Articles
മൂല്യ വിദ്യാഭ്യാസവും മദ്റസയും
മൂല്യ വിദ്യാഭ്യാസം മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാണ്. പ്രവാചകന്റെ കാലം മുതല്‍ ഇസ്്‌ലാമിക സമൂഹത്തില്‍ മുടങ്ങാതെ ഈ വിദ്യാഭ്യാസ പ്രക്രിയ നിലനില്‍ക്കുന്നു. മുസ്‌ലിം സമൂഹത്തെ സാക്ഷരരായി നിലനിര്‍ത്തുന്നതിലും സംസ്‌കരിക്കുന്നതിലും മദ്‌റസാ വിദ്യാഭ്യാസം വലിയ പങ്കുവഹിക്കുന്നു.

മനുഷ്യന് വായു, വെള്ളം, ഭക്ഷണം എന്നിവ പോലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യമാണ് മൂല്യങ്ങള്‍. താന്‍ ജീവിക്കുന്ന ആവാസവ്യവസ്ഥയിലെ ഒരംഗം മാത്രമാണ് മനുഷ്യന്‍. അനേകം ചരാചരങ്ങള്‍ അതില്‍ അംഗങ്ങളാണ്. എല്ലാ അംഗങ്ങളുടെയും സുസ്ഥിതിയും വ്യവസ്ഥയുടെ നിലനില്‍പ്പും സാധ്യമാകാന്‍ അംഗങ്ങളെല്ലാം പരസ്പരം കൊണ്ടും കൊടുത്തും സഹകരിച്ചും കഴിയേണ്ടതുണ്ട്. ചരാചരങ്ങള്‍ക്കിടയില്‍ ഈ സഹകരണം സ്വാഭാവികമായി നിലനില്‍ക്കുന്നത് കാണാം.
ചെടികള്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡും സൂര്യപ്രകാശവും മണ്ണില്‍ നിന്ന് വെള്ളവും വളവും സ്വീകരിച്ച് ഓക്സിജനും ഫലങ്ങളും ഉത്പാദിപ്പിക്കുന്നു. ഇവ ജീവികള്‍ ഉപയോഗിക്കുന്നു. അവയുടെ വിസര്‍ജ്യങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡും മലമൂത്രാദികളും ചെടികള്‍ ഉപയോഗിക്കുന്നു. ഇങ്ങനെയുള്ള അനേകം സഹകരണ ശൃംഖലകളുടെ ബലത്തിലാണ് ആവാസവ്യവസ്ഥ നിലനില്‍ക്കുന്നത്. എന്നാല്‍ വിശേഷബുദ്ധിയുള്ള മനുഷ്യന് എല്ലാറ്റിനെയും കീഴ്പ്പെടുത്താന്‍ ശേഷിയുണ്ട്. ഇതുകാരണം അവനെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ ആവശ്യമായി വന്നു. ഈ നിയമങ്ങള്‍ നല്‍കാന്‍ മനുഷ്യ പ്രകൃതിയും പ്രപഞ്ചത്തിന്റെ ഘടനയും സൂക്ഷ്മമായി അറിയുന്ന സ്രഷ്ടാവിനേ കഴിയൂ. വ്യവസ്ഥയുടെയും മനുഷ്യന്റെയും സുസ്ഥിതിയും മനുഷ്യരുടെ ഇഹപര വിജയവും ലക്ഷ്യമാക്കി സ്രഷ്ടാവ് നല്‍കിയ മൂല്യ സഞ്ചയമാണ് മതം. ഈ മൂല്യങ്ങള്‍ ഇളം തലമുറയെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളാണ് മദ്റസകള്‍.
മദ്റസ
മദ്റസ എന്ന പദത്തിന് പാഠശാല അഥവാ സ്‌കൂള്‍ എന്നാണ് അര്‍ഥം. മത മൂല്യങ്ങളുടെ പരിശീലന കളരിയാണ് മദ്റസ. ‘അടിയുറച്ച വിശ്വാസമുള്ള, മുസ്‌ലിമായി ജീവിക്കുന്ന വ്യക്തിയെ വളര്‍ത്തിയെടുക്കുക’ എന്നതാണ് അതിന്റെ ലക്ഷ്യം. വിജ്ഞാനത്തിന്റെ സ്വാംശീകരണം, മനോഭാവ രൂപവത്കരണം, നൈപുണ്യ പരിശീലനം എന്നിവയാണ് മദ്റസകളില്‍ നടക്കുന്നത്. ഇതിന് ആവശ്യമായ വ്യവസ്ഥാപിത പാഠ്യപദ്ധതിയും പാഠ്യക്രമവും പാഠപുസ്തകവും പഠന-പാഠന രീതിശാസ്ത്രവും മൂല്യനിര്‍ണയ-മോണിറ്ററിംഗ് സംവിധാനവും മദ്റസകള്‍ പിന്തുടരുന്നു.
