Kerala
അമിതവേഗ മുന്നറിയിപ്പ് അവഗണിച്ചു; വടക്കഞ്ചേരി അപകടത്തിൽ ബസ് ഉടമയും അറസ്റ്റിൽ
ടൂറിസ്റ്റ് ബസ് ഡ്രൈവർ എറണാകുളം പെരുന്പടവം പൂക്കോട്ടിൽ ജോജോ പത്രോസിനെ പോലീസ് ഇന്നലെ പിടികൂടിയിരുന്നു.
ചവറ | വടക്കഞ്ചേരിയിൽ ഒൻപതു പേരുടെ മരണത്തിനിടയാക്കിയ വാഹനപകടത്തിൽ ടൂറിസ്റ്റ് ബസ് ഉടമ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് അമിത വേഗത്തിലാണെന്ന് ജിപിഎസ് മുന്നറിയിപ്പ് വന്നിട്ടും അവഗണിച്ചതിനാണ് അറസ്റ്റ്. 19 തവണ ബസ് അമിത വേഗത്തിലാണെന്ന് ഉടമയുടെ ഫോണിൽ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു.
ടൂറിസ്റ്റ് ബസ് ഡ്രൈവർ എറണാകുളം പെരുന്പടവം പൂക്കോട്ടിൽ ജോജോ പത്രോസിനെ പോലീസ് ഇന്നലെ പിടികൂടിയിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയും ചെയ്തു. അപകടത്തിന് ശേഷം മുങ്ങിയ ജോമോനെ രക്ഷപ്പെടാൻ സഹായിച്ചതിനും ബസ് ഉടമക്ക് എതിരെ നടപടിയുണ്ടാകും.
ബുധനാഴ്ച രാത്രി പതിനൊന്നരക്ക് എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയര്‍ സെക്കന്‍ഡറി സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനു പിറകിൽ ഇടിച്ചായിരുന്നു അപകടം.
അതേസമയം, വെള്ളിയാഴ്ച സംസ്ഥാനത്ത് 134 ബസുകൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടിയെടുത്തു. വേഗപ്പൂട്ടിലെ കൃത്രിമം, അനധികൃത രൂപമാറ്റം ഉൾപ്പെടെ വ്യാപക ക്രമക്കേട് കണ്ടെത്തി. ആകെ 2.16 ലക്ഷം രൂപ പിഴ ഈടാക്കി. 10 ദിവസം പരിശോധന നീണ്ടുനിൽക്കും.