Malappuram
വൈലത്തൂർ ബാവ മുസ്‌ലിയാർ: ജീവിതവും കൃതികളും ദേശീയ സെമിനാർ നാളെ
ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂനിവേഴ്‌സിറ്റി പ്രൊഫ. ഡോ. മുസഫർ ആലം മുഖ്യാതിഥിയാകും
തേഞ്ഞിപ്പലം | വൈലത്തൂർ ബാവ മുസ്‌ലിയാരുടെ ജീവിതവും കൃതികളും പഠനവിധേയമാക്കുന്ന ദേശീയ സെമിനാറിന് നാളെ തുടക്കം. വെള്ളി, ശനി ദിവസങ്ങളിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നടക്കുന്ന സെമിനാർ രണ്ടത്താണി ജാമിഅ: നുസ്്റത്തിന് കീഴിലുള്ള ഒ കെ ഉസ്താദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ് റിസർച്ചസ് ഇൻ ഇസ്്ലാമിക് സ്റ്റഡീസും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപാർട്ട്‌മെൻ്റും ചേർന്നാണ് സംഘടിപ്പിക്കുന്നത്.
വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് സെമിനാർ ഉദ്ഘാടനം ചെയ്യും. ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂനിവേഴ്‌സിറ്റി പ്രൊഫ. ഡോ. മുസഫർ ആലം മുഖ്യാതിഥിയായിരിക്കും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം വകുപ്പ് തലവൻ ഡോ. എ ബി മൊയ്തീൻകുട്ടി ആമുഖ പ്രഭാഷണം നടത്തും. ഡോ. ഹുസൈൻ രണ്ടത്താണി, പ്രൊഫ. ഡോ. അബ്ദുൽ മജീദ് ടി എ, ഡോ. അബ്ദുൽ മജീദ്, അലി ബാഖവി സംബന്ധിക്കും.
തുടർന്ന്, ആറ് സെഷനുകളിലായി ഇന്ത്യയിലെ വിവിധ യൂനിവേഴ്‌സിറ്റികളിൽ നിന്നും ഗവേഷണം ചെയ്തു കൊണ്ടിരിക്കുന്നവരും പൂർത്തിയാക്കിയവരുമായ ഗവേഷണ വിദ്യാർഥികൾ തയ്യാറാക്കിയ 35ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. ബാവ മുസ്‌ലിയാരുടെ ജീവിതം, ഭാഷ, സാഹിത്യം, വ്യാകരണം, കവിതകൾ, തത്വശാസ്ത്രം, കർമശാസ്ത്രം, നിദാന ശാസ്ത്രം, ഇസ്‌ലാമിക പഠനം എന്നിവയിൽ സമർപ്പിച്ച സംഭാവനകളും അദ്ദേഹത്തിൻ്റെ രചനയിലെ രീതിശാസ്ത്രം, ശൈലി വ്യതിരക്തതകൾ എന്നിവയും ചർച്ച ചെയ്യപ്പെടും.
ശനിയാഴ്ച നടക്കുന്ന പ്രഥമ സെഷനിൽ മദ്രാസ് യൂനിവേഴ്‌സിറ്റി ജെ ബി എസ് സെൻ്റർ ഓഫ് ഇസ്്ലാമിക് സ്റ്റഡീസ് തലവൻ ഡോ. പി കെ അബ്ദുർറഹ്മാൻ മുഖ്യാതിഥിയായിരിക്കും. ഡോ. അലി നൗഫൽ, ഡോ. സൈനുദ്ദീൻ, ഡോ. അബ്ദുല്ലത്വീഫ്, ഡോ. സൈനുൽ ആബിദ് ഹുദവി, ഡോ. ശുഐബ്, ഡോ. ഫൈസൽ അഹ്‌സനി, ഡോ. നൗഫൽ ഹുദവി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ഡോ. നുഐമൻ, ഡോ മോയിൻ ഹുദവി, ഡോ. ബശീർ, ഡോ. ശുകൂർ ഡോ. ജബ്ബാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഒ കെ ഉസ്താദ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അലി ബാഖവി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.