മൂല്യ വിദ്യാഭ്യാസം മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാണ്. പ്രവാചകന്റെ കാലം മുതല്‍ ഇസ്‌ലാമിക സമൂഹത്തില്‍ മുടങ്ങാതെ ഈ വിദ്യാഭ്യാസ പ്രക്രിയ നിലനില്‍ക്കുന്നു. മുസ്‌ലിം സമൂഹത്തെ സാക്ഷരരായി നിലനിര്‍ത്തുന്നതിലും സംസ്‌കരിക്കുന്നതിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടു പോകാന്‍ പ്രാപ്തരാക്കുന്നതിലും മദ്റസാ വിദ്യാഭ്യാസം വലിയ പങ്കുവഹിക്കുന്നു. സ്വന്തം ബാധ്യതയായി ഏറ്റെടുത്ത് മുസ്‌ലിം സമുദായം ഈ വിദ്യാഭ്യാസ സംവിധാനം മുന്നോട്ടു കൊണ്ടുപോകുന്നതും ഇതുകൊണ്ടാണ്.
മൂല്യങ്ങള്‍
മൂല്യങ്ങള്‍ മൂന്നിനമാണ്. അവ വിശ്വാസം, കര്‍മം, സ്വഭാവം എന്നിവയാണ്. വിശ്വാസമാണ് അടിസ്ഥാന മൂല്യം. അത് കര്‍മത്തിന്റെ പ്രചോദനവും ഊര്‍ജവുമാണ്. സ്രഷ്ടാവിലും അവന്റെ ദൂതനിലും രക്ഷാശിക്ഷകളിലും വിശ്വസിക്കാത്തവന് മറ്റു മൂല്യങ്ങള്‍ അര്‍ഥശൂന്യമായി അനുഭവപ്പെടും. വിശ്വാസത്തെ ഊട്ടിയുറപ്പിക്കാനും പോഷിപ്പിക്കാനും വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും കര്‍മങ്ങള്‍ ആവശ്യമാണ്. സാമൂഹിക ജീവിതം സുഖകരമാക്കാന്‍ സ്വഭാവ മൂല്യങ്ങളും അനിവാര്യമാണ്. ഉദാഹരണമായി നിസ്‌കാരം മനസ്സിനെ ശുദ്ധമാക്കുന്നു, തിന്മകളില്‍ നിന്ന് തടയുന്നു. സകാത്ത് സമൂഹത്തിലെ അംഗങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നു. സത്‌സ്വഭാവം ഊഷ്മളമായ സാമൂഹിക ജീവിതം സാധ്യമാക്കുന്നു. അങ്ങനെ വ്യക്തിക്കും സമൂഹത്തിനും സുസ്ഥിതിയും ആനന്ദവും കൈവരുന്നു.
വിദ്യാഭ്യാസ ബോര്‍ഡ്
മദ്റസാ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന ബോഡിയാണ് വിദ്യാഭ്യാസ ബോര്‍ഡ്. മദ്റസാ വിദ്യാഭ്യാസത്തിന്റെ കരിക്കുലം, സിലബസ്, ടെക്സ്റ്റ് ബുക്ക് തുടങ്ങിയവയുടെ നിര്‍മാണം, അധ്യാപകരുടെ പരിശീലനം, മൂല്യനിര്‍ണയം, മോണിറ്ററിംഗ് തുടങ്ങിയവ വിദ്യാഭ്യാസ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നിരീക്ഷണ വിധേയവുമാണ്. പ്രത്യേക നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ്
1951ലാണ് സമസ്തയുടെ കീഴില്‍ മദ്റസാ വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ വന്നത്. 1989ല്‍ സമസ്തയുടെ പുനഃസംഘടനയെ തുടര്‍ന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇത് ഇന്ത്യയിലെ പ്രാഥമിക മത വിദ്യാഭ്യാസ രംഗത്ത് ഒരു വഴിത്തിരിവായിരുന്നു. പാഠ്യപദ്ധതി, സിലബസ്, പാഠപുസ്തകം, പഠനം, പാഠനം, മൂല്യനിര്‍ണയം തുടങ്ങി മദ്റസാ വിദ്യാഭ്യാസ മേഖലയില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ വരവോടെ സമഗ്ര മാറ്റമുണ്ടായി.
