Connect with us

cover story

സുകൃതവഴിയിലെ വാസന്തപുഷ്പം

‘ഖുർറത്തുസ്സാദാത്‌’ ആദരവോടെ നാം അഭിസംബോധന ചെയ്ത നാമം. സാദാത്തുക്കളിലെ കുളിർമ. മഹാന്റെ ചാരെ ചെന്ന് ആവലാതികളുടെ കെട്ടഴിക്കുമ്പോൾ നേർത്ത പുഞ്ചിരി സമ്മാനിച്ചു നമുക്ക് പരിഹാരം പറഞ്ഞു തരും. ഉള്ളുലച്ച സങ്കടത്തിരകൾ ഇല്ലാതാകാൻ ആ അധരങ്ങൾ ഒന്ന് അനങ്ങിയാൽ മതി. ഒരു മന്ത്രം. ഒരൂതൽ. ബദ്‌രീങ്ങളുടെ പേരിൽ നാൽപ്പത് ദിവസത്തെ യാസീൻ പാരായണം. ലളിതസുന്ദരമായിരുന്നു ആ ചിട്ടവട്ടങ്ങൾ. കുറാ തങ്ങൾ പറഞ്ഞതനുസരിച്ച് കർമങ്ങൾ തീർത്ത പലർക്കും ആശ്വാസത്തിന്റെ കൈലേസ് കിട്ടി.‘ഉള്ളാളത്തോറുടെ മോനും കാര്യപ്പെട്ട ആളാ..’ വഴിവക്കിൽ നിന്നും കാതോട് കാതോരം പറഞ്ഞ വിവരം നാടാകെ പരന്നപ്പോൾ പാരാവാരം പോലെ ജനങ്ങൾ ആ സവിധത്തിലേക്ക് പരന്നൊഴുകി.

Published

|

Last Updated

രായായിരുന്നു നമുക്ക് കുറാ തങ്ങൾ…? താജുൽ ഉലമയുടെ സീമന്തപുത്രൻ. അഭയത്തിന്റെ പച്ചത്തുരുത്ത്. ഉള്ളം നിറയെ കുളിര് കോരിയിട്ട തങ്ങൾ. നോവുകൾക്കു മീതെ ആശ്വാസമായി പെയ്ത പൂങ്കാറ്റ്. പ്രതിസന്ധികളെ നെഞ്ചൂക്കു കൊണ്ട് നേരിടാൻ ധൈര്യം പകർന്നു തന്ന നേതാവ്.
‘ഖുർറത്തുസ്സാദാത്‌’ ആദരവോടെ നാം അഭിസംബോധന ചെയ്ത നാമം. സാദാത്തുക്കളിലെ കുളിർമ. മഹാന്റെ ചാരെ ചെന്ന് ആവലാതികളുടെ കെട്ടഴിക്കുമ്പോൾ നേർത്ത പുഞ്ചിരി സമ്മാനിച്ചു നമുക്ക് പരിഹാരം പറഞ്ഞു തരും. ഉള്ളുലച്ച സങ്കടത്തിരകൾ ഇല്ലാതാകാൻ ആ അധരങ്ങൾ ഒന്ന് അനങ്ങിയാൽ മതി. ഒരു മന്ത്രം. ഒരൂതൽ. ബദ്‌രീങ്ങളുടെ പേരിൽ നാൽപ്പത് ദിവസത്തെ യാസീൻ പാരായണം. ലളിതസുന്ദരമായിരുന്നു ആ ചിട്ടവട്ടങ്ങൾ. കുറാ തങ്ങൾ പറഞ്ഞതനുസരിച്ച് കർമങ്ങൾ തീർത്ത പലർക്കും ആശ്വാസത്തിന്റെ കൈലേസ് കിട്ടി.

