Kerala
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്നു മുതല്‍ വാക്‌സിനേഷന്‍
ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ കുട്ടികള്‍ കരുതണം
തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്നു മുതല്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കി തുടങ്ങും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം മൂന്നു വരെയായിരിക്കും സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സമയം. സ്‌കൂളുകളുടെ സൗകര്യംകൂടി കണക്കിലെടുത്ത് വാക്‌സിനേഷന്‍ സമയത്തില്‍ മാറ്റം വന്നേക്കാം. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമെ വാക്‌സിന്‍ നല്‍കു.
സംസ്ഥാനത്ത് 15 വയസിനും 18 വയസിനും ഇടയ്ക്കുള്ള 8,31,495 പേര്‍ക്ക് (55 ശതമാനം) ഇതുവരെ വാക്‌സിന്‍ നല്‍കി കഴിഞ്ഞു. 2007ലോ അതിനുമുമ്പോ ജനിച്ചവര്‍ക്ക് വാക്‌സിന്‍ എടുക്കാവുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.
വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടത്തണം. 500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തിരഞ്ഞെടുത്താണ് വാക്‌സിനേഷന്‍ നടത്തുന്നത്. സ്‌കൂളുകളില്‍ തയാറാക്കിയ വാക്‌സിനേഷന്‍ സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
സാധാരണ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പോലെ സ്‌കൂള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവ ഉണ്ടായിരിക്കും. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് താപനില പരിശോധിച്ച ശേഷമായിരിക്കും വിദ്യാര്‍ഥികളെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുക. കൈകള്‍ സാനിറ്റൈസ് ചെയ്ത ശേഷം വിദ്യാര്‍ഥികള്‍ വെയിറ്റിംഗ് ഏരിയയില്‍ വിശ്രമിക്കണം.
ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ കുട്ടികള്‍ കരുതണം. വാക്‌സിനേഷന്‍ ഡെസ്‌കില്‍ ഇവ കാണിച്ച് രജിസ്റ്റര്‍ ചെയ്ത കുട്ടിയാണെന്ന് ഉറപ്പു വരുത്തും. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ അലര്‍ജിയോ ഇല്ലായെന്നു ചോദിച്ച് ഉറപ്പു വരുത്തും. അതിനു ശേഷം വാക്‌സിനേഷന്‍ റൂമിലെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറുടെ സേവനമുണ്ടാകും.