ആദ്യമായി മദ്റസാ വിദ്യാഭ്യാസത്തിന് ലിഖിത രൂപത്തിലുള്ള പാഠ്യപദ്ധതിയുണ്ടാക്കിയത് സുന്നി വിദ്യാഭ്യാസ ബോര്‍ഡാണ്. എല്ലാ പാഠ്യ വിഷയങ്ങള്‍ക്കും ഇന്ത്യന്‍ സാഹചര്യത്തിനിണങ്ങുന്ന സ്വതന്ത്രമായ പാഠപുസ്തകങ്ങള്‍ നിലവില്‍ വന്നു. മദ്റസയിലെ അറബി ലിപി ‘പൊന്നാനി’യില്‍ നിന്ന് അന്താരാഷ്ട്ര പ്രസിദ്ധമായ ഖത്തുന്നസ്ഖിലേക്കു മാറി, ഭാഷാ പഠനം ഡയറക്ട് മെത്തേഡിലായി.
കണ്ടും ചെയ്തും രസിച്ചും ഗ്രഹിച്ചും പഠിക്കാന്‍ അവസരം സൃഷ്ടിക്കുന്ന പഠന-പാഠന സമീപനം, പ്രാക്ടിക്കല്‍, ഇന്റേണല്‍, പ്രൊജക്ട്, വാചികം, ലിഖിതം എന്നീ രീതികളിലുള്ള സമഗ്ര മൂല്യനിര്‍ണയ സംവിധാനം, അധ്യാപകര്‍ക്കുള്ള കിതാബുല്‍ മുഅല്ലിം, വിദ്യാര്‍ഥികളുടെ വര്‍ക്ക് ബുക്ക് തുടങ്ങിയ ബോര്‍ഡിന്റെ പരിഷ്‌കരണങ്ങള്‍ക്ക് വലിയ പിന്തുണ ലഭിച്ചു. വിശ്വാസം, ഭയഭക്തി, രാജ്യസ്നേഹം, രാഷ്ട്ര സേവനം, പ്രകൃതി സൗഹൃദ ജീവിതം, സ്നേഹം, കാരുണ്യം, സഹിഷ്ണുത തുടങ്ങിയ ഉദാത്ത മൂല്യങ്ങളുള്‍ക്കൊള്ളുന്ന തലമുറയെ വളര്‍ത്തിയെടുക്കാന്‍ ഉതകുന്നതാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ പാഠ്യപദ്ധതി.
തിബ്‌യാന്‍ പ്രീ സ്‌കൂള്‍, തിബ്ഷോര്‍ പ്രീ സ്‌കൂള്‍ എന്നീ സംവിധാനങ്ങള്‍ ധാര്‍മികാന്തരീക്ഷത്തിലുള്ള പ്രീസ്‌കൂള്‍ വിദ്യാഭ്യാസം സാധ്യമാക്കി. ഇരുനൂറ്റിയമ്പതോളം പ്രീ സ്‌കൂളുകളുള്ള കേരളത്തിലെ ഏറ്റവും വലിയ പ്രീ സ്‌കൂള്‍ സംവിധാനമായി അത് മാറി. വിദ്യാഭ്യാസ ചിന്തകരുടെയും അധ്യാപകരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റാന്‍ ഇതിന് സാധിച്ചു.
എസ് എം എ
വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രാദേശിക തലങ്ങളില്‍ മദ്റസകളുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് മദ്റസാ മാനേജ്മെന്റാണ്. മാനേജ്മെന്റിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്യാന്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ രൂപവത്കൃതമായ സംഘടനയാണ് സുന്നി മദ്റസാ മാനേജ്മെന്റ് അസ്സോസിയേഷന്‍ (എസ് എം എ).
എസ് ജെ എം
വിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച മദ്റസകളില്‍ സേവനം ചെയ്യുന്ന മുഅല്ലിമുകളുടെ സംഘടനയാണ് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍. ഇത് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴ് ഘടകമാണ്. ബോര്‍ഡിന്റെ പാഠ്യപദ്ധതി അംഗീകരിച്ചു പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ സേവനം ചെയ്യുന്ന അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും മാനേജ്മെന്റ് കമ്മിറ്റികളെയും പരസ്പരം ബന്ധപ്പെടുത്തി മദ്റസകളുടെ അഭിവൃദ്ധിക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് എസ് ജെ എമ്മിന്റെ ലക്ഷ്യം.
