Connect with us

From the print

തീരാ ദുരിതം; റഫ നഗരം നാശോന്മുഖമാക്കാൻ ഇസ്‌റാഈൽ

അധിനിവേശം നിശ്ശബ്ദമായി ആരംഭിച്ചെന്ന മുന്നറിയിപ്പുമായി ഫലസ്തീൻ അതോറിറ്റി • കുരുതിക്കളമായി അൽശിഫ ആശുപത്രി, കൊല്ലപ്പെട്ടത് 50ലേർ പേർ

Published

|

Last Updated

ഗസ്സാ സിറ്റി | അന്താരാഷ്ട്ര പ്രതികരണങ്ങൾ നിഷ്കരുണം തള്ളി ആരെയും വകവെക്കാതെ ഇസ്റാഈൽ റഫയെ നശിപ്പിക്കാൻ തുടങ്ങിയെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 93 പേർ കൊല്ലപ്പെട്ടതോടെ നഗരങ്ങൾ വീണ്ടും രക്തക്കളമായി. ഗസ്സയും റഫയും ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണത്തിൽ രണ്ട് വീടുകളും അപാർട്ട്മെന്റും തകർന്ന് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപോർട്ട് ചെയ്തു.

ഏറ്റവും പുതിയ റിപോർട്ടിൽ വംശഹത്യ പാടില്ലെന്ന് ഐ സി ജെ വിധിച്ചിട്ടും ഗസ്സയിൽ ഇസ്റാഈൽ സഹായം തടയുന്നത് തുടരുകയാണെന്ന് ഓക്‌സ്ഫാം ആരോപിച്ചു. വംശഹത്യ തടയാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നതിൽ ഇസ്റാഈൽ പരാജയപ്പെടുകയാണെന്നാണ് ഞങ്ങളുടെ വിശ്വാസം- ഓക്സ്ഫാമിന്റെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്കൻ ഡയറക്ടർ സാലി അബി ഖലീൽ എക്സിൽ പറഞ്ഞു. അതിനിടെ ഹമാസ് നേതാവ് മർവാൻ ഈസ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ജെയ്ക് സള്ളിവൻ പറഞ്ഞു. കഴിഞ്ഞയാഴ്ച സെൻട്രൽ ഗസ്സയിലെ നുസ്വീറത്ത് അഭയാർഥി ക്യാമ്പിന് കീഴിലുള്ള തുരങ്ക സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഈസ കൊല്ലപ്പെട്ടതെന്ന് ഇസ്റാഈൽ മാധ്യമ വൃത്തങ്ങൾ റിപോർട്ട് ചെയ്തു. ഒക്ടോബർ ഏഴിനു ശേഷം കൊല്ലപ്പെടുന്ന ഹമാസിന്റെ ഏറ്റവും മുതിർന്ന നേതാവാണ് ഈസ.

അതേസമയം, ചികിത്സ തേടിയെത്തിയവരും അഭയാർഥികളായെത്തിയവരുമായ 30,000ഓളം പേർ തിങ്ങിപ്പാർക്കുന്ന അൽശിഫ ആശുപത്രിയിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുകയാണ്. ആശുപത്രിക്കുള്ളിൽ 50ലേറെ പേരെ കൊന്നതായി അധിനിവേശ സേന അറിയിച്ചു. എന്നാൽ, മരണസംഖ്യ ഇതിലുമേറെ വരുമെന്നാണ് ഫലസ്തീൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.
ആശുപത്രിക്കുള്ളിൽ തന്നെ തുടരുന്ന സൈന്യം അരുംകൊല തുടരുകയാണ്. ആരോഗ്യപ്രവർത്തകരും പരുക്കേറ്റവരും സ്ത്രീകളുമടക്കം 180 പേരെ ഇസ്റാഈൽ പിടികൂടി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രി പരിസരത്തും കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. യുദ്ധം തുടങ്ങിയ ശേഷം ഇത് നാലാം തവണയാണ് അൽശിഫ ആക്രമിക്കുന്നത്. ഇന്നലെ ആശുപത്രിയിൽ നിന്ന് സേന അന്യായമായി പിടികൂടിയ അൽജസീറ ലേഖകൻ ഇസ്മാഈൽ അൽ-ഗൗത്തിനെ 12 മണിക്കൂറിനു ശേഷം വിട്ടയച്ചു. ഇദ്ദേഹത്തെ ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി അൽജസീറ റിപോർട്ട് ചെയ്തു.