‘ഉള്ളാളത്തോറുടെ മോനും കാര്യപ്പെട്ട ആളാ..’ വഴിവക്കിൽ നിന്നും കാതോട് കാതോരം പറഞ്ഞ വിവരം നാടാകെ പരന്നപ്പോൾ പാരാവാരം പോലെ ജനങ്ങൾ ആ സവിധത്തിലേക്ക് പരന്നൊഴുകി. സന്ദർശകരുടെ നൈരന്തര്യം പിന്നെ നിയന്ത്രണം വിടുമെന്നായപ്പോൾ അവിടുന്ന് ആത്മീയവഴികൾ തേടി യാത്ര പുറപ്പെടുന്നുണ്ട്. മഹാന്മാരുടെ മസാറുകളെ തേടിയുള്ള അലച്ചിലുകൾ. ഉപ്പയുടെ കീഴിൽ ഉള്ളാളത്ത് മുദർരിസായി സേവനം ചെയ്യുന്ന നാളിൽ അങ്ങനെയൊരു വഴിത്തിരിവിലേക്ക് യാത്ര പോയി. പരിശുദ്ധി പൂത്ത മക്കയിൽ ചെന്ന് ഹജ്ജ് ചെയ്തു. അനുരാഗത്തിന്റെ കൈവഴികൾ തേടി മദീനയിലേക്കെത്തി. അവിടെ നിന്നാണ് പുറപ്പെട്ടു പോക്കിന്റെ പൊരുളുകൾ തേടി ബഗ്ദാദിലേക്ക് തിരിക്കുന്നത്. ശൈഖ് ജീലാനിയുടെ മഖാമിൽ നിന്നും ഉൾവഹിച്ചുതുടങ്ങിയ ആത്മായനം അനവരതം തുടരുകയായിരുന്നു.

പ്രിയ പിതാവിന്റെ കൂടെയായിരുന്നു ബഗ്ദാദിലേക്കു ചെന്നത്. മിക്ക മഹാൻമാരുടെയും സഞ്ചാരപഥങ്ങളിലേക്ക് നാം എത്തിനോക്കുമ്പോൾ യാത്രകളൊന്നും അലസമായിരുന്നില്ലെന്ന് നമുക്ക് ബോധ്യമാകും. ദേശാടനത്തിന്റെ ആത്മഹർഷങ്ങളേറ്റു വാങ്ങി തിരിച്ചു നാടയണയുമ്പോൾ അവരിലൂടെ അത്ഭുതങ്ങൾ വിരിയുന്നത് കാണും.

സയ്യിദ് ഫള്ൽ കോയമ്മ തങ്ങൾ ‘കുറാതങ്ങളാ’യി വിശ്രുതനായ കഥ വിസ്മയത്തിന്റേതാണ്. ബഗ്ദാദ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് ഒരു പിൻവിളി. തത്കാലം ഉള്ളാളത്ത് നിന്നു ഒരു മാറ്റം വേണം. ബാപ്പയോടെങ്ങനെ കാര്യം ഉണർത്തും…?

ബാപ്പയും മകനും പരസ്പരം അേങ്ങയറ്റത്തെ ബഹുമാനം പുലർത്തിയിരുന്നു. സഹോദരീ ഭർത്താവ് കൂടിയായ കുമ്പോൽ കെ എസ് ആറ്റക്കോയ തങ്ങൾ അതിനു വഴിയൊരുക്കി. ബാപ്പയോട് കാര്യം ധരിപ്പിച്ചു. സമ്മതം വാങ്ങി.

കുഗ്രാമത്തിന്റെ ചേരുവകൾ ഒത്തുചേർന്ന ഒരിടം. അങ്ങനെയാണ് കൂറത്ത് ജുമാ മസ്ജിദിലേക്ക് ഫള്ൽ കോയമ്മ തങ്ങൾ ഖത്വീബായി എത്തുന്നത്. അതിലെല്ലാമുപരി വേറെയൊരു സംഭവമുണ്ട്. കൂറത്ത് കാരനായ യൂസുഫ് ഹാജിയുടെ വീട്ടിൽ മടവൂർ ശൈഖ് വരാറുണ്ട്. ഒരു തവണ വന്നപ്പോൾ പറഞ്ഞു.

