Connect with us

Kerala

വടശ്ശേരിക്കര മുന്‍ വില്ലേജ് ഓഫീസര്‍ക്ക് കൈക്കൂലി കേസില്‍ മൂന്ന് വര്‍ഷം കഠിന തടവ്

പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് മുന്‍ ഡി വൈ എസ് പി യായിരുന്ന പി കെ ജഗദീഷ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Published

|

Last Updated

പത്തനംതിട്ട | വടശ്ശേരിക്കര മുന്‍ വില്ലേജ് ഓഫീസറെ കൈക്കൂലി കേസില്‍ കഠിന തടവിന് ശിക്ഷിച്ചു. പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ വി സോമനെയാണ് 1,000 രൂപ കൈക്കൂലി വാങ്ങിയ കേസ്സില്‍് തിരുവനന്തപുരം വിജിലന്‍സ് കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 15,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

2011 ജനുവരി 7ാം തിയതി വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ വി സോമന്‍ പത്തനംതിട്ട സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള ഒന്നേകാല്‍ ഏക്കര്‍ വസ്തു മകളുടെ പേരിലേക്ക് പോക്കുവരവ് ചെയ്ത് നല്‍കുന്നതിനാണ് കെെക്കൂലി വാങ്ങിയത്. 1,000 രൂപ കൈക്കൂലി ചോദിച്ചുവാങ്ങവെ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡി വൈ എസ് പിയായിരുന്ന ബോബി ചാള്‍സ് സോമനെ കൈയ്യോടെ പിടികൂടികയായിരുന്നു.

പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് മുന്‍ ഡി വൈ എസ് പി യായിരുന്ന പി കെ ജഗദീഷ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 

Latest