Kerala
ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം തട്ടിയ ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ
സ്ഥാപനത്തിലെ എംഡിയുടെ വാട്‌സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച് എംഡിയായി മാനേജരെ തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടിലേക്ക് പണം എത്തിക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.
പാല | ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം തട്ടിയ ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ. കഴിഞ്ഞ ജനുവരിയിൽ പാലയിലെ പ്രമുഖ വ്യാപാര കേന്ദ്രത്തിൽ നിന്നും 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളാണ് പിടിയിലായത. ഉത്തർപ്രദേശ് ഔറാദത്ത് സന്ത്കബിർ നഗർ സ്വദേശികളായ സങ്കം (19), ദീപക് (23), അമർനാഥ് (19), അമിത് (21), അതീഷ് (20) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം മാസങ്ങൾക്ക് ശേഷം പിടികൂടിയത്.
അഞ്ചു പ്രതികളും ചേർന്ന് വാട്ട്‌സാപ്പ് മുഖേനെ ആണ് ചതിയൊരുക്കിയിരുന്നത്. സ്ഥാപനത്തിലെ എംഡിയുടെ വാട്‌സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച് എംഡിയായി മാനേജരെ തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടിലേക്ക് പണം എത്തിക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.
എം ഡി എന്ന വ്യാജേനെ മാനേജരെ സമീപിക്കുന്ന ഇവർ എംഡി കോൺഫറൻസിലാണെന്ന് ധരിപ്പിക്കുകയും ബിസിനസ് ആവശ്യത്താനാണെന്ന കാരണം പറഞ്ഞ് വിവിധ അക്കൗണ്ടുകളിലേക്ക് പണം എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. കോൺഫറൻസുള്ളതിനാൽ തിരികെ വിളിക്കരുതെന്ന കർശന നിർദ്ദേശവും നൽകിയാണ് 35 ലക്ഷം രൂപ ഇവർ തട്ടിയെടുത്തത്.
തട്ടിപ്പ് മനസ്സിലാക്കിയതോടെ സ്ഥാപന ഉടമ നൽകിയ പരാതിയിൽ പോലീസ് മേധാവി കെ കാർത്തികേയന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിയതോടെയാണ് ഉത്തർപ്രദേശ് സ്വദേശികളെ പിടിക്കൂടിയത്. കൂടുതൽ പ്രതികളുണ്ടോ എന്നറിയാൻ അന്വേഷണം തുടരുകയാണ്.