” ഇവിടെ ഓർ വരും, ഇവിടുത്തെ മണ്ണും വെള്ളവും ഔഷധമാകും…’
മടവൂർ ശൈഖുനയുടെ വാക്കിന്റെ പുലർച്ചയാണ് ഫള്ൽ കോയമ്മ തങ്ങൾ കൂറത്തിലെത്തുന്നത്. നിഷ്കളങ്കരായ നാട്ടുകാർ. വിരലിലെണ്ണാവുന്ന വീടുകളെ അക്കാലത്ത് അവിടെ ഉണ്ടായിരുന്നുള്ളൂ. മൗനത്തിൽ പൊതിഞ്ഞ ജീവിതം. മിക്ക സമയവും ഖുർആനോത്തിലും ദിക്റിലുമായി കഴിച്ചുകൂട്ടി. അങ്ങനെ വർഷങ്ങൾ കടന്നുപോയി.അപ്രശസ്തിയുടെ മേൽകുപ്പായമണിഞ്ഞ് കഴിച്ചുകൂട്ടിയ ഇരവുകളും, പകലുകളും കൂറത്ത് കാർക്ക് നല്ല ഓർമയുണ്ട്.
‘ഏതിലയും മധുരിക്കുന്ന കാടുകൾ’ എന്ന ശീർഷകം ഇയ്യടുത്ത് വായിച്ചതോർക്കുന്നു. അതേ പ്രതീതി.

നിശയുടെ യാമങ്ങളിൽ ഖുർആനിന്റെ വചനങ്ങൾ കേട്ടപ്പോൾ വന നിബിഡമായ ദേശത്തിലെ ഓരോ മണൽത്തരികളും മാധുര്യമുള്ളതായി. ആ കൊടുംകാട് ഖുർആൻ കേട്ടുണർന്നു. സ്വലാത്തിന്റെ വീചികൾ കേട്ട് മയങ്ങി.

തങ്ങൾ വഫാത്തായ കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം. ജനാസ അഞ്ചുമണിയോടെ എട്ടിക്കുളത്ത് നിന്ന് കൂറത്തിലേക്ക് കൊണ്ടു പോവുകയാണെന്ന വിവരം അറിഞ്ഞതോടെ ഞങ്ങളേറെ മനഃപ്രയാസത്തിലായി. താജുൽ ഉലമയുടെ ചാരത്ത് തന്നെ മറ്റൊരു കൈവിളക്കായി അന്തിയുറങ്ങണമെന്നായിരുന്നു ആശിച്ചത്. മഴയിൽ കുതിർന്ന സായാഹ്നത്തെ ഭേദിച്ച് ആംബുലൻസ് കുതിച്ച് പായുമ്പോൾ അകത്തൊരാന്തൽ. അത്ര പെട്ടെന്ന് കാതങ്ങൾ അകലെയുള്ള കൂറത്തിലേക്ക് നമുക്ക് സിയാറത്ത് ചെയ്യാനായി എത്താനായില്ലെങ്കിലോ..!? ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലായിരുന്നല്ലോ താജുൽ ഉലമയുടെ ഖബർ എട്ടിക്കുളത്തായത്.

