Kerala
വഞ്ചിയൂര്‍ വെടിവെപ്പ് കേസ്: ആക്രമണത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് പിടിയില്‍
തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത്തിനെയാണ് കൊല്ലം കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം | വഞ്ചിയൂര്‍ വെടിവെപ്പ് കേസില്‍ ആക്രമണത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് പിടിയില്‍. കേസില്‍ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത്തിനെയാണ് കൊല്ലം കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു വെടിവെപ്പ്. സുജിത്തിന്റെ ഭാര്യയെ വീട്ടില്‍ കയറി വനിതാ ഡോക്ടര്‍ എയര്‍ഗണ്‍ കൊണ്ട് വെടിവെച്ച് പരുക്കേല്‍പ്പിച്ചെന്നാണ് കേസ്. കേസില്‍ പിടിയിലായ ശേഷമാണ് സുജിത്തിനെതിരെ വനിതാ ഡോക്ടര്‍ പീഡന പരാതി നല്‍കിയത്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ മുമ്പ് പി ആര്‍ ഒ ആയി പ്രവര്‍ത്തിച്ചിരുന്നയാളാണ് സുജിത്ത്. ഇതേ കാലത്ത് ഇതേ ആശുപത്രിയില്‍ വനിതാ ഡോക്ടറും ജോലി ചെയ്തിരുന്നു. സുജിത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതി. സുജിത്ത് താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യമാണ് ഭാര്യയെ ആക്രമിക്കാന്‍ കാരണമെന്നാണ് വനിതാ ഡോക്ടറുടെ മൊഴി.