Connect with us

Kerala

വി ഡി സതീശന്റേത് ഉണ്ടയില്ലാ വെടി;മുഖ്യമന്ത്രിയുടെ ഓഫിസിന് എതിരേയുള്ള ആരോപണങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമം: കെ സുരേന്ദ്രന്‍

വി ഡി സതീശന്‍ ആളുകളെ വിഡ്ഢികളാക്കി യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുകയാണ്.

Published

|

Last Updated

പത്തനംതിട്ട |  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആര്‍ അജിത്കുമാറിനും എതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഇല്ലാതാക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. വി ഡി സതീശന്റേത് ഉണ്ടയില്ലാ വെടിയാണ്. 2023 മെയിലാണ് ആര്‍ എസ് എസ് സര്‍കാര്യവാഹും എ ഡി ജി പിയും തമ്മിലുള്ള കൂടിക്കാഴ്ച തൃശ്ശൂരില്‍ നടന്നത്. 2023 മെയ് മാസത്തില്‍ ദത്താത്രയ ഹോസബാളയും എം ആര്‍ അജിത് കുമാറും ചേര്‍ന്ന് 2024 ഏപ്രില്‍ മാസത്തില്‍ നടന്ന പൂരം അലങ്കോലപ്പെടുത്തി എന്നു പറയുന്നത് എന്ത് മണ്ടത്തരം ആണ്. ഇങ്ങനെയൊക്കെ പറയാന്‍ വി ഡി സതീശന് എന്ത് ലോജിക്കാണ് ഇതിലുള്ളത്. പൂരം കൊണ്ടാണ് മുരളീധരന്‍ പരാജയപ്പെട്ടതെന്നാണ് സതീശന്‍ പറയുന്നത്. ദയനീയമായി മൂന്നാം സ്ഥാനത്തായ സ്ഥാനാര്‍ത്ഥിയാണ് മുരളീധരന്‍. വി ഡി സതീശന്‍ ആളുകളെ വിഡ്ഢികളാക്കി യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുകയാണ്.

സി പി ഐയുടെ ആരോപണത്തിന് മറുപടി പറയേണ്ടത് സി പി എമ്മും സര്‍ക്കാറുമാണ്. സി പി ഐയുടെ ആരോപണത്തിന് എന്തെങ്കിലും ഒരു കടലാസിന്റെ വിലയെങ്കിലും പിണറായി വിജയന്‍ കല്‍പ്പിച്ചിട്ടുണ്ടോ. ബിനോയ് വിശ്വം സെക്രട്ടറി ആയതിനുശേഷം ഒരു നിലപാടും നട്ടെല്ലും ഇല്ലാത്ത പാര്‍ട്ടിയായി സി പി ഐ മാറി. അധികാരത്തിന്റെ പങ്കുവെക്കലില്‍ മത്സരിക്കുന്ന പാര്‍ട്ടിയാണ് സി പി ഐ. സി പി മ്മില്‍ ആവട്ടെ അതിലുള്ള മാഫിയ സംഘങ്ങള്‍ കമ്പാര്‍ട്ട്മെന്റ് കമ്പാര്‍ട്ട്മെന്റുകളായി തമ്മിലടിക്കുകയാണ്. സി പി എമ്മില്‍ ആര്‍ക്കും ഇനി അന്തസോടെ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. നാലു ദിവസമായി തുടരുന്ന ബി ജെ പിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവില്‍ പുതുതായി ചേര്‍ന്നവരില്‍ ഭൂരിഭാഗവും സി പി എമ്മുകാരാണ്. കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ അല്ല ബി ജെ പി പ്രവര്‍ത്തിക്കുന്നത്. സി പി എമ്മിനെ പരാജയപ്പെടുത്തി അധികാരത്തില്‍ വരാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

 

Latest