Kerala
വന്ദേ ഭാരത്: ടൈംടേബിള്‍ പരിഷ്‌കരണത്തോടെ ട്രെയിനുകള്‍ പിടിച്ചിടുന്നതിന് പരിഹാരമാകുമെന്ന് മന്ത്രി മുരളീധരന്‍
'ഒക്ടോബര്‍ ഒന്നിനാണ് ഒടുവിലായി ടൈംടേബിള്‍ പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ ആറു മാസം ഇനിയും വൈകുമെന്ന ആശങ്കയുണ്ട്.'
ചെങ്ങന്നൂര്‍ | വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത് യാത്രാക്ലേശം രൂക്ഷമാക്കുന്നുവെന്ന പരാതികള്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ വരുന്നതോടെ പരിഹരിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. എന്നാല്‍ ഇത് ചിലപ്പോള്‍ ആറ് മാസം വരെ നീളുമെന്നും മന്ത്രി സൂചിപ്പിച്ചു. ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ച ശേഷം ആദ്യമായി ഇവിടെ എത്തിയ വന്ദേഭാരതിന് സ്വീകരണം നല്‍കുന്ന ചടങ്ങിനിടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘റെയില്‍വേയുടെ ടൈംടേബിള്‍ റിവിഷന്‍, വര്‍ഷത്തില്‍ രണ്ടു തവണയാണ് സാധാരണ നടക്കുന്നത്. റിവിഷന്‍ നടക്കുന്നതിനിടെയാണ് വന്ദേഭാരത് ട്രെയിന്‍ വന്നത്. രണ്ടു വഴികളാണ് റെയില്‍വേയുടെ മുന്നില്‍ ഉണ്ടായിരുന്നത്. ഒന്നുകില്‍ റെയില്‍വേയുടെ ടൈംടേബിള്‍ റിവിഷന്‍ വരെ വന്ദേഭാരത് ആരംഭിക്കേണ്ട എന്ന് തീരുമാനിക്കുക, അല്ലെങ്കില്‍ റിവിഷന്‍ വരെയുള്ള കുറച്ച് സമയം അതിനു വേണ്ട ബാക്കിയുള്ള ക്രമീകരണങ്ങള്‍ നടത്തുക.
‘ടൈംടേബിള്‍ റിവിഷന്‍ നടക്കുമ്പോള്‍ ഈ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ഗതിയില്‍ ആറു മാസം കൂടുമ്പോഴാണ് റെയില്‍വേ ടൈംടേബിള്‍ പുതുക്കുന്നത്. ഒക്ടോബര്‍ ഒന്നിനാണ് ഒടുവിലായി ടൈംടേബിള്‍ പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ ആറു മാസം ഇനിയും വൈകുമെന്ന ആശങ്കയുണ്ട്.’ – മുരളീധരന്‍ പറഞ്ഞു.
വന്ദേ ഭാരതിന് ചെങ്ങന്നൂരില്‍ ഉജ്ജ്വല സ്വീകരണം
ചെങ്ങന്നൂര്‍ | ചെങ്ങന്നൂരില്‍ പുതിയതായി സ്റ്റോപ്പ് അനുവദിച്ച വന്ദേഭാരതിന് സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം. പൗരാവലിയുടേയും ബി ജെ പി മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. വാദ്യമേളങ്ങളുടേയും, വഞ്ചിപ്പാട്ടിന്റേയും അകമ്പടിയോടെ പുഷ്പവൃഷ്ടി നടത്തിയാണ് ട്രെയിനിനെ സ്വീകരിച്ചത്.
ഇന്ത്യന്‍ റെയില്‍വേയുടെ ആഭിമുഖ്യത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്വീകരണ സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാര്‍, ദക്ഷിണ മേഖലാ സെക്രട്ടറി ബി കൃഷ്ണകുമാര്‍, പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, സജു ഇടക്കല്ലില്‍, കെ ജി കര്‍ത്ത, സതീഷ് കൃഷ്ണന്‍, അജി ആര്‍ നായര്‍, ഗീത അനില്‍കുമാര്‍, കലാ രമേശ്, ഡി വിനോദ് കുമാര്‍, രമേശ് പേരിശ്ശേരി, ശ്രീജ പത്മകുമാര്‍, മനു കൃഷ്ണന്‍, എസ് വി പ്രസാദ്, പി എ നാരായണന്‍, രോഹിത് പി കുമാര്‍, ടി സി സുരേന്ദ്രന്‍, എന്‍ ശ്യാം, എസ് കെ രാജീവ്, കെ കെ വിനോദ്, ശരത്ത് ശ്യാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.