ഹൂത്തി വിമതരുടെ നിയന്ത്രണത്തിലുള്ള യമൻ പ്രദേശങ്ങളിൽ തിങ്കളാഴ്ച ഏഴ് മിസൈലുകളും മൂന്ന് ഡ്രോണുകളും തകർത്തതായി യു എസ് സൈന്യം അറിയിച്ചു. ഗസ്സക്കെതിരായ യുദ്ധത്തിൽ ഫലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ പിന്തുണയുള്ള ഹൂത്തികൾ നവംബർ മുതൽ ചെങ്കടൽ മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയാണ്.
അതേസമയം, ഫലസ്തീൻ അഭയാർഥികൾക്കായുള്ള യുനൈറ്റഡ് നാഷൻസ് റിലീഫ് ആൻഡ് വർക്സ് ഏജൻസി (യു എൻ ആർ ഡബ്ല്യു എ) വടക്കൻ ഗസ്സയിൽ പട്ടിണി ആസന്നമായിരിക്കുകയാണെന്ന് അറിയിച്ചു. ഗസ്സാ മുനമ്പിൽ ഉടനീളം 2.1 ദശലക്ഷത്തിലധികം ആളുകൾ ഭക്ഷണ അരക്ഷിതാവസ്ഥ നേരിടുന്നു. ജനസംഖ്യയുടെ പകുതിയും “വിനാശകരമായ പട്ടിണി’ യുമായി മല്ലിടുകയാണെന്നും നിർജലീകരണവും പോഷകാഹാരക്കുറവും മൂലം കുട്ടികൾ പിടഞ്ഞു മരിച്ചു വീഴുകയാണെന്നും യു എൻ ആർ ഡബ്ല്യു എ റിപോർട്ട് ചെയ്യുന്നു. അതിനിടെ ഇന്നലെ രാവിലെ വീടിനു നേരെ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ വടക്കൻ ഗസ്സാ പ്രവിശ്യയിലെ പോലീസ് ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ മേജർ റായ്ദ് അൽ-ബന്നയും ഭാര്യയും മക്കളും കൊല്ലപ്പെട്ടു. ഗസ്സയിലേക്ക് പ്രവേശിക്കുന്ന മാനുഷിക സഹായ ട്രക്കുകൾ സുരക്ഷിതമാക്കുന്നതിന്റെ ഉത്തരവാദിത്വം ഇദ്ദേഹത്തിനായിരുന്നു. ഇതോടെ, ഒക്ടോബർ ഏഴ് മുതൽ നടന്ന ആക്രമണങ്ങളിൽ 31,819 ഫലസ്തീനികൾ കൊല്ലപ്പെടുകയും 73,934 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയിൽ വെടിനിർത്തൽ ഉറപ്പാക്കാനും ഫലസ്തീൻ പ്രദേശത്തിന് മാനുഷിക സഹായം വർധിപ്പിക്കാനുമുള്ള പദ്ധതികൾ ചർച്ച ചെയ്യാനായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈ ആഴ്ച സഈദിയിലേക്കും ഈജിപ്തിലേക്കും പോകുമെന്ന് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വക്താവ് പറഞ്ഞു. ഈജിപ്ഷ്യൻ അധികൃതരുമായുള്ള ചർച്ചകൾക്കായി നാളെ കെയ്റോയിലേക്ക് പോകുന്നതിന് മുമ്പ് ബ്ലിങ്കൻ ജിദ്ദയിൽ സഊദി നേതാക്കളുമായി ചർച്ച നടത്തുമെന്ന് വക്താവ് മാത്യു മില്ലർ പറഞ്ഞു.

 

---- facebook comment plugin here -----

Latest