Connect with us

Gyanvapi masjid

ഗ്യാന്‍വാപി മസ്ജിദില്‍ പൂജ ചെയ്യാന്‍ അനുവദിച്ച് വാരണാസി കോടതി

ഗ്യാന്‍വാപി  പള്ളി ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നു വി എച്ച് പി അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു

Published

|

Last Updated

വാരണാസി | ഗ്യാന്‍വാപി പള്ളിയില്‍  പൂജ ചെയ്യാന്‍ അനുവദിച്ച് വാരണാസി കോടതി. മസ്ജിദിന് താഴെയുള്ള സീല്‍ ചെയ്ത നിലവറക്കുള്ളില്‍ പൂജ നടത്താനാണ് വാരണാസി കോടതി അനുമതി നല്‍കിയത്. ഉത്തരവ് പ്രകാരം മസ്ജിദിലെ സീല്‍ ചെയ്ത ഭാഗമായ വ്യാസ് കാ തെഖാനയില്‍ ഭക്തര്‍ക്ക് പൂജകള്‍ നടത്താം.

ഗ്യാന്‍വാപി  പള്ളി ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നു വി എച്ച് പി അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയതായും അതില്‍ പൂജ നടത്താന്‍ അനുമതി വേണമെന്നുമായിരുന്നു ആവശ്യം. ഈ ആവശ്യങ്ങള്‍ പരിഗണിച്ചാണ് മസ്ജിദില്‍ പൂജ നടത്താന്‍ കോടതി അനുമതി നല്‍കിയത്. വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരാണ് പൂജാ കര്‍മ്മങ്ങള്‍ നടത്തേണ്ടതെന്നും ഏഴ് ദിവസത്തിനുള്ളില്‍ ക്രമീകരണങ്ങള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മസ്ജിദില്‍ സര്‍വേ നടത്തുകയും കഴിഞ്ഞ ബുധനാഴ്ച ഈ സര്‍വേ റിപ്പോര്‍ട്ട് കക്ഷികള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഈ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണമെന്നു വി എച്ച് പി അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്തു മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.