രാഷ്ട്ര സേവനം
മദ്റസകള്‍ നിര്‍വഹിക്കുന്നത് മഹത്തായ രാജ്യസേവനമാണ്. അച്ചടക്കമുള്ള പൗരന്മാരാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. നിയമങ്ങള്‍ അനുസരിച്ച് ധര്‍മനിഷ്ഠരായി ജീവിക്കുന്ന തലമുറയെ വളര്‍ത്തിയെടുക്കുകയാണ് മദ്റസകള്‍. രാജ്യത്ത് സമാധാനവും സഹവര്‍ത്തിത്വവും ഉണ്ടാക്കി ഉത്പാദന മേഖലയെ ഉത്തേജിപ്പിച്ച് രാജ്യത്തിന്റെ വളര്‍ച്ച സാധ്യമാക്കാന്‍ ഈ സമൂഹത്തിന് കഴിയുന്നു.
രാജ്യത്തെ മുസ്‌ലിം സമൂഹത്തെയും മറ്റുള്ളവരെയും താരതമ്യം ചെയ്താല്‍ മദ്റസകള്‍ ചെയ്യുന്ന മഹത്തായ സേവനം മനസ്സിലാക്കാന്‍ കഴിയും. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ കുറ്റകൃത്യങ്ങളില്‍ മുസ്‌ലിംകള്‍ വളരെ പിറകിലാണ്. ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മുസ്‌ലിംകളുടെ നേതൃത്വത്തിലാണ്. എല്ലാ സമുദായ അംഗങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ആത്മഹത്യയില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്നതും മുസ്‌ലിംകളാണ്. വൃദ്ധസദനങ്ങളില്‍ എത്തുന്നവരില്‍ മുസ്‌ലിം സമൂഹത്തിലുള്ളവര്‍ നാമമാത്രമാണ്. മദ്റസാ വിദ്യാഭ്യാസം നല്‍കുന്ന മൂല്യവത്കരണത്തിന്റെ ഫലമാണ് ഇതെല്ലാം.
ഈയിടെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയില്‍ കേസുകള്‍ കൂടിയതിനെ കുറിച്ച് നടന്ന അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ട ഒരു കേസ് ആളുകളുടെ എണ്ണത്തിനനുസരിച്ച് നിരവധി കേസുകളാക്കി എഫ് ഐ ആര്‍ ഇട്ടും പെറ്റി കേസുകള്‍ ഗുരുതര സ്വഭാവമുള്ള കേസുകളാക്കി മാറ്റിയും വര്‍ഗീയ മനസ്സുള്ള ചില പോലീസ് ഓഫീസര്‍മാര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു അത്. ഇതുപോലെ ലഹരി കേസുകളില്‍ പിടിക്കപ്പെട്ടവരെല്ലാം മദ്റസകളില്‍ പഠിച്ചവരാണെന്ന ഒരു രാഷ്ട്രീയക്കാരന്റെ പ്രസ്താവന അപക്വവും ശ്രദ്ധ പിടിച്ചു പറ്റാന്‍ നടത്തിയ തന്ത്രവുമാണെന്ന് ഇതിനകം തെളിഞ്ഞതാണ്.
മൂല്യച്യുതി
പുതിയ കാലത്ത് മാനവരാശി വലിയ മൂല്യച്യുതിയെ അഭിമുഖീകരിക്കുകയാണ്. ഇത് എല്ലാ സമുദായങ്ങളെയും ബാധിച്ചു കഴിഞ്ഞു. ലിബറലിസം, ജെന്‍ഡര്‍ ന്യൂട്രല്‍ സമീപനം, ഫെമിനിസം, റാഷനലിസം, പുതിയ മീഡിയ സംസ്‌കാരം, സിനിമ, മൂല്യ മാതൃകകളുടെ അഭാവം, ശരിയായ മൂല്യ വിദ്യാഭ്യാസത്തിന്റെ അഭാവം, വര്‍ഗീയത, വിഭാഗീയത തുടങ്ങിയ നിരവധി ഘടകങ്ങളുടെ സ്വാധീന ഫലമായാണ് ഇത് സംഭവിച്ചിരിക്കുന്നത്. കേവലം മദ്റസാ വിദ്യാഭ്യാസം കൊണ്ട് മാത്രം ഇതിനെ മറികടക്കാന്‍ പ്രയാസമാണ്. ഇത് മനസ്സിലാക്കാതെ മൂല്യച്യുതിയുടെ ഉത്തരവാദിത്വം മദ്റസാ വിദ്യാഭ്യാസത്തിന്റെ മാത്രം ചുമലില്‍ കെട്ടിവെക്കുന്നത് ശരിയല്ല.
