Articles
സോഷ്യൽ ആക്ടിവിസത്തിന്റെ വൈവിധ്യങ്ങൾ
അങ്ങ് കുടുംബത്തെ ചേർത്തുപിടിക്കുന്നവരും അപരന്റെ ഭാരം ചുമലിലേറ്റുന്നവരും ഇല്ലാത്തവർക്കായി അധ്വാനിക്കുന്നവരും അതിഥിയെ സത്കരിക്കുന്നവരും സദുദ്യമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്നവരുമാണ്'.
മനുഷ്യൻ സമൂഹത്തിന്റെ ഭാഗമാണ്. സമൂഹത്തിൽ ജീവിച്ച് സ്വഭാവ വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയും സഹജീവിയുടെ പ്രതിസന്ധികളെ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യന്റെ മഹത്വം. പ്രവാചക ലബ്ധിക്ക് മുമ്പും ശേഷവും സോഷ്യൽ ആക്ടിവിസത്തിന്റെ അതുല്യമായ പൂർത്തീകരണമാണ് നബി(സ) സാധ്യമാക്കിയത്. മുപ്പത്തിയഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ കഅ്ബയുടെ പുനർനിർമാണ സമയത്ത് ഹജറുൽ അസ്്വദ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ യുദ്ധത്തിലേക്ക് വഴുതുമ്പോൾ നബി(സ) നടത്തിയ ഇടപെടൽ സമൂഹത്തിന്റെ മനസ്സറിഞ്ഞുള്ള മാതൃകയായിരുന്നു. ഹിറാ ഗുഹയിൽ നിന്ന് ആദ്യമായി വഹ്്യ് ലഭിച്ച് പരിഭ്രമിച്ച് വീട്ടിലേക്ക് വരുമ്പോൾ സഹധർമിണി ബീവി ഖദീജ(റ), നബി(സ)യോട് പറഞ്ഞ വാക്കുകളിലുണ്ട് അവിടുത്തെ സാമൂഹിക ഇടപെടലുകളുടെ സാക്ഷ്യം. “അല്ലാഹു അങ്ങയെ കൈയൊഴിയുകയില്ല. കാരണം അങ്ങ് കുടുംബത്തെ ചേർത്തുപിടിക്കുന്നവരും അപരന്റെ ഭാരം ചുമലിലേറ്റുന്നവരും ഇല്ലാത്തവർക്കായി അധ്വാനിക്കുന്നവരും അതിഥിയെ സത്കരിക്കുന്നവരും സദുദ്യമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്നവരുമാണ്’.
പ്രവാചകത്വ ലബ്ധിക്ക് ശേഷവും നേതൃപദവിയുടെ ഗിരി ഗോപുരത്തിലിരിക്കാതെ വൃദ്ധയുടെ ചുമടേറ്റിയും പുള്ളിമാനിന്റെ ജാമ്യക്കാരനായും എതിരാളികളുടെ പോലും സ്വത്ത് സൂക്ഷിപ്പുകാരനായും അവിടുന്ന് സമൂഹത്തിൽ തന്നെ ജീവിച്ചു. പലായനം ചെയ്ത് മദീനയിലെത്തിയപ്പോൾ സാമൂഹിക ഇടപെടലുകൾക്ക് കൂടുതൽ കൃത്യമായ സംവിധാനങ്ങൾ രൂപപ്പെടുത്തി. മസ്ജിദുന്നബവിയുടെ നിർമാണം മദീനാ കാലത്ത് നബി(സ) ആദ്യ ഘട്ടത്തിൽ പൂർത്തീകരിച്ച ഉദ്യമമാണ്. സാമൂഹിക ഇടപെടലുകളുടെ കേന്ദ്രമായി ഈ പള്ളിയേക്കാൾ മികച്ചരൂപത്തിൽ വർത്തിച്ച മറ്റൊരിടവും ചരിത്രത്തിലില്ല.
പ്രവാചകരുടെ മസ്ജിദ് നിസ്‌കരിക്കാൻ മാത്രമുള്ള സ്ഥലമായിരുന്നില്ല. വിദ്യാലയവും കോടതിയും സകാത് വിതരണ കേന്ദ്രവും തുടങ്ങി എല്ലാവർക്കും എല്ലാറ്റിനും ആശ്രയിക്കാനുള്ള കാര്യാലയമായിരുന്നു. നാടിന്റെ നാനാ ദിക്കിൽ നിന്നും വ്യത്യസ്ത സമുദായത്തിന്റെ പ്രതിനിധികൾ ഒറ്റക്കും സംഘമായും തിരുസന്നിധി
യിലെത്തി.
അണമുറിയാതെ നിവേദക സംഘങ്ങളെത്തിയതിനാൽ ഹിജ്‌റയുടെ ഒമ്പതാം വർഷം ആമുൽ വുഫൂദ് എന്ന പേരിൽ അറിയപ്പെട്ടു. ഈ കേന്ദ്രം വഴി സാമൂഹിക ഉത്തരവാദിത്വങ്ങളുടെ മഹത്വവും വൈവിധ്യവും തിരുനബി(സ) അനുചരരെ ബോധ്യപ്പെടുത്തി.
ഭരണാധികാരിയും അധ്യാപകനും കുടുംബനാഥനും ന്യായാധിപനുമായി അവിടുന്ന് സമൂഹത്തോട് ചേർന്നിരുന്നു. രോഗീ സന്ദർശനവും പരിപാലനവും മൃതദേഹങ്ങളുടെ സംസ്‌കരണവും ഭക്ഷണവും ചികിത്സയും ഉറപ്പാക്കലും ക്ഷണം സ്വീകരിച്ച് കൂടെച്ചേരലും സലാം പറഞ്ഞ് അഭിവാദ്യമറിയിക്കലുമെല്ലാം സാമൂഹിക ബാധ്യതയായി പഠിപ്പിക്കപ്പെട്ടു. രോഗിയായ ശത്രുവിനെ സന്ദർശിക്കാനിറങ്ങിയും അഗതികളായ പെൺകുട്ടികളെയോർത്ത് ബന്ദികളെ വിട്ടയച്ചും യുദ്ധഭൂമിയിൽ സാമൂഹിക ശാസ്ത്രം നടപ്പാക്കിയും നബി(സ) ചരിത്രത്തെ വിസ്മ
യിപ്പിച്ചു.
സോഷ്യൽ ആക്ടിവിസത്തിന് ഇത്രയും വൈപുല്യവും വൈവിധ്യവുമുണ്ട് എന്ന് മനുഷ്യനെ ബോധ്യപ്പെടുത്തുകയായിരുന്നു തിരുനബി(സ). അതിന്റെ സൗന്ദര്യമാണ് മുസ്്ലിം ജനപഥങ്ങളിൽ നിന്ന് ലോകം അനുഭവിച്ചതും.