Connect with us

vakkam purushothaman

സഭാനാഥനായി തലയുയര്‍ത്തിയ വക്കം പുരുഷോത്തമന്‍

മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസില്‍ താമസിച്ച ആദ്യത്തെയാള്‍

Published

|

Last Updated

കോഴിക്കോട് | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ ഓര്‍മയാകുമ്പോള്‍ കേരള നിയമസഭയുടെ ചരിത്രം തലയുയര്‍ത്തി നില്‍ക്കും. എം എല്‍ എയും മന്ത്രിയും എം പിയും ലക്ഷദ്വീപ് ലഫ്റ്റന്റ് ഗവര്‍ണറുമായെല്ലാം തിളങ്ങിയെങ്കിലും നിയമസഭാ സ്പീക്കര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു.

മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസില്‍ താമസിച്ച ആദ്യത്തെയാള്‍ എന്ന ഒരു വിശേഷണം അദ്ദേഹത്തിനുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍വച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണുപരുക്കേറ്റ് ചികില്‍സയിലായിരുന്നപ്പോള്‍ വക്കത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല. അങ്ങനെയാണ് അദ്ദേഹം ക്ലിഫ് ഹൗസില്‍ എത്തിയത്.

സമയ ക്ലിപ്തതയില്ലാതെ അനിശ്ചിതമായി നടന്നുകൊണ്ടിരുന്ന നിയമ സഭാ നടപടിക്രമങ്ങള്‍ക്കു കൃത്യമായ വ്യവസ്ഥകള്‍ നടപ്പാക്കിയത് ആജ്ഞാശക്തിയുള്ള വക്കം പുരുഷോത്തമന്‍ നിയമസഭാ സ്പീക്കറായിരുന്ന കാലത്താണ്. 1982 ജൂണ്‍ 24 മുതല്‍ 1984 ഡിസംബര്‍ 28 വരെ ആദ്യ ഘട്ടത്തില്‍ അദ്ദേഹം സഭാനാഥനായി. പിന്നീട് 2001 മെയ് 17 മുതല്‍ 2004 സെപ്തംബര്‍ നാലു വരെയും അദ്ദേഹം സഭയെ കരുത്തനായി നിയന്ത്രിച്ചു.

നിയമസഭയില്‍ നിരവധി വാക്കുകള്‍ക്കു കാലാകാലങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അണ്‍പാര്‍ലിമെന്ററിയായി പ്രഖ്യാപിച്ച വാക്കുകള്‍ അംഗങ്ങള്‍ പ്രയോഗിക്കാന്‍ പാടില്ല. താന്‍ എന്ന വാക്കിനു സഭയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് വക്കം സ്പീക്കറായിരിക്കെയാണ്. തന്ത എന്ന വാക്ക് തെറ്റല്ലെങ്കിലും അതു പ്രയോഗിക്കുന്ന രീതി അലോസരമുണ്ടാക്കുന്നതാണെന്നും സ്പീക്കര്‍ റൂളിങ് നല്‍കി. 1981ല്‍ ഒരു മന്ത്രി തന്റെ പാര്‍ട്ടിയില്‍ ചെറുപ്പക്കാരുണ്ട്, അലവലാതികളില്ല എന്നു പ്രയോഗിച്ചതോടെ അലവലാതി എന്ന വാക്കിനും അദ്ദേഹം വിലക്കേര്‍പ്പെടുത്തി.

സംഭവ ബഹുലമായിരുന്ന 11 ാം നിയമസഭയുടെ സ്പീക്കര്‍ എന്ന നിലയിലാണ് വക്കം പുരുഷോത്തമന്റെ പേരു രേഖപ്പെട്ടു കിടക്കുന്നത്. 11ാം നിയമസഭയിലേക്ക് യു ഡി എഫ് നേടിയത് 99 അംഗങ്ങളുടെ ചരിത്രവിജയമായിരുന്നു. 2001 മെയ് 17 ന് എ കെ ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വക്കം പുരുഷോത്തമന്‍ സ്പീക്കറും എന്‍ സുന്ദരന്‍ നാടാര്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു. ഔദ്യോഗിക ഭാഷ സംബന്ധിച്ച നിയമസഭാ സമിതിയും ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റിയും രൂപീകരിച്ചത് ആ സഭയാണ്. വി എസ് അച്യുതാനന്ദനായിരുന്നു പ്രതിപക്ഷ നേതാവ്. വന്‍ ജന പിന്തുണയോടെ വി എസ് സഭയിലും പുറത്തും നിറഞ്ഞുനിന്ന കാലമായിരുന്നു.

സംസ്ഥാന കോണ്‍ഗ്രസ്സിലെ എ, ഐ പോര് അതിന്റെ പാരമ്യത്തിലെത്തിയ കാലം. ഹൈക്കമാന്റ് നിര്‍ദ്ദേശത്തെ തുടര്‍ന്നു രാജിവച്ച കെ പി സി സി പ്രസിഡന്റ് കെ മുരളീധരനെ വൈദ്യുതി മന്ത്രിയാക്കിയത് ആ കാലത്തായിരുന്നു. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കെ കരുണാകരന്‍ യുഗത്തിന് അന്ത്യംകുറിച്ച രാഷ്ട്രീയ ചലനങ്ങളുടെ സുപ്രധാന വഴിത്തിരിവുകള്‍ സംഭവിച്ചു.

