Kerala
വടകര താലൂക്ക് ഓഫീസിലെ തീപ്പിടുത്തം; ആന്ധ്ര സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി
ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് വിവരം
കോഴിക്കോട് | വടകര താലൂക്ക് ഓഫീസിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ആന്ധ്രാ പ്രദേശ് സ്വദേശി സതീഷ് സത്യനാരായണയുടെ അറസ്റ്റ് രേഖപ്പെടുത്തി. വടകരയിലെ മൂന്ന് തീപ്പിടിത്ത കേസുകളിലാണ് അറസ്റ്റ്. നാലാമതൊരു കേസ് കൂടി ഇയാൾക്കെതിരെയുണ്ട്. മൂന്ന് തീപ്പിടിത്ത സംഭവങ്ങളിലും തീയിട്ടതെന്ന് ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് നിഗമനം.
തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് സ്ഥിതിചെയ്യുന്നത്. പൈതൃക കെട്ടിടമായി ഇതിനെ സംരക്ഷിച്ച് 2017ല്‍ പുതുക്കിയിരുന്നു.1920 മുതലുള്ള താലൂക്കിലെ റവന്യു രേഖകള്‍ കെട്ടിടത്തിലുണ്ടായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തതിന് കാരണമെന്നാണ് ഇലക്ട്രിക്കല്‍ വിദഗ്ധരും കെഎസ്ഇബിയും നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വെളിവായത്. സംഭവത്തില്‍ ജില്ലാ കലക്ടറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.