പ്രശ്നങ്ങള്‍
മദ്റസാ വിദ്യാഭ്യാസം നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അവയുടെ പരിഹാരത്തിലൂടെ മാത്രമേ ഈ സിസ്റ്റം ഫലപ്രദമാക്കാന്‍ കഴിയൂ. സാമ്പത്തിക പ്രശ്നമാണ് അവയില്‍ ഒന്ന്. ഇതുകാരണം അധ്യാപകര്‍ക്ക് മാന്യമായ വേതനം നല്‍കാന്‍ കഴിയുന്നില്ല. തത്ഫലമായി കഴിവുള്ള അധ്യാപകര്‍ മറ്റു മേഖലകളിലേക്ക് തിരിയുകയും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കുറയുകയും ചെയ്യുന്നു.
മദ്റസാ വിദ്യാഭ്യാസത്തിനു ലഭിക്കുന്ന സമയം വളരെ കുറയുന്നു എന്നത് മറ്റൊരു പ്രധാന പ്രശ്നമാണ്. ഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയങ്ങളുടെ നിലവാരക്കുറവ് കാരണം കുട്ടികള്‍ സ്‌കൂള്‍ സമയത്തിന് മുമ്പും ശേഷവും ട്യൂഷന്‍ സെന്ററുകളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നതാണ് സമയക്കുറവിന്റെ പ്രധാന കാരണം. വിദൂരത്തുള്ളതും മതപഠനത്തിന് സൗകര്യമില്ലാത്തതുമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് കുട്ടികള്‍ പോകുന്നത് മറ്റൊരു കാരണമാണ്.
പ്രശ്നങ്ങളെ മറികടക്കാന്‍ ആവശ്യമായ തന്ത്രങ്ങളെ കുറിച്ച് പ്രസ്ഥാനം ഗൗരവമായി ആലോചിക്കേണ്ടതാണ്. അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ ആകര്‍ഷകമാക്കുകയും അധ്യാപകര്‍ക്കും മാനേജ്മെന്റിനും ആവശ്യമായ പരിശീലനം നല്‍കുകയും ദര്‍സുകളുടെയും ദഅ്വാ-ശരീഅത്ത് കോളജുകളുടെയും നിലവാരം ഉയര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയും രക്ഷിതാക്കളെയും സമൂഹത്തെയും മദ്റസാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും അവരെ മദ്റസകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നത് പ്രശ്നങ്ങളെ മറികടക്കാന്‍ ഉപകരിക്കും.
ഫത്ഹേ മുബാറക്
മദ്റസകളുടെ വിദ്യാരംഭമാണ് ഫത്ഹേ മുബാറക്. എല്ലാ വര്‍ഷവും ശവ്വാലില്‍ ഇത് സമുചിതമായി കൊണ്ടാടുന്നു. നവാഗതരെ സ്വീകരിക്കല്‍, മഹാന്മാരായ പണ്ഡിതരുടെയും സയ്യിദുമാരുടെയും നേതൃത്വത്തില്‍ വിദ്യാരംഭം കുറിക്കല്‍, പുതിയ വര്‍ഷത്തെ പഠനം ആരംഭിക്കല്‍, രക്ഷിതാക്കളെ ബോധവത്കരിക്കല്‍, മദ്റസാ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളെ സഹകരിപ്പിക്കല്‍, പുതിയ വര്‍ഷത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പദ്ധതി അവതരിപ്പിക്കല്‍, മിടുക്കരായ അധ്യാപകരെയും വിദ്യാര്‍ഥികളെയും ആദരിക്കല്‍ തുടങ്ങിയ പല പരിപാടികളും ഇതിന്റെ ഭാഗമായി നടക്കുന്നു. സ്റ്റേറ്റ് തലത്തിലും ജില്ലാതലങ്ങളിലുമുള്ള പ്രധാന പരിപാടികള്‍ക്കു ശേഷം ഓരോ മദ്റസയിലും ഫത്ഹേ മുബാറക് നടക്കുന്നു.
ആധുനിക കാലത്ത് മദ്റസകളും മൂല്യ വിദ്യാഭ്യാസവും നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി അവയെ മറികടക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നേറാന്‍ ഈ സന്ദര്‍ഭം ഉപകരിക്കുമെന്ന് നമുക്ക് ആശിക്കാം.