Kerala
വടകര കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: ഈമാസം 25നകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പോലീസിനോട് കോടതി
രണ്ടാഴ്ച മുമ്പ് നിര്‍ദേശം നല്‍കിയിട്ടും ഇന്ന് റിപോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
കോഴിക്കോട് | വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പോലീസിനെതിരെ കോടതി. ഈ മാസം 25 നകം അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസിന് കര്‍ശന നിര്‍ദേശം നല്‍കി. രണ്ടാഴ്ച മുമ്പ് നിര്‍ദേശം നല്‍കിയിട്ടും ഇന്ന് റിപോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ഇന്ന് അന്വേഷണ പുരോഗതി റിപോര്‍ട്ട് ഹാജരാക്കണമെന്നായിരുന്നു രണ്ടാഴ്ച മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ കോടതി നല്‍കിയ നിര്‍ദേശം. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് രാവിലെ കേസ് പരിഗണിച്ചപ്പോള്‍ പോലീസ് അറിയിച്ചത്.
അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അടുത്ത തിങ്കളാഴ്ച വരെ സാവകാശം അനുവദിച്ച കോടതി അന്വേഷണവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനയുടെ വിശദാംശങ്ങള്‍ തിങ്കളാഴ്ചയ്ക്ക് മുമ്പ് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു.