udf kerala
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഉത്തരവാദിത്തം പാര്‍ട്ടിക്കെന്ന് വി ഡി സതീശനും കെ സുധാകരനും
പത്മജ ബി ജെ പിയിലേക്ക് പോയത് സ്ഥാനാര്‍ഥി നിര്‍ണയത്തെ സ്വാധീനിച്ചിട്ടില്ലെന്ന് ഇരുനേതാക്കളും
തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം എല്ലാവരും ഒരുമിച്ച് എടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡിസതീശനും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഉത്തരവാദിത്തം പാര്‍ട്ടിക്കെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു.
പത്മജ ബി ജെ പിയിലേക്ക് പോയത് സ്ഥാനാര്‍ഥി നിര്‍ണയത്തെ സ്വാധീനിച്ചിട്ടില്ലെന്ന് ഇരുനേതാക്കളും പറഞ്ഞു. സര്‍പ്രൈസ് പട്ടികയാണ് പാര്‍ട്ടി പുറത്തിറക്കിയത്. പട്ടികയില്‍ ഒരു റിസ്‌ക്കും ഇല്ല. ഓരോ മണ്ഡലത്തിലും ഏറ്റവും അനിയോജ്യമായ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കൃത്യമായ ആലോചനക്ക് ശേഷമുള്ള പട്ടികയാണിത്. കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുന്നത് കേരളത്തിലെ നേതാക്കളുടെ ആവശ്യ പ്രകാരം എന്ന് വി ഡി സതീശന്‍ പറഞ്ഞു. ആലപ്പുഴയില്‍ മികച്ച സ്ഥാനാര്‍ഥി കെ സിയാണ്.
ഇടതുമുന്നണിയെ നിലംപരിശാക്കുന്ന സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസിന്റെതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കരുണാകരന്റെ മകള്‍ ബി ജെ പിയില്‍ പോയി എന്ന് വലിയ പ്രചാരണം കൊടുക്കുന്നത് ഇടതുമുന്നണിയാണ്. ആ ഇടതുമുന്നണിക്ക് കോണ്‍ഗ്രസ് കൊടുത്ത അടിയാണ് തൃശ്ശൂരിലെ കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം എന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.