National
പതഞ്ജലിയുടെ 14 ഉല്‍പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതോറിറ്റി
പതഞ്ജലിയുടെ ദിവ്യഫാര്‍മസി നിര്‍മിച്ചിരുന്ന 14 ഉല്‍പന്നങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
ഡെറാഡൂണ്‍| ബാബ രാംദേവിന്റെ പതഞ്ജലിയുടെ 14 ഉല്‍പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതോറിറ്റി. തിങ്കളാഴ്ച അടിയന്തരമായാണ് അതോറിറ്റി ലൈസന്‍സ് റദ്ദാക്കിയത്. പതഞ്ജലിയുടെ ദിവ്യഫാര്‍മസി നിര്‍മിച്ചിരുന്ന 14 ഉല്‍പന്നങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. തുടര്‍ന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പതഞ്ജലിയുടെ 14 ഉല്‍പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയ വിവരം അതോറിറ്റി അറിയിക്കുകയും ചെയ്തു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് പതഞ്ജലിക്കെതിരെ കേസുണ്ട്. ഇതില്‍ ഉള്‍പ്പെട്ട ഉല്‍പന്നങ്ങള്‍ക്കെതിരെയാണ് ലൈസന്‍സിങ് അതോറിറ്റിയുടെ നടപടി. അതേസമയം, ബാബ രാംദേവും, അചാര്യ ബാലകൃഷ്ണയും സമര്‍പ്പിച്ച മാപ്പപേക്ഷ സംബന്ധിച്ച് ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും.
പതഞ്ജലി ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ പരസ്യവുമായി ബാബ രാംദേവ് രംഗത്തെത്തിയിരുന്നു. പരസ്യത്തില്‍ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണനും നിരുപാധികം മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. മാപ്പപേക്ഷ പരസ്യം ചെറുതായി നല്‍കരുതെന്ന സുപ്രീംകോടതി നിര്‍ദേശത്തെതുടര്‍ന്ന് പരസ്യം കൂടുതല്‍ വലിപ്പത്തിലാണ് നല്‍കിയത്. പരസ്യത്തില്‍ ഇരുവരും തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും വ്യക്തിപരമായും പതഞ്ജലി ആയുര്‍വേദയുടെ പേരിലും മാപ്പ് പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ 67 പത്രങ്ങളില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചുവെന്നും ഇതിന് 10 ലക്ഷം രൂപ ചെലവായെന്നും രാംദേവ് അറിയിച്ചിരുന്നു. കൂടുതല്‍ പരസ്യം പ്രസിദ്ധീകരിക്കാന്‍ തയാറാണെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി സാധാരണ വലിപ്പത്തിലുള്ള പരസ്യം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ പത്രങ്ങളിലെ പരസ്യങ്ങള്‍ കോടതി മുമ്പാകെ സമര്‍പ്പിക്കാനും ഉത്തരവിട്ടു. സുപ്രീം കോടതിയുടെ വിലക്ക് മറികടന്ന്, അലോപ്പതി മരുന്നുകള്‍ക്കും വാക്‌സിനേഷനുമെതിരെ പത്രപരസ്യം നല്‍കിയ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്‌സിനെയും ഇതിനെതിരെ നടപടി എടുക്കാത്ത കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായ ഭാഷയില്‍ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.