Connect with us

varkala fire

വര്‍ക്കല തീപ്പിടിത്തം: അഞ്ച് പേരുടെയും മരണ കാരണം പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നാളെയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക.

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കലയില്‍ വീടിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചിലരുടെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ രാസ പരിശോധനക്ക് അയക്കും. നാളെയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്ന് പരിശോധനയിൽ പ്രാഥമികമായി വ്യക്തമായത്. ഹാളിൽ നിന്നാണ് തീപിടിത്തമുണ്ടായത്.

വര്‍ക്കല തിരുവന്നൂരിലാണ് ഇരുനില വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചത്. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി വ്യാപാരിയായ പ്രതാപന്റെ കുടുംബമാണ് ദുരന്തത്തില്‍പ്പെട്ടത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഖില്‍ (25), മൂത്ത മകന്‍ നിഖിലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ എട്ടു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. നിഖില്‍ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്. അഗ്‌നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടില്‍ തീ ആളിക്കത്തുകയായിരുന്നു. പുലര്‍ച്ചെ ആറു മണിയോടെ തീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചതായി കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Latest