തങ്ങളുടെ ഭൗതിക ശരീരം ഉള്ളാളവും കഴിഞ്ഞ് കൂറത്തെത്തുമ്പോൾ രാവേറെ പിന്നിട്ടിരുന്നു. ഉറക്കം വരാതെ ഉണർന്നിരുന്ന തെരുവുകൾ. വിളക്കണയാത്ത വീടുകൾ. കണ്ണീരടങ്ങാതെ ആകാശ മേഘങ്ങൾ. ഒരു നോക്കു കാണാൻ പതിനായിരങ്ങൾ അക്ഷമരായി കാത്തിരിക്കുന്നു. മഹബ്ബത്തിന്റെ വെൺനിലാവ് പൂത്ത ആ രാത്രിയിൽ പ്രിയ തങ്ങളെ അവരുടെ ഖൽബേറ്റു വാങ്ങി.
രാജകീയ പ്രൗഢിയിൽ തങ്ങളുറങ്ങേണ്ടിടത്തു തന്നെ മണ്ണറ മണിയറയായി ഒരുങ്ങി. ഖുർആനോത്തിന്റെ നിലക്കാത്ത നാദങ്ങൾ കേട്ട് സുസ്മേര വദനനായ് ഇനി സയ്യിദോർക്ക് അവിടെ വിശ്രമിക്കാം. കരള് പറിച്ചു കൊടുത്ത ഒരു ദേശത്തിന്റെ ഹൃദ്യമായ സമ്മാനം. മൂന്ന് പതിറ്റാണ്ടിലേറെയായല്ലോ ആ മുഖ കമലം കണ്ട് അവർ ആത്മസായൂജ്യമടയുന്നത്‌. അവരെങ്ങനെ പ്രിയ തങ്ങളെ മണ്ണിന് വിട്ടുകൊടുക്കും..!?

വിയോഗത്തിന്റെ തൊട്ടു മുമ്പത്തെ ദിവസവും കൂറത്തിൽ തങ്ങളെത്തിയിരുന്നുവത്രെ. യാത്രാമൊഴി പറയാനും ജീവനോടെയുള്ള അവസാന കാഴ്ചക്കും വേണ്ടിയാണെന്ന് ആര് നിനച്ചു..!? സ്ഥാപനത്തിൽ സേവനം ചെയ്യുന്ന ഉസ്താദുമാർക്കൊപ്പം അവരിലൊരാളെന്ന പോലെ സമയങ്ങൾ ചെലവഴിച്ച് കുശലാന്വേഷണങ്ങൾ നടത്തിയിട്ടാണ് പോന്നത്.

ആയിരം പേരിൽ ഒരാളാവാൻ ആർക്കുമാകും. എന്നാൽ ആയിരം പേർക്ക് ഒരേ ഒരാളാവാൻ ആർക്കാണ് സാധിക്കുക…? അത്ര വേഗം സാധ്യമല്ല. ചുറ്റുമുള്ളവരെ മറന്നല്ല ആ തസ്ബീഹ് മാലയിലെ മണികൾ മറിഞ്ഞത്. പരിസരങ്ങളെ കാണാതെയല്ല ആ വാഹനം സഞ്ചരിച്ചത്. ആറുപേർക്കും അറുനൂറു പേർക്കും അവിടുന്ന് മണിക്കൂറുകളോളം ദുആ ചെയ്തു. ആള് റീച്ചല്ലെന്ന് തങ്ങളെ കുറിച്ച് ആരും പറഞ്ഞില്ല. വലിയ വേദികളിലേക്കു വരും മുമ്പ് അണിഞ്ഞൊരുങ്ങാനൊന്നും സമയം കണ്ടെത്തിയില്ല. ഇസ്തിരിയിടാത്ത വേഷം. വസ്ത്രം പോലെ വെൺമയുള്ളതായിരുന്നു ആ ഖൽബും. നിബന്ധനങ്ങളൊന്നും വെച്ചില്ല. സംഘാടകരെ കുഴക്കിയില്ല . ജാഡകളുടെ ഉടയാടകളൊന്നും അവിടുന്ന് അണിഞ്ഞില്ല. എല്ലാവർക്കും കൈയെത്തുന്ന അകലത്ത് തങ്ങൾ ഉണ്ടായിരുന്നു.

താജുൽ ഉലമ ഉറൂസ് മുബാറക് ദിനങ്ങളിൽ വേദിയിലും നഗരിയിലും ഇടവഴിയിലും റോഡിലും മഖാമിലും ഫള്ൽ തങ്ങൾ നിറഞ്ഞു നിന്നു. ഉള്ളാൾ തങ്ങളുപ്പാപ്പയെ ജീവിത കാലത്ത് കാണാത്ത കുഞ്ഞു മക്കൾക്ക് അടുത്ത് നിന്നു ഉപ്പമാരു കാണിച്ചു കൊടുത്തു. ‘ ഇതാണ് മക്കളേ, ഉള്ളാൾ തങ്ങളുടെ പൊന്നുമോൻ. ആ മക്കളുടെ തലയിൽ കുറാ തങ്ങൾ കൈവെച്ചു. അരുമയോടെ തലോടി. ദിവ്യവചനങ്ങളുരുവിട്ട് മന്ത്രിച്ചു. ആധിയകന്ന മനസ്സുമായി അവിടേക്ക് ആളുകൾ പിന്നെയും വന്നു കൊണ്ടേയിരുന്നു.

നമ്മുടെ ഓരോ അഭയങ്ങളും മറയുകയാണ്. പാളം തെറ്റിയ തീവണ്ടി പോലെയാണ് പുതിയ കാലത്തെ മനുഷ്യ ജീവിതം. ഒരിക്കൽ ഒരിടത്ത് തെറ്റിയാൽ ഒന്നിനു പുറകെ മറ്റൊന്നായി തെറ്റി ക്കൊണ്ടിരിക്കും. പലിശയിലും ലഹരിയിലും ജീവിത താളം തെറ്റിയവരെ കുറിച്ച് തങ്ങൾ വേദിയിൽ പറയുമായിരുന്നു.

‘റബ്ബിനെ പേടിക്കണം കെട്ടോ.. സൂക്ഷിച്ച് ജീവിക്കണം കെട്ടോ..’
ഹിജ്റ വർഷാരംഭത്തിലെ പുലരിയിൽ തങ്ങൾ പോയി. നിറമുള്ള നാളെകൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഇനിയും വരുമായിരിക്കും. എന്നാൽ ഇന്നലെകളിൽ തുടിച്ചു നിന്ന ആത്മീയ ചൈതന്യം ആ പകലിരവുകൾക്ക് കാണില്ല. കാരണം ‘പോകേണ്ടവർ പോയി.’ പോകപ്പോകെ നാം ഇവിടെ ബാക്കിയായി. പിന്നെ അടുത്ത മലവെള്ളപ്പാച്ചിലിൽ നാമും ഒലിച്ചുപോകും. നമുക്ക് വേണ്ടി ഓതാനും ചൊല്ലാനും പറയാനും ആരാണുണ്ടാവുക…?

ഒരുപാട് സ്നേഹവും ജീവിതത്തിലെ ഒത്തിരി സമയവും നമുക്കു തന്നാണ് കുറാതങ്ങൾ പോയത്. ഏതൊരു മനുഷ്യനും അപരന് കൊടുക്കാവുന്ന ഏറ്റവും അമൂല്യമായ രണ്ട് കാര്യമിതാണ്. സ്നേഹവും സമയവും. പാതിരാവിലും പരിഭവം പറയാതെ, ആരേയും തിരിച്ചയക്കാതെ പരാതി കേട്ടു സയ്യിദവർകൾ. തങ്ങൾ പറഞ്ഞതിനേക്കാൾ പലരേയും കേൾക്കുകയായിരുന്നു.

പിതാക്കളുടെ പൊരുൾ വാഹകരാണ് സന്താനങ്ങൾ. ഈ വാക്യം ധ്വനിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. പിതാവിന്റെ പെരുമാറ്റവും ജീവിതവഴിയും ഉൾക്കൊണ്ട് പിൻപറ്റുന്നവരായിരിക്കും മിക്കവാറും മക്കൾ. റമസാനിലും അല്ലാത്തപ്പോഴുമുള്ള ഉപ്പയുടെ ആരാധനയിലുള്ള അതീവ ശ്രദ്ധ കണ്ടിട്ടാവണം മകനിലും അത് സ്വാധീനിച്ചത്.

