National
വാത്മീകി കോര്‍പറേഷന്‍ അഴിമതിക്കേസ്; കര്‍ണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു
രാജിക്കത്ത് നാഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറി.
ബെംഗളുരു|അനധികൃത പണമിടപാട് കേസില്‍ പങ്കുണ്ടെന്ന ആരോപണത്തെതുടര്‍ന്ന് കര്‍ണാടക എസ്.ടി ക്ഷേമ മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു. രാജിക്കത്ത് നാഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറി. വാത്മീകി കോര്‍പറേഷന്‍ അഴിമതിക്കേസിലാണ് നാഗേന്ദ്രക്കെതിരെ ആരോപണമുയര്‍ന്നത്.
ഗോത്രവികസനത്തിനായി രൂപീകരിച്ച കോര്‍പറേഷന് കീഴിലുള്ള 187 കോടി രൂപ പ്രമുഖ ഐടി കമ്പനികളുടെയും ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു സഹകരണ ബേങ്കിന്റെയും ഉള്‍പ്പെടെ വിവിധ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തി മാറ്റി എന്നതാണ് കേസ്. പണം ഒന്നിലധികം ബേങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാന്‍ വാക്കാല്‍ മന്ത്രി നിര്‍ദേശം നല്‍കിയെന്നായിരുന്നു നാഗേന്ദ്രയ്ക്കെതിരെയുള്ള ആരോപണം.
മേയ് 28ന് ശിവമൊഗ്ഗയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചന്ദ്രശേഖറിന്റെ ആത്മഹത്യക്കുശേഷമാണ് അഴിമതി വിവരം പുറത്തുവന്നത്. കോര്‍പറേഷന്റെ അക്കൗണ്ട്‌സ് സൂപ്രണ്ടായിരുന്നു മരിച്ച ചന്ദ്രശേഖര്‍. കേസില്‍ കോര്‍പറേഷന്റെ എം.ഡി ജെ.ജി. പത്മനാഭയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ബി. നാഗേന്ദ്രയുടെ രാജി.
അഞ്ചുപേജുള്ള ആത്മഹത്യക്കുറിപ്പില്‍ ചന്ദ്രശേഖര്‍ മേലുദ്യോഗസ്ഥരുടെയും മന്ത്രിയുടെയും പേര് പരാമര്‍ശിച്ചിരുന്നു. കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ജെ.ജി. പത്മനാഭ്, അക്കൗണ്ട്സ് ഓഫിസര്‍ പരശുറാം ജി.ദുരുകണ്ണവര്‍, യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ സുചിസ്മിത റാവല്‍ എന്നിവരുടെ പേരുകളായിരുന്നു ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്.
തുടര്‍ന്ന് ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ വളരെ ഗൗരവത്തോടെയാണ് കേസ് കാണുന്നതെന്നും ഉദ്യോഗസ്ഥരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതിപക്ഷമായ ബി ജെ പി ഇന്ന് പ്രതിഷേധിച്ചിരുന്നു.