National
വഡോദര ബോട്ട് അപകടം; സ്വമേധയാ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി
മുനിസിപ്പല്‍ അധികൃതരും, കരാറുകാരും അടക്കം 18 പേര്‍ക്കെതിരെയാണ് കേസ്
ഗാന്ധി നഗര്‍ | വഡോദര ബോട്ട് അപകടത്തില്‍ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തില്‍ മുനിസിപ്പല്‍ അധികൃതരും, കരാറുകാരും അടക്കം 18 പേര്‍ക്കെതിരെയാണ് കേസ് . ജീവനെടുക്കുന്ന അനാസ്ഥ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി ഹരണി തടകത്തില്‍ ഉണ്ടായ അപകടത്തില്‍ 12 കുട്ടികളും രണ്ട് അധ്യാപകരും ഉള്‍പ്പെടെ 14 പേരാണ് മരിച്ചത്.
ഇത്തരത്തിലുള്ള ഒരു അനാസ്ഥയും വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, സുരക്ഷാ മാര്‍ദണ്ഡങ്ങള്‍ പാലിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും നിരീക്ഷിച്ചു.
അതേ സമയം ജില്ലാ കലക്ടര്‍ എ ബി ഗോറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ അന്വേഷണ സംഘം അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച ഉണ്ടായതായി കണ്ടെത്തി. 14 പേര്‍ക്ക് പരമാവധി യാത്ര ചെയ്യാന്‍ കഴിയുന്ന ബോട്ടില്‍ 30ലേറെ പേരെ കയറ്റി എന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി. ബോട്ടില്‍ 2 സുരക്ഷാ ജീവനക്കാര്‍ വേണമെന്ന് ചട്ടം പാലിച്ചില്ല, ലൈഫ് ജാക്കറ്റ് അടക്കം സുരക്ഷാസംവിധാനങ്ങള്‍ ഒന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ല. ബോട്ട് ഡ്രൈവറെയും മാനേജറെയും പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഇന്നലെ വൈകീട്ട് 4.30 ഓടെയാണ്, ന്യൂ സണ്‍ റൈസ് സ്‌കൂളിലെ ഒന്നു മുതല്‍ 6 വരെ ക്ലാസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കയറിയ വിനോദ സഞ്ചാര ബോട്ട് അപകടത്തില്‍പ്പെട്ടത്.