1991 ൽ കൂറത്ത് താമസമാക്കിയ തങ്ങൾ ഇബാദത്തിന്റെ മാധുര്യം നുണഞ്ഞ് അധികമാരും അറിയാതെ കഴിയുകയായിരുന്നുവെന്ന് പറഞ്ഞല്ലോ. ആരവങ്ങളിൽ നിന്നകന്ന് ദിക്റും ഖുർആൻ പാരയാണവുമായി സമയം ചെലവഴിച്ച റമസാനിൽ മാത്രം ധാരാളം ഖത്മുകൾ ഓതിത്തീർത്തു. ഉപ്പയും ഉസ്താദും ഒരേ ഫ്രൈമിൽ ഒരാളായി തീർന്നതിനാലാവണം മകനെ നന്നായി താജുൽ ഉലമ ഉരുവപ്പെടുത്തി.

മകന്റെ നികാഹ് കർമം മറ്റുള്ളവരെ ഏൽപ്പിക്കേണ്ടി വന്നില്ല. ഉപ്പ തന്നെ കാർമികത്വം നൽകി. തനിക്കു ലഭ്യമായ ത്വരീഖത്തുകളും ഇജാസത്തുകളുമെല്ലാം മകനും നൽകി. മകന്റെ ഹാലും ചേലും അടുത്തറിഞ്ഞപ്പോൾ താജുൽ ഉലമ പറഞ്ഞു:

‘ എന്നോട് കളിക്കാൻ നിന്നാലും നിങ്ങൾ കോയമ്മനോട് കളിക്കണ്ട ’
ചില വേദികളികളിൽ വെച്ച് താജുൽ ഉലമ ഇങ്ങനെ പറഞ്ഞത് കേട്ടവരുണ്ട്. ഉപ്പയുടെ ശൈലിയും ജീവിത രീതികളും കണ്ടു വളർന്ന മകൻ അത് നന്നായി പകർത്തിയപ്പോൾ പിന്തുടർച്ചക്കാരനായി നമുക്ക് മറ്റെങ്ങും പോകേണ്ടി വന്നില്ല.

താജുൽ ഉലമക്കു ശേഷം ഖാളി പദവികളും സ്ഥാപന ഭാരവാഹിത്വവും വിശ്വസ്തതയോടെ കുറാ തങ്ങളെ സമൂഹം ഏൽപ്പിക്കുകയായിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം, സമസ്തയുടെ കണ്ണൂർ ജില്ലാ അധ്യക്ഷൻ, ജാമിഅ സഅദിയ്യ സെക്രട്ടറി, ദക്ഷിണ കന്നട സംയുക്ത ജമാഅത്ത് ഖാളി തുടങ്ങി നിരവധി പദവികൾ അലങ്കരിച്ചുവരികയായിരുന്നു മഹാൻ.

വേദനിക്കുന്ന പലർക്കും ആശ്വാസമായിരുന്നു തങ്ങളെന്ന് പറഞ്ഞല്ലോ. ഒരനുഭവമുണ്ട് ഈ കുറിപ്പുകാരന്. എന്റെ മകൾ ഫാത്വിമ ജുമാനയുടെ നെറ്റിയിൽ ഒരു മുഴ വളരുന്നു. ഒരു മുണ്ട് തലയുടെ ഭാഗത്ത് അമര്‍ത്തിപ്പിടിച്ച് വിതുമ്പിക്കരയുന്ന അഞ്ചുവയസ്സുകാരിയായ മകളുടെ മുഖമാണ് വീട്ടിലെത്തിയാൽ ഞാൻ പതിവായി കാണുക. സങ്കടഭാണ്ഡവുമായി ആശുപത്രി വരാന്തകളില്‍ കയറിയിറങ്ങിയ നാളുകൾ. നെറ്റിയിലെ ആ മുഴ വളരുകയാണ്. അതിനിയും വൈകിയാൽ വലുതാകും. ഡോക്ടർമാരെല്ലാം പറഞ്ഞു. ‘ഓപ്പറേഷൻ മാത്രമേ പോംവഴിയുള്ളൂ…’ ഇനിയെന്ത് ചെയ്യും…?

