Connect with us

From the print

വന്ദേ മെട്രോ: മൂന്ന് റൂട്ടുകള്‍ പരിഗണനയില്‍; പ്രതീക്ഷയില്‍ കേരളം

എറണാകുളം- കോഴിക്കോട്, കോഴിക്കോട്- മംഗലാപുരം, തിരുവനന്തപുരം- എറണാകുളം റൂട്ടുകളാണ് കേരളത്തില്‍ നിന്ന് വന്ദേ മെട്രോ സര്‍വീസിനായി റെയില്‍വേ പരിഗണക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | മെമു ട്രെയിനുകളുടെ മാതൃകയില്‍ നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന വന്ദേ മെട്രോ ചെന്നൈയില്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ പ്രതീക്ഷയില്‍ കേരളം. കേരളത്തിലെ മൂന്ന് റൂട്ടുകളില്‍ വന്ദേ മെട്രോ സര്‍വീസ് നടത്താന്‍ റെയില്‍വേ സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. എറണാകുളം- കോഴിക്കോട്, കോഴിക്കോട്- മംഗലാപുരം, തിരുവനന്തപുരം- എറണാകുളം റൂട്ടുകളാണ് കേരളത്തില്‍ നിന്ന് വന്ദേ മെട്രോ സര്‍വീസിനായി റെയില്‍വേ പരിഗണക്കുന്നത്.

വിവിധ സോണുകള്‍ക്ക് വന്ദേ മെട്രോ കോച്ചുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഏറെ യാത്രാദുരിതം അനുഭവിക്കുന്ന കേരളത്തിന് മുന്തിയ പരിഗണന ലഭിക്കുമെന്നാണ് കരുതുന്നത്. അടുത്തിടെ കേരളത്തിലെ ട്രെയിന്‍ യാത്രാക്ലേശം ചര്‍ച്ചയാവുകയും കേന്ദ്ര സര്‍ക്കാറില്‍ കേരളം സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. ഇതെല്ലാം സോണുകള്‍ക്ക് വന്ദേ മെട്രോ കോച്ചുകള്‍ പ്രഖ്യാപിക്കുമ്പോള്‍ കേരളത്തിന് അനുകൂല ഘടകമായി മാറിയേക്കും.
12 കോച്ചുകളുള്ള വന്ദേ മെട്രോ ട്രെയിന്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ചെന്നൈയില്‍ ഓടിച്ചത്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത വന്ദേ മെട്രോയുടെ പ്രഥമ സര്‍വീസ് മുംബൈയിലായിരിക്കും. വന്ദേ മെട്രോയുടെ ഓരോ കോച്ചിലും 200 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുന്ന ട്രെയിനില്‍ ഓട്ടോമാറ്റിക് വാതിലുകള്‍, മെച്ചപ്പെട്ട ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളുണ്ട്. തദ്ദേശീയമായാണ് ട്രെയിനുകളുടെ നിര്‍മാണമെന്നതും സവിശേഷതയാണ്. 150 മുതല്‍ 200 കിലോമീറ്റര്‍ വരെ ദൂരമുള്ള റൂട്ടുകളില്‍ മെമു ട്രെയിനുകള്‍ക്ക് പകരം വന്ദേ മെട്രോ കൊണ്ടുവരാനാണ് റെയില്‍വേ ആലോചിക്കുന്നത്.

Latest