്തകിയുമായ അന്റോണിയ മിനെക്കോളയും മക്കള്‍ അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമൊപ്പം അമേരിക്കയിലായിരുന്നു സാക്കീര്‍ ഹുസൈ കഴിഞ്ഞിരുന്നത്.