അങ്ങനെയാണ് കുറാതങ്ങളെ കാണാൻ പോവാൻ തീരുമാനിച്ചത്. നോവിറക്കി വെക്കാൻ നല്ലൊരു അത്താണി. സയ്യിദോരുടെ പൂമുഖം കണ്ടാൽ തന്നെ ആകുലതകൾ അലിഞ്ഞില്ലാതാവുമെന്ന ശുഭപ്രതീക്ഷ. ഒരു സായാഹ്നത്തിൽ എട്ടിക്കുളത്തേക്ക് തിരിച്ചു. ധാരാളം പേർ പള്ളിയോട് ചേർന്ന് അണിനിരന്നിട്ടുണ്ട്.‘ ഡോക്ടർമാരൊക്കെ സർജറി വേണമെന്നാ പറഞ്ഞത്…’ നെറ്റിയിലെ മുഴ കാണിച്ച് ഞാൻ തങ്ങളോടു പറഞ്ഞു.
‘ ഓപ്പറേഷന്‍ ഇല്ലാതെ സുഖാവും…’ കീറണ്ട..
ഇതായിരുന്നു കുറാ തങ്ങളുടെ വാക്ക്.

അവിടുത്തെ കണ്ണുകൾ പാതിയടഞ്ഞു. വിശുദ്ധ വചനങ്ങൾ ഉരുവിട്ടു. മന്ത്രിച്ചു. ഇതെല്ലാം അന്നത്തെ അഞ്ചു വയസ്സുകാരി കൗതുകത്തോടെ നോക്കിക്കാണുകയായിരുന്നു.
ബദ്‌രീങ്ങളുടെ പേരിൽ യാസീൻ ഓതി. വെള്ളം അവിടെ തടവി ത്തുടങ്ങി. ഏറെ നാള്‍ കഴിഞ്ഞില്ല. വലിയ മുഴ പതിയെ അലിഞ്ഞ് ഇല്ലാതായി. എല്ലാര്‍ക്കും ആശ്ചര്യം. ഒരു നേരിയ ഓർമപ്പൊട്ടായി, നേർത്തരൊടയാളമായി ഇപ്പോഴും മോളുടെ നെറ്റിയിൽ ബാക്കിയിട്ടുണ്ട്. സുകൃതം ചെയ്തവരുടെ സ്മൃതികളെ താലോലിക്കാൻ അങ്ങനെ എന്തോരം ഓർമകളുടെ വളപൊട്ടുകളാണ് അവർ നമുക്കായി തരുന്നത്.

ആദർശ വൈരികളുടെ ഒരു തിട്ടൂരത്തെയും കുറാ തങ്ങൾ വകവെച്ചില്ല. ആരെയും കൂസാത്ത പ്രകൃതം. സുന്നത്ത് ജമാഅത്തിന്റെ വിഷയത്തിൽ ആരോടും രാജിയാവാനും ഒരുക്കമായിരുന്നില്ല. ഓണപ്പറമ്പിലും മറ്റു ഒറ്റപ്പെട്ട പ്രദേശങ്ങളിലും പള്ളിയും മദ്റസയും പ്രവർത്തകരും ആക്രമിക്കപ്പെട്ടപ്പോൾ ആത്മവീര്യം പകരാൻ തങ്ങൾ കാണിച്ച അസാമാന്യ ധീരത എടുത്തു പറയേണ്ടതാണ്.

യാസീൻ സൂറത്തിലെ അവസാനവരിയിലെ ‘ അവനിലേക്കാണ് നിങ്ങൾ മടക്കപ്പെടുക’ എന്നർഥം വരുന്ന ആയത്തോതി ഇഷ്ട ജനങ്ങൾ കണ്ണുനനച്ച് പ്രാർഥിച്ച് പിരിയുമ്പോൾ മാഞ്ഞുപോകാത്ത ദുഃഖത്തിന്റെ കാർമേഘങ്ങൾ മാനത്ത് മാത്രമല്ല മനസ്സിലും അവശേഷിക്കുകയാണ്.

Latest