മന്ത്രിയായ കെ മുരളീധരനു നിയമസഭയിലെത്താന്‍ കെ കരുണാകരന്റെ വിശ്വസ്തനായിരുന്ന വി ബാലറാമിനെ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നു രാജിവെപ്പിച്ചു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ മുരളീധരന്റെ കാലുവാരി പരാജയപ്പെടുത്തി. മന്ത്രിയായിരിക്കെ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെന്ന അപമാന ഭാരം കെ കരുണാകരന്റെ മകന്റെ തലയില്‍ പതിച്ചു. ഒരു നിയമസഭാ സമ്മേളനത്തില്‍പ്പോലും പങ്കെടുക്കാതെ കെ മുരളീധരനു മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. സി പി എം നേതാവ് എ സി മൊയ്തീനാണ് മുരളീധരനെ തോല്‍പ്പിച്ചത്. മൊയ്തീന്‍ ആദ്യമായി സഭയിലെത്തിയ തെരഞ്ഞെടുപ്പായിരുന്നു അത്.

ഗ്രൂപ്പുകള്‍ പകപോക്കിയതിന്റെ ഭാഗമായി ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്നു 2004 ആഗസ്റ്റ് 29-നു എ കെ ആന്റണി രാജിവച്ചപ്പോള്‍ സഭ നയിച്ചതു വക്കമായിരുന്നു. തുടര്‍ന്ന് ആഗസ്ത് 31-ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ സ്പീക്കര്‍ സ്ഥാനം രാജിവച്ച വക്കം പുരുഷോത്തമന്‍ ധനകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

വക്കം മന്ത്രിയായി പോയെങ്കിലും അദ്ദേഹം സ്പീക്കറായി തുടക്കമിട്ട 11 ാം നിയമസഭ അപൂര്‍വമായ നിരവധി സംഭവ വികാസങ്ങള്‍ക്കു പിന്നെയും സാക്ഷ്യം വഹിച്ചു. കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ആരോപണവിധേയനായ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ രാജി, പകരക്കാരനായി വി കെ ഇബ്രാഹിംകുഞ്ഞിന്റെ സത്യപ്രതിജ്ഞ, സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കൂത്തുപറമ്പ് എം എല്‍ എ പി ജയരാജന്റെ രാജി, ഉപതെരഞ്ഞെടുപ്പില്‍ ജയരാജന്റെ തിരിച്ചുവരവ്, രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നിയമസഭയില്‍നിന്ന് എ കെ ആന്റണിയുടെ രാജി, കെ കരുണാകരന്‍ രൂപീകരിച്ച ഡി ഐ സി(കെ)യില്‍ ചേരുന്നതിന് ഒന്‍പത് കോണ്‍ഗ്രസ് എം എല്‍ എമാരുടെ രാജി, കോണ്‍ഗ്രസ് ഐയില്‍ ചേരുന്നതിന് കോണ്‍ഗ്രസ് എസ് എം എല്‍ എ വി സി കബീറിന്റെ രാജി, സുപ്രീംകോടതി അയോഗ്യത വിധിച്ചതിനെ തുടര്‍ന്നു നീലലോഹിതദാസിന്റെ രാജി തുടങ്ങി കേരള നിയമസഭയുടെ ചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ക്ക് ആ സഭ സാക്ഷിയായി.

സജീവരാഷ്ട്രീയത്തില്‍ വിരമിച്ച ശേഷം തിരുവനന്തപുരം കുമാരപുരത്തെ വീടായിരുന്നു വക്കം പുരുഷോത്തമന്റെ ലോകം. രാഷ്ട്രീയ ഉപദേശങ്ങള്‍ തേടി പലരും അദ്ദേഹത്തെ സന്ദര്‍ശിച്ചു. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിച്ചുകൊണ്ട് ഭാര്യ ലില്ലിയും കൂടെയുണ്ടാവും. 95 ാം വയസ്സില്‍ വിശ്രമ ജീവിതം നയിക്കുമ്പോഴും അദ്ദേഹം എല്ലാ ദൈനംദിന രാഷ്ട്രീയ ചലനങ്ങളെക്കുറിച്ചും ശ്രദ്ധാലുവായിരുന്നു.

യൂനിവേഴ്‌സിറ്റി കോളജിലെ ബിരുദപഠനകാലത്തു ലേഖനങ്ങള്‍ എഴുതിയപ്പോഴാണ് പേരിനൊരു ചന്തം കൂട്ടാന്‍ വക്കം എന്ന ജന്മനാടിന്റെ നാമം സ്വന്തം പേരിന് മുന്നില്‍ ചേർത്തത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തുവന്ന അദ്ദേഹം ആദ്യം വക്കം പഞ്ചായത്തംഗമായി. പിന്നീട് അലിഗഡ് സര്‍വകലാശായില്‍ നിയമത്തില്‍ ഉപരിപഠത്തിന് പോയി തിരികെ വന്ന് അഭിഭാഷകനായി. മൂന്നു തവണ സംസ്ഥാന മന്ത്രിസഭയിലും രണ്ടുതവണ ലോക്‌സഭയിലും രണ്ടുതവണ ഗവര്‍ണര്‍പദവിയിലും ഇരുന്നു. അഞ്ചുതവണ നിയമസഭാംഗമായിരുന്നു.

1994ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത അദ്ദേഹം ലക്ഷദ്വീപിലെ ജീവിതം സുഗമമാക്കുന്നതിനുള്ള നിരവധി അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. രണ്ടുതവണയായി ഏറ്റവുമധികം കാലം നിയസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോര്‍ഡ് വക്കം പുരുഷോത്തമന്റെ പേരിലാണ്. ഏറ്റെടുത്ത കര്‍മങ്ങളെല്ലാം ധീരമായി നിര്‍വഹിച്ചു എന്നതായിരുന്നു ആ രാഷ്ട്രീയ നേതാവിന്റെ സവിശേഷത.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest