National
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങി ഉത്തരാഖണ്ഡ്
അടുത്ത ആഴ്ച ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി| ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. അടുത്ത ആഴ്ച ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ബില്ലുമായി ബന്ധപ്പെട്ട കരട് റിപ്പോര്‍ട്ട് റിട്ട. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് സമര്‍പ്പിക്കും.
ഇതുമായി ബന്ധപ്പെട്ട് ദിപാവലിക്കുശേഷം സര്‍ക്കാര്‍ നിയമസഭയില്‍ പ്രത്യേകയോഗം വിളിച്ചിട്ടുണ്ട്. ലിംഗസമത്വം, സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. അതേസമയം സ്ത്രീകളുടെ വിവാഹപ്രായം 18ല്‍നിന്ന് 21ആക്കി ഉയര്‍ത്തണമെന്നതില്‍ മാറ്റമുണ്ടാകില്ല. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതോടെ ലിവ്ഇന്‍ റിലേഷനുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഉത്തരാഖണ്ഡിന് പുറമെ മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.