Connect with us

Kerala

വൈശാഖ് ഇനി ജ്വലിക്കുന്ന ഓര്‍മ; ധീര ജവാന് നാടിന്റെ യാത്രാമൊഴി

Published

|

Last Updated

കൊല്ലം | ജമ്മുവിലെ പൂഞ്ചില്‍ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന് ജന്മനാട് വീരോചിതമായ യാത്രയയപ്പ് നല്‍കി. ആയിരക്കണക്കിന് പേരാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കൊല്ലം കുടവട്ടൂര്‍ ഗ്രാമത്തിലെത്തിയത്. പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് വിലാപ യാത്രയായി എത്തിച്ച വൈശാഖിന്റെ ഭൗതികശരീരത്തില്‍ അവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈശാഖ് പഠിച്ച കുടവട്ടൂര്‍ എല്‍ പി സ്‌കൂളിലേക്ക് വിലാപയാത്ര എത്തിയപ്പോഴേക്കും വന്ദേമാതരം വിളികളാല്‍ മുഖരിതമായിരുന്നു അന്തരീക്ഷം.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി അന്ത്യോപചാരം അര്‍പ്പിച്ചു. പൊതുദര്‍ശനം അവസാനിപ്പിച്ച് വൈശാഖിന്റെ വീട്ടിലേക്ക് ദേശീയ പതാക പുതപ്പിച്ച് ഭൗതികശരീരം മാറ്റുമ്പോഴും വന്‍ ജനാവലി അനുഗമിച്ചു. തുടര്‍ന്ന് സൈന്യത്തിലെ സഹപ്രവര്‍ത്തകര്‍ ഔദ്യോഗിക യാത്രാമൊഴി നല്‍കി. പിന്നാലെ ഭൗതികശരീരം സംസ്‌ക്കരിച്ചു.

പൂഞ്ചില്‍ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. 24കാരനായ വൈശാഖിനു പുറമെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ജസ്‌വീന്ദര്‍ സിങ്, നായിക് മന്‍ദീപ് സിങ്, ശിപോയിമാരായ ഗജ്ജന്‍ സിങ്, ശിപോയി സരാജ് സിങ് എന്നിവരാണ് രക്തസാക്ഷികളായത്. പൂഞ്ചിലെ വനമേഖലയില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

 

Latest