Health
കൊവിഡിനെ ചെറുക്കാന്‍ വാക്‌സീനെടുക്കുന്നത് 92 ശതമാനം സുരക്ഷിതം; പുതിയ പഠനം
വാക്സീന്‍ രണ്ട് ഡോസ് സ്വീകരിച്ചാലും കൊവിഡ് പിടിപെടാം. എന്നാല്‍ രോഗം തീവ്രമാകുന്ന അവസ്ഥ, മരണസാധ്യത എന്നിവ പിടിച്ചുകെട്ടാന്‍ വാക്സീന് സാധിക്കും. ഫ്രഞ്ച് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നൊരു ഗവേഷക സംഘമാണ് ഈ പഠനം നടത്തിയിരിക്കുന്നത്.

പാരീസ്| കൊവിഡ് മഹാമാരിക്കെതിരെയുള്ള ചെറുത്തുനില്‍പിന് വാക്സീന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ രണ്ട് ഡോസ് വാക്സീന്‍ എടുത്തവരിലും ഒന്നിലധികം തവണ കൊവിഡ് വരുന്നുണ്ട്. അതുകൊണ്ട് തന്നെ കൊവിഡിനെതിരെ വാക്സീന്‍ എത്രമാത്രം ഫലപ്രദമാണെന്ന സംശയം ഇപ്പോഴും ആളുകള്‍ക്കിടയിലുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്, കൊവിഡിനെ ചെറുക്കാന്‍ വാക്സീന് സാധ്യമാണെന്നാണ്. ഫ്രഞ്ച് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നൊരു ഗവേഷക സംഘമാണ് ഈ പഠനം നടത്തിയിരിക്കുന്നത്. രോഗവ്യാപനം വര്‍ധിക്കാനിടയായ ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സീന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുമെന്നും പഠനത്തില്‍ പറയുന്നു. യുഎസ്, യുകെ, ഇസ്രാഈല്‍ എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് രോഗികളില്‍ നിന്നായാണ് ഗവേഷകര്‍ ഇതിനായി വിവരങ്ങള്‍ ശേഖരിച്ചത്.
ഫൈസര്‍/ബയോഎന്‍ടെക്, മൊഡേണ, ആസ്ട്രാസെനേക്ക എന്നീ വാക്സീനുകളാണ് പഠനത്തിനായി പരിഗണിച്ചത്. സെക്കന്‍ഡ് ഡോസ് സ്വീകരിച്ച് പതിനാല് ദിവസം കഴിഞ്ഞാല്‍ കൊവിഡ് ഗുരുതരമായി പിടിപെടുന്നതില്‍ നിന്ന് ഏതാണ്ട് 90 ശതമാനത്തോളം വ്യക്തികളെ രക്ഷിക്കാന്‍ വാക്സീന് സാധിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. വാക്സീന്‍ രണ്ട് ഡോസ് സ്വീകരിച്ചാലും കൊവിഡ് പിടിപെടാം. എന്നാല്‍ രോഗം തീവ്രമാകുന്ന അവസ്ഥ, മരണസാധ്യത എന്നിവ പിടിച്ചുകെട്ടാന്‍ വാക്സീന് സാധിക്കും.
എഴുപത്തിയഞ്ച് വയസും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്സീനുകള്‍ 84 ശതമാനത്തോളം സുരക്ഷ ഉറപ്പുനല്‍കാന്‍ സാധിക്കും. അമ്പത് മുതല്‍ എഴുപത്തിയഞ്ച് വയസ്സുവരെ വരുന്നവരില്‍ 92 ശതമാനം സുരക്ഷ ഉറപ്പുനല്‍കാന്‍ സാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.