v muraleedharan
ആന്ധ്രാ സര്‍ക്കാര്‍ ദേശവിരുദ്ധരെ സംരക്ഷിക്കുന്നുവെന്ന് വി മുരളീധരന്‍
മുസ്‌ലിം പള്ളിയുടെ നിര്‍മ്മാണം തടയാന്‍ എത്തിയ സംഭവത്തില്‍ ബി ജെ പി നേതാവ് ബുദ്ധ ശ്രീകാന്ത് റെഡ്ഡിയുടെ അറസ്റ്റിനെത്തുടര്‍ന്നായിരുന്നു മുരളീധരന്റെ പ്രസ്താവന
കര്‍ണൂല്‍ | ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ദേശവിരുദ്ധരെ സംരക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാജ്യത്തെ നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നവരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. നേരത്തേ തന്നെ സംസ്ഥാന സര്‍ക്കാര്‍ അഴിമതിക്കും ഭരണ വൈകല്യത്തിനും അടിമപ്പെട്ടിരുന്നു. ഇപ്പോള്‍ ക്രമസമാധാന നിലയും താറുമാറായിരിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.
മുസ്‌ലിം പള്ളിയുടെ നിര്‍മ്മാണം തടയാന്‍ എത്തിയ സംഭവത്തില്‍ ബി ജെ പി നേതാവ് ബുദ്ധ ശ്രീകാന്ത് റെഡ്ഡിയുടെ അറസ്റ്റിനെത്തുടര്‍ന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ശ്രീകാന്ത് റെഡ്ഡി അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വന്നതായിരുന്നില്ല. ആള്‍ക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കാനല്ല അദ്ദേഹം അവിടെയെത്തിയത്. പള്ളിയുടെ നിര്‍മ്മാണത്തിന് തദ്ദേശ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. അതിനാല്‍ ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാനാണ് ശ്രീകാന്ത് റെഡ്ഡി സംഭവ സ്ഥലത്ത് പോയത്. സ്ഥലം സന്ദര്‍ശിക്കുന്ന വിവരം നേരത്തേ തന്നെ എസ് പിയെ തന്നെ അറിയിച്ചിരുന്നുവെന്നും മുരളീധരന്‍ അവകാശപ്പെട്ടു.
ബി ശ്രീകാന്ത് റെഡ്ഡിയും ബി ജെ പി ജില്ലാ പ്രസിഡന്റ് നന്ദ്യാലിനേയും പാര്‍പ്പിച്ചിരിക്കുന്ന സെന്‍ട്രല്‍ ജയിലില്‍ എത്തി കണ്ടതിന് ശേഷമായിരുന്നു മുരളീധരന്റെ പ്രതികരണം.