Kerala
വി ഡി സതീശന്റെ അഹങ്കാരത്തിന്റെ വില പാലക്കാടും ചേലക്കരയിലും കൊടുക്കേണ്ടിവരും: പി വി അന്‍വര്‍
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണ നല്‍കും
മലപ്പുറം | വി ഡി സതീശന്റെ അഹങ്കാരത്തിന്റെ വില പാലക്കാടും ചേലക്കരയിലും കൊടുക്കേണ്ടിവരുമെന്ന് പി വി അന്‍വര്‍ എം എല്‍ എ. വി ഡി സതീശന്റെ സ്വന്തം സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് ജയിക്കില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ കെ പി സി സിയുടെ സ്ഥാനാര്‍ഥിയല്ല. സതീശന്റെയും കൂട്ടരുടെയും മാത്രം സ്ഥാനാര്‍ഥിയാണ്. പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാലക്കാട്ട് നേരത്തെ യു ഡി എഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചത് പി സരിനെയായിരുന്നു. വി ഡി സതീശന്റെ പക്ഷപാതിത്വത്തിന്റെ ഭാഗമായിട്ടാണ് രാഹുല്‍ പാലക്കാട് സ്ഥാനാര്‍ഥിയായത്. ഇതില്‍ വലിയൊരുവിഭാഗം കോണ്‍ഗ്രസുകാര്‍ക്ക് എതിര്‍പ്പുണ്ട്. ഇന്നലെ പാലക്കാട് ചേര്‍ന്ന തെരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് പ്രതിപക്ഷ നേതാവ് തന്നെ പ്രകോപിപ്പിക്കാനായി രംഗത്തുവന്നത്. സ്വന്തം സ്ഥാനാര്‍ഥി തോല്‍ക്കുന്നതിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ ഇടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണ നല്‍കും. ഡി എം കെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ബുധനാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വി ഡി സതീശന്‍ വിഡ്ഢികളുടെ സ്വര്‍ഗലോകത്തിലാണ്. അദ്ദേഹത്തെക്കാള്‍ നന്നായി രാഷ്ട്രീയം പഠിച്ചയാളാണ് താനെന്നും അന്‍വര്‍ പറഞ്ഞു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയ്ക്ക് താന്‍ കൊടുത്ത പിന്തുണയ്ക്ക് അദ്ദേഹത്തിന്റെ അച്ചാരത്തിന്റെ ആവശ്യമില്ല. വി ഡി സതീശനുമായി ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങളും അന്‍വര്‍ വെളിപ